സ്വാമി സുകുമാരാനന്ദ
(ആനന്ദാശ്രമം, തിരുമല)
ഒരുദിവസം യമദേവന് ഒരു മഹര്‍ഷിയുടെ വേഷത്തില്‍ അയോദ്ധ്യയിലെത്തി. ലക്ഷ്മണനോട് പറഞ്ഞു. ‘ഹേ ബുദ്ധിമാന്, മഹര്‍ഷി അതിബലന്റെ ഒരു ദൂതന് അങ്ങയെ കാണാന്‍ വന്നിരിക്കുന്നുവെന്ന് രാമനോട് ചെന്നുപറയുക. എനിക്ക് മഹര്‍ഷിയുടെ സന്ദേശം അദ്ദേഹത്തോടു പറയാനുണ്ട്.’ ലക്ഷ്മണന് അതിവേഗം രാമന്റെ അടുത്തെത്തി വിവരം അറിയിച്ചു. മുനിയെ വേഗം അകത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ രാമന് നിര്‍ദ്ദേശം നല്കി. ലക്ഷ്മണന് അഗ്നിപോലെ തേജസ്സുള്ള ആ മുനിയെ സ്വീകരിച്ച് അകത്തേക്കു കൊണ്ടുപോയി. രാമന് യഥാവിധി പൂജിച്ച് അദ്ദേഹത്തോട് കുശലാന്വേഷണം നടത്തി. ‘അങ്ങിപ്പോള്‍ എന്തിനാണു വന്നതെന്നു പറഞ്ഞാലും.’ ഇതുകേട്ട് മഹര്‍ഷി പറഞ്ഞു. ‘ഞാന്‍ വന്നകാര്യം രഹസ്യമാണ്. മറ്റാരും കേള്‍ക്കാന്‍ പാടില്ല. അത് ആരോടും പറയുകയുമരുത്. അതിനാല്‍ നാം തമ്മില്‍ സംസാരിക്കുമ്പോള്‍ ആരെങ്കിലും ഇവിടെ കയറിവന്നാല്‍ അയാളെ അങ്ങു വധിക്കണം.’ രാമന് സമ്മതിച്ചു. ലക്ഷ്മണനോടു പറഞ്ഞു.
‘ലക്ഷ്മണാ, നീ വാതില്ക്കല് നില്‍ക്കണം. ഇവിടെ ഞങ്ങള്‍ സംസാരിക്കുന്നിടത്തേക്ക് ആരും വരാന്‍ പാടില്ല. അഥവാ വന്നാല്‍ ഞാന്‍ അയാളെ വധിക്കും. സംശയമില്ല.’ ഇങ്ങനെ ലക്ഷ്മണനെ മുറിക്കു പുറത്തു കാവല്‍ നിര്‍ത്തിയിട്ട് രാമന് ചോദിച്ചു. ‘ഇനി വന്നകാര്യം എന്നോടു പറയുക.’ അപ്പോള്‍ മുനിവേഷധാരിയായ യമന്‍ പറഞ്ഞു. ‘ബ്രഹ്മദേവന് ഇങ്ങോട്ടു പറഞ്ഞയച്ചു വന്ന ഞാന്‍ യമനാണ്. ബ്രഹ്മദേവന് പറഞ്ഞിരിക്കുന്നു, ഹേ മഹാമതേ! ഇപ്പോള്‍ അങ്ങ് സ്വര്‍ഗ്ഗലോകം സംരക്ഷിക്കേണ്ട സമയമായിരിക്കുന്നു. പൂര്‍വ്വകാലത്ത് അങ്ങുമാത്രമാണ് അവശേഷിച്ചിരുന്നത്. പിന്നെ തന്റെ പത്നിയായ മായാദേവിയുടെ സംഗമത്താല്‍ എന്നെയും ജലത്തില്‍ ശയിക്കുന്ന അനന്തനേയും മായകൊണ്ട് അങ്ങാണ് സൃഷ്ടിച്ചത്. മഹാബലവാന്മാരായ മധു കൈടഭന്‍ എന്നീ അസുരന്മാരെ അങ്ങു വധിച്ചു. അവരുടെ അസ്ഥിയും മേദസ്സുംകൊണ്ട് ഈ ഭൂമിയെ സൃഷ്ടിച്ചു. അതുകഴിഞ്ഞ് നാഭിയില്‍ നിന്നും പ്രകടമായ കമലത്തില്‍ സൂര്യനോടൊപ്പം എന്നെ സൃഷ്ടിച്ച് പ്രജാപതിയാക്കിയിട്ട് സൃഷ്ടിയുടെ സകലഭാരവും എന്നെ ഏല്പിച്ചു. എന്റെ വീര്യത്തെ നശിപ്പിക്കുന്നവരില്‍ നിന്നും എന്നെ രക്ഷിക്കാന്‍ വേണ്ടി അങ്ങ് കാശ്യപാശ്രമത്തില്‍ വാമനമൂര്‍ത്തിയായ വിഷ്ണുഭഗവാനായി പ്രത്യക്ഷനായി. രാക്ഷസന്മാരെ നശിപ്പിച്ച് ഭൂതലത്തെ രക്ഷിക്കുന്നതിനായി അങ്ങ് മര്‍ത്യലോകത്തില്‍ രാമനായി അവതരിച്ചു. ഈ ഭൂതലത്തില്‍ പന്തീരായിരം വര്‍ഷം വസിക്കുന്നതിന് അങ്ങു നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ ആ കാലം പൂര്‍ത്തിയായി. ഇപ്പോല്‍ കാലന് തമോരൂപിയായി അങ്ങയെ സമീപിച്ചിരിക്കുന്നു. ഇനിയും കുറെക്കാലം കൂടി ഇവിടെ കഴിയാനാണ് ഉദ്ദേശ്യമെങ്കില്‍ അങ്ങനെയാകട്ടെ. അല്ലെങ്കില്‍ മടങ്ങിയെത്തി ദേവന്മാരെ സനാഥരാക്കുക. അങ്ങേക്ക് ശുഭം ഭവിക്കട്ടെ. ഇങ്ങനെയാണ് ബ്രഹ്മദേവന് പറഞ്ഞുവിട്ടത്.’
ഇതുകേട്ട് ശ്രീരാമന് യമനോടു പറഞ്ഞു. ‘നിങ്ങള്‍ പറഞ്ഞകാര്യം അത്യന്തം പ്രിയങ്കരമാണ്. എനിക്കു വളരെ സന്തോഷമായി. മൂന്നുലോകങ്ങളെയും രക്ഷിക്കുന്നതിനാണ് ഞാന്‍ അവതരിച്ചത്. എന്റെ അവതാരലക്ഷ്യം പൂര്‍ത്തിയായി. മനോരഥങ്ങളെല്ലാം സാധിച്ചു. ഇനിപുറപ്പെട്ട സ്ഥാനത്തേക്ക് ഞാന്‍ മടങ്ങിപ്പോകുകയാണ്.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: