മധു വട്ടവിള
(അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റാണ് ലേഖകന്‍)
വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പിലാക്കാന്‍ ധീരമായ തീരുമാനം എടുത്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. എന്നിരുന്നാലും അതില്‍ ചില ന്യൂനതകള്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം നിറവേറ്റപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. ഒരു വ്യക്തി പതിനെട്ട് വയസില്‍ തന്നെ സായുധ സേനയില്‍ ചേര്‍ന്ന്, സേനയില്‍ യുവത്വം നിലനിര്‍ത്തുന്നതിനായി 35-40 വയസ്സില്‍ വിരമിക്കാന്‍ നിര്‍ബന്ധിതനാകുന്നു. പതിനഞ്ച് വര്‍ഷത്തെ സേവനത്തില്‍, പ്രമോഷനോ അല്ലെങ്കില്‍ ശമ്പള കമ്മീഷന് വഴിയുള്ള വര്‍ദ്ധനവോ സൈനികര്‍ക്ക് ലഭിക്കുന്നില്ല. സിവില്‍ ജോലിയില്‍ താഴെത്തട്ടില്‍ ചേരുന്ന തത്തുല്യ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് പ്രമോഷനുകളിലൂടെയോ അല്ലങ്കില്‍ കുറഞ്ഞത് മൂന്ന് ശമ്പള കമ്മീഷനുകളില്‍ കൂടി വര്‍ധന ലഭിക്കുന്നതിലൂടെയും അവരുടെ ശമ്പളത്തില്‍ മതിയായ വളര്‍ച്ചയുണ്ടാവുന്നു. ആ ആനുകൂല്യം സൈനികര്‍ക്ക് ലഭ്യമല്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പ്രധാന കാരണവും അടിസ്ഥാനവും ഇതായിരുന്നു. സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍, നേരത്തെ വിരമിക്കാന്‍ നിര്‍ബന്ധിതനായ ഒരു സൈനികന് തൃപ്തികരമായ ജീവിതം നയിക്കാന്‍ മതിയായ സാമ്പത്തിക ഭദ്രത ആവശ്യമാണ്. അതിനാല്‍ സര്‍ക്കാരിന് അമിതഭാരം ചുമത്താതെ നേരത്തെ വിരമിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ഗ്രേഡഡ് പെന്ഷന് പദ്ധതി പിന്തുടരണം.
നിര്‍ദ്ദേശിച്ചിരിക്കുന്ന പെന്ഷന് പദ്ധതി
60 വയസ്സില്‍ വിരമിക്കുന്ന ഒരു സൈനികന് അവസാനം ലഭിച്ച ശമ്പളത്തിന്റെ 50% പെന്ഷന് നല്‍കുക. 56-60 വയസ്സിനിടയില്‍ വിരമിക്കുന്ന ഒരാള്‍ക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ 60% പെന്ഷന് നല്‍കണം. 52-56 വയസ്സിനിടയില്‍ വിരമിക്കുന്ന ഒരാള്‍ക്ക് 70 ശതമാനം പെന്ഷന് നല്‍കണം. 1973-ന് മുമ്പ് ഉണ്ടായിരുന്നതുപോലെ, 52 വയസ്സ് വരെ പ്രായമുള്ള ഒരാള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളത്തിന്റെ 75 ശതമാനം പെന്ഷന് നല്‍കണം. അടിസ്ഥാന ശമ്പളം, ഡിഎ, മിലിട്ടറി സര്‍വ്വീസ് പേ (എംഎസ്പി), ഗ്രേഡ് പേ, എക്സ് ഗ്രൂപ്പ് പേ തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സര്‍വീസ് പെന്ഷന്. അതുകൊണ്ട് തന്നെ ഇവയുടെ കുറഞ്ഞ മൂല്യം സര്‍വീസ് പെന്‍ഷനെ ബാധിക്കും. ഭൂരിഭാഗം എന്‍സിഒ ചെറുപ്രായത്തില്‍ തന്നെ വിരമിക്കുന്നതിനാല്‍, ആ സമയത്ത് അവര്‍ ശിപായി/നായിക്ക് അല്ലെങ്കില്‍ ഹവില്‍ദാര്‍ ആയിരിക്കുന്നതിനാല്‍ ശമ്പളം വളരെ കുറവായിരിക്കും. ഇത് സര്‍വീസ് പെന്‍ഷനെ ഗണ്യമായി കുറയ്ക്കുന്നു.
സര്‍വീസസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഏഴാമത്തെ സിപിസിക്ക് നല്കിയ തെറ്റായ ഡാറ്റയിലാണ് എന്‍ട്രി ലെവല്‍ പേ (ചേരുന്ന സമയത്തുള്ള ശമ്പളം) നിശ്ചയിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ യോഗ്യത എക്സ് ഗ്രൂപ്പിന് പത്താംക്ലാസ്, വൈ ഗ്രൂപ്പിന് എട്ടാം ക്ലാസ് എന്നിങ്ങനെ എന്‍ട്രി ലെവല്‍ യോഗ്യത പരിഗണിച്ച് ശിപായിയുടെ ശമ്പള മെട്രിക്സ് സിവില്‍ പ്യൂണിന് തുല്യമായി നിശ്ചയിച്ചു, അതേസമയം ഭൂരിപക്ഷം സായുധ സേനാംഗങ്ങളും പ്ലസ് 2 എന്‍ട്രി ലെവല്‍ യോഗ്യതയോടെയാണ് റിക്രൂട്ട് ചെയ്യപ്പെടുന്നത്.
മുകളില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സേനയില്‍ ചേരുമ്പോഴുള്ള ഒന്നാം റാങ്ക് അതായത് ശിപ്പായിക്ക് അടുത്ത ഉയര്‍ന്ന ശമ്പള ബാന്‍ഡ് നിശ്ചയിക്കുകയാണ് വേണ്ടത്. കൂടാതെ, എല്ലാ റാങ്കുകള്‍ക്കും പെന്ഷന് ടേബിളുകള്‍ കണക്കാക്കുമ്പോള്‍ യൂണിഫോം ഫിറ്റ്മെന്റ് ഘടകം തുല്യമാക്കണം.
സൈനിക സേവന വേതനം. എംഎസ്പി എന്നത് സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവന ജീവിതത്തെയും വിരമിച്ച ജീവിതത്തേയും ബാധിക്കുന്ന അദൃശ്യമായ നിയന്ത്രണങ്ങള്‍ക്കും ദോഷങ്ങള്‍ക്കും നല്കുന്ന ഒരു അനുബന്ധമാണ്. ഇത് ജവാന്മാര്/എന്സിഒകള്/ജെസിഒമാര്‍ എന്നിവരെ പരമാവധി ബാധിക്കുന്നു, അതിനാല്‍ അടിസ്ഥാന ശമ്പളവുമായോ റാങ്കുമായോ ബന്ധിപ്പിക്കാന്‍ കഴിയില്ല. എല്ലാ സായുധ സേനാംഗങ്ങള്‍ക്കും റാങ്കുകള്‍ പരിഗണിക്കാതെ തുല്യമായ എംഎസ്പി നല്‍കണം.
എഐസിടിഇ അംഗീകരിച്ച ടെക്നിക്കല്‍ യോഗ്യതയ്ക്ക് (ഡിപ്ലോമ) എക്സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്സ് ഗ്രൂപ്പ് പേ നല്കുന്നു. ഈ ശമ്പളം 6200 രൂപയായിരുന്നു. വണ്‍ റാങ്ക് വണ്‍ പെന്ഷന് റിവിഷന്‍ സമയത്ത് ഈ തുക ശമ്പള കണക്കുകൂട്ടലില്‍ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി, ഇത് എക്സ് ഗ്രൂപ്പ് ട്രേയിഡ്കാര്ക്ക് വീണ്ടും ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായി. യോഗ്യരായ എല്ലാ എക്സ് ഗ്രൂപ്പിനും ഒആര്‍/എന്‍സിഒ/ജെസിഒകള്ക്കും എക്സ് ഗ്രൂപ്പ് പേ നല്‍കണം.
ലഭ്യമായ ഡാറ്റ അനുസരിച്ച്, 1973-ന് മുമ്പ് എന്‍സിഒ/ജെസിഒകളുടെ പെന്ഷന് 70% ആയിരുന്നു, അത് മൂന്നാം സിപിസി പ്രകാരം 50% ആയി കുറച്ചു. 33 വര്‍ഷത്തെ മുഴുവന്‍ സേവനത്തിനും ഈ പെന്ഷന് നിരക്ക് ബാധകമാകുമെന്ന മുന്‍ വ്യവസ്ഥയും ഉണ്ടായിരുന്നു. ഈ 20% കുറവിന്റെയും 33 വര്‍ഷത്തെ മുഴുവന്‍ സേവന വ്യവസ്ഥയുടെയും ഫലം കൊണ്ട് 15 വര്‍ഷത്തെ സേവനത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട യുവ സൈനികന് തന്റെ ശമ്പളത്തിന്റെ ഏകദേശം 30% മാത്രം ആനുപാതിക പെന്‍ഷനായി ലഭിക്കുന്നു. അത് വളരെ പ്രയാസമുള്ളതാണ്. അതിനാല്‍, 1973-ന് മുമ്പ് നിലവിലുണ്ടായിരുന്ന പെന്ഷന് ശതമാനം അവസാനമായി എടുത്ത ശമ്പളത്തിന്റെ 70% ആയി പുനഃസ്ഥാപിക്കണം. പദ്ധതിയിലെ അപാകതകളെക്കുറിച്ച് പഠിക്കാന്‍ ഒരു ഏകാംഗ ജുഡീഷ്യല്‍ കമ്മിറ്റി 2015 നവംബറില്‍ രൂപീകരിച്ചു, ജസ്റ്റിസ് റെഡ്ഡി കമ്മീഷന് റിപ്പോര്‍ട്ട് 2016 ഒക്ടോബര്‍ 20-ന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വണ്‍റാങ്ക് വണ്‍ പെന്ഷന് നിഷേധിക്കല്‍
പെന്‍ഷനോട് കൂടി കുറഞ്ഞ സേവനം പൂര്‍ത്തിയാക്കി പൂര്‍ണ്ണ സേവനത്തിന് മുന്‍പ് വിരമിക്കുക എന്നത് ഗവണ്മെന്റ് അംഗീകരിച്ച വിരമിക്കല്‍ ഓപ്ഷനാണ്. വിരമിക്കല്‍ അപേക്ഷനല്‍കുന്നവര്‍ മറ്റ് ഉയര്‍ന്ന തസ്തികകളിലേക്ക് പോവനല്ല, മറിച്ച് കുടുംബപരമായ, ശാരീരികപരമായ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ്. പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാകുന്ന വണ്‍ റാങ്ക് വണ്‍ പെന്ഷന് ആനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കുക വഴി പ്രതിരോധ പെന്‍ഷന്‍കാരുടെ മറ്റൊരു പീഡിത വിഭാഗത്തെ സൃഷ്ടിക്കുകയാണ്. ഇപ്രകാരം വിരമിച്ചവരാല് സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ മൂലം കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് അവസരങ്ങള്‍ ലഭിക്കുന്നു എന്ന പ്രയോജനമുണ്ടായതായി കാണാവുന്നതാണ്. കാലക്രമേണ, ഒരേ റാങ്കിലുള്ളവര്‍ തമ്മിലുള്ള പെന്‍ഷനിലെ അസമത്വം സഞ്ചിതമായി വളരെ ഉയര്‍ന്നതായിരിക്കും, അതിന്റെ ഫലമായി വിമുക്തഭടന്മാര്ക്കിടയില് പുതിയ പരാതികള്‍ ഉണ്ടാകും. അതിനാല്‍, പൂര്‍ണ്ണ സേവനത്തിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
ഓണററി റാങ്കുകള്‍ക്കുള്ള പെന്ഷന് ഫിക്സേഷന്. ഹവില്‍ദാര്‍മാര്‍ക്ക് ഹോണി നായിബ് സുബേദാര്‍മാരുടെ (ഗ്രൂപ്പ് എക്സ്/ ഗ്രൂപ്പ് വൈ) റാങ്ക് അനുവദിച്ചതായി കാണുന്നു, എന്നാല്‍ നായിബ് സുബേദാര്‍മാരുടെ പെന്ഷന് അനുവദിച്ചിട്ടില്ല. മാതൃകാപരമായ പ്രകടനം കാഴ്ച്ചവെക്കുന്ന വളരെ കുറച്ചു പേര്‍ക്കാണ് ഓണററി റാങ്കുകള്‍ നല്‍കുന്നത്. വിരമിക്കുന്ന റാങ്കില്‍ പെന്ഷന് ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളൊന്നും അനുവദിക്കാത്തത് കടുത്ത അപാകതയാണ്. ഈ അപാകത തൃപ്തികരമായി പരിഹരിക്കണം.
പൊതുവില്‍ ലഭ്യമായ ഡാറ്റ അനുസരിച്ച്, 11.2% സൈനിക ഓഫിസേര്സും 0.8% സൈനികരും ഡിസെബിലിറ്റിപെന്ഷന് (വൈകല്യ പെന്ഷന്) ലഭിക്കുന്നു. വൈകല്യ പെന്ഷന് മെഡിക്കല്‍ കാരണങ്ങളാല്‍ പുറത്തുപോയ മുന്‍ സൈനികര്‍ക്ക് മാത്രമേ നല്‍കാവൂ. സൈനിക സേവനത്തിനിടെ സംഭവിച്ച വൈകല്യത്തിന്റെയോ പരിക്കിന്റെയോ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് വൈകല്യ ഘടകം തീരുമാനിക്കേണ്ടത്, അല്ലാതെ സേവനത്തിന്റെ റാങ്കോ ദൈര്‍ഘ്യമോ അനുസരിച്ചല്ല.
മുന്‍കാലങ്ങളിലെ ശമ്പള കമ്മീഷനുകളില്‍ വിമുക്തഭടന്മാരെ പാരാ മിലിട്ടറി സേനയിലേക്ക് ലാറ്ററല്‍ ഇന്‍ഡക്ഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു പോരാട്ട സേനയുടെ യുവത്വം നിലനിര്‍ത്തുന്നതിന് നേരത്തെ വിരമിക്കേണ്ടി വന്ന ഒരു സൈനികന് തന്റെ കുട്ടികളെ മികച്ച വിദ്യാഭ്യാസത്തോടെ വളര്‍ത്തുന്നത് ഉള്‍പ്പെടെ മാന്യമായ ഒരു ജീവിതം ആവശ്യമാണ്. അവരുടെ വിദ്യാഭ്യാസത്തിനും അനുഭവസമ്പത്തിനും ആനുപാതികമായ ജോലിയില്‍ തുടരുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ. അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും കൈകാര്യം ചെയ്തിരുന്ന ജവാന്മാര് ഹൗസിംഗ് സൊസൈറ്റികള്‍ക്ക് മുന്നിലോ ബാങ്കുകളുടെ സുരക്ഷാ ചുമതലകളിലോ നില്‍ക്കുന്നത് വളരെ സങ്കടകരമാണ്. ഇത് അദ്ദേഹത്തിന്റെ വരുമാനം കുറയ്ക്കുക മാത്രമല്ല, പൊതുജനങ്ങളില്‍ നിന്ന് അര്‍ഹിക്കുന്ന ബഹുമാനം കുറയ്ക്കുകയും ചെയ്യുന്നു. ‘ഓരോ വര്‍ഷവും ഏകദേശം 60000 സൈനികര്‍ വിരമിക്കുന്നു, എന്നാല്‍ അവരുടെ നിരവധി വര്‍ഷത്തെ സേവനത്തിനും അനുഭവത്തിനും അനുയോജ്യമായ ഒരു രണ്ടാം കരിയര്‍ ഒരു ചെറിയ ശതമാനത്തിന് മാത്രമേ ലഭിക്കുന്നുള്ളു’ എന്ന് ആര്‍മി വെബ് സൈറ്റ് പറയുന്നു. ഇവരുടെ പുനരധിവാസം പരിഹരിക്കുന്നതിന് മുമ്പത്തെ ശമ്പള കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്ത പ്രകാരം സിഎപിഎഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധസൈനിക സേനകളിലേക്ക് ഉയര്‍ന്ന ശാരീരിക നിലവാരം പുലര്‍ത്തുന്ന വിദഗ്ധരും പരിചയസമ്പന്നരുമായവരുടെ ലാറ്ററല്‍ എന്‍ട്രി ഉറപ്പാക്കണം.
നിലവില്‍, തന്റെ അവകാശങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് സേനയിലുള്ള വിരമിക്കുന്നവര്‍ക്ക് സമീപിക്കാന്‍ ഒരു അംഗീകൃത ബോഡി ഇല്ല. ഇതിന്റെ അഭാവം കൊണ്ട് തൊഴില്‍ സംവരണങ്ങള്‍ നിഷേധിക്കപ്പെടുകയും പ്രാദേശിക രാഷ്ടിയ ശക്തിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന പോലീസ് അധികാരികള്‍ ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്നു. വിമുക്ത ഭടന്മാരുടെ ജോലിയുള്‍പ്പെടെയുള്ള റിസര്‍വേഷന്‍ കാര്യങ്ങള്‍, മറ്റ് പരാതികള്‍ എന്നിവ പരിഹരിക്കാന്‍ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഒരു ദേശീയ വിമുക്തഭട കമ്മീഷന് രൂപീകരിക്കണം. ഈ കമ്മീഷനില്‍ ഓഫീസര്‍മാരില്‍ നിന്നും മറ്റ് റാങ്കുകളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യം ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: