മയ്യില്‍ (കണ്ണൂര്‍): സിപിഎം യാത്രയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരമറിയുമെന്ന് വനിതാ പഞ്ചായത്തംഗത്തിന്റെ ഭീഷണി. മയ്യില്‍ പഞ്ചായത്തിലെ വനിതാ വാര്‍ഡ് മെമ്പറാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം അയച്ചത്.
തളിപ്പറമ്പിലാണ് യാത്രയുടെ സ്വീകരണമെന്നും ജോലിയില്ലാത്തതിനാല്‍ എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞ മെമ്പര്‍ മറ്റ് വാര്‍ഡുകളില്‍ ജോലിയുണ്ടായിട്ടും എല്ലാവരും അവധിയാക്കി പരിപാടിയില്‍ പങ്കെടുത്തുവെന്നും വാര്‍ഡിലുള്ളവര്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്തദിവസം മുതല്‍ തൊഴിലെടുക്കണമോയെന്ന് ഞാന്‍ തീരുമാനിക്കുമെന്നുമാണ് സന്ദേശം. മയ്യില്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇത്തരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും സിപിഎമ്മിനകത്തെ വിഭാഗീയതയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന യാത്രയില്‍ ജനപങ്കാളിത്തം കുറയ്‌ക്കുമെന്ന ആശങ്കയിലാണ് ഇത്തരത്തിലുള്ള ഭീഷണിയെന്നാണ് സൂചന. സമാനമായി രീതിയില്‍ പലഭാഗത്തും ഇത്തരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതായി സൂചനയുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ജാഥയില്‍ പങ്കെടുക്കാതെ മാറി നിന്നതിനാല്‍ ഒരു വിഭാഗം വിട്ട് നില്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പരമാവധി ആളുകളെ എത്തിക്കാന്‍ പാര്‍ട്ടിനേതൃത്വം എല്ലാ മേഖലയിലുള്ളവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണ് പഞ്ചായത്തംഗത്തിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: