മുരളീധരന് പട്ടാനൂര്
ആത്മസാരത്തിന്റെ അതീത പ്രത്യയങ്ങള്‍, തെളി താരകങ്ങളായി മുത്തൊളി തൂകുന്ന കവന രത്നങ്ങള്‍! എന്റെ ഗുരുവായ ഡോ. കൂമുള്ളി ശിവരാമന് സാറിന്റെ ‘മായിക’ത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതാണനുഭവപ്പെട്ടത്. ചിത്രപതംഗത്തിന്റെ ചിറകടികള്‍ കേള്‍ക്കുന്ന, ബോധി വിടര്‍ത്തുന്ന ആകാശത്തില്‍ തഥാഗതനെന്നപോലെ അദ്ദേഹം പഴംവാക്കില് നവമായ അര്‍ത്ഥം ആവിഷ്ക്കരിക്കുന്നു. അസ്തിത്വത്തിന്റെ അകംപൊരുള്‍ കണ്ടെത്തുന്നു.
കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു വലിയ കവിമൊഴികളും, അക്കിത്തത്തിന്റെ ആര്ഷവും മാനവികവുമായ ആത്മദര്‍ശനവും പരമ്പരാഗത കവിതകളിലെ വിശുദ്ധമായ പ്രണയ പ്രപഞ്ചവുമെല്ലാം ശിവരാമ കവിതയെ മംഗളാരാമമാക്കുന്നു. കാച്ചിക്കുറുക്കിയ ഓരോ വാക്കും കരളില്ത്തട്ടുമ്പോള് മധുനിഷ്യന്ദിയായിത്തന്നെ അറിയുന്നു നാം. ശുഭകരമായ ഒരു മനോലോകത്തിലേക്കു നയിക്കുന്നവയത്രേ ശിവരാമ വചനങ്ങള്‍. മാഷിന്റെ വാക്കുകള്‍ അവ്യാഖ്യേയവും അനൂഹ്യവുമായ വഴികളിലൂടെയാണ് കവിതകളിലും ലേഖനങ്ങളിലും സഞ്ചരിക്കുന്നത് എന്നു തോന്നാറുണ്ട്. എന്നാല്‍ അവയില്‍ നിറയുന്ന അകപ്പൊരുള്‍ അനുവാചകനെ സ്പര്ശിക്കാതിരിക്കില്ല. അദ്ദേഹത്തിന്റെ രചനയുടെ സവിശേഷതയും അതു തന്നെ.
കൊച്ചു കൊച്ചു ഖണ്ഡങ്ങളായി വാര്‍ന്നു വീഴുന്ന വരികള്‍ സ്വയം പൂര്ണങ്ങളായി നിലകൊള്ളുന്നു. പ്രണയത്തിന്റെ രാഗസുധയും ആദ്ധ്യാത്മികതയുടെ ബോധനിലാവും അവയ്ക്കിടയിലുള്ള മായാപ്രപഞ്ചത്തിന്റെ അനന്താനുഭൂതികളും മഞ്ഞുതുള്ളിയില്‍ സൂര്യതേജസ്സെന്ന പോലെ പ്രതിബിംബിക്കുകയാണിവിടെ. അവ നിഴലാണ്ട മനോഗര്ത്തങ്ങളില് പൂര്‍ണിമ വിടര്‍ത്തുന്നു. ചിത്രകാരനായ കവിയുടെ വരകളും വരികളും വിരിയുമ്പോള്‍ ഉണ്ടാവുന്ന വിസ്മയക്കാഴ്ചകള്‍ ആ അദൈ്വതപ്പൊരുളിലേക്ക് വായിക്കുന്ന ആളെ നയിക്കുന്നു ”ഭദ്രേ കാലത്തിന് വിശാല ഫാലസ്ഥലത്തില്പ്പൊടിഞ്ഞടര്ന്നുവീഴാന് നില്ക്കുമൊരു വേര്‍പ്പു തുള്ളിയേ പ്രപഞ്ചം” എന്ന ദര്‍ശനം കവിക്കു കിട്ടുന്നുണ്ട്.
മഞ്ഞിന് മലയൊന്നു കാണാം മഞ്ഞണിക്കുന്നില് കരേറാം എന്ന കൊച്ചു കൗതുകങ്ങളുടെ നേര്‍വിചാരങ്ങള്‍ മുതല്‍ ”ആലോല തരംഗത്തിന്നതീതമീയാകാശ ഗീതകം, അരുതീ ഗാനസാമ്രാജ്യത്തിന്നതിരുപങ്കിടാന്” എന്ന നിരീക്ഷണങ്ങള്‍ വരെ അലയടിക്കുന്നുണ്ട് കവിതയില്‍. നേര്വായനക്കുള്ള ഈ വരികളെ ഉദ്ധരിച്ചു വിശദമാക്കേണ്ടതില്ല.
ലൗകിക പ്രേമവും ഭാഗവത ദര്‍ശനവും വേദമന്ത്രവും ഓംകാരപ്പൊരുളും തഥാഗത ബോധി യുമെല്ലാം അക്ഷരങ്ങളിലൂടെ സാക്ഷാത്കാരം നേടുമ്പോള്‍ കാലാതീതമായ കവന രത്നങ്ങള്‍ സപ്തവര്ണോജ്വലമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: