ഒരു നൂറ്റാണ്ട്. കലിതുള്ളിയ കാലവര്‍ഷം. മിക്കവര്‍ഷവും വെള്ളപ്പൊക്കം. സാംക്രമികരോഗങ്ങള്‍, പട്ടിണി, വരള്‍ച്ച അങ്ങിനെ ഒട്ടേറെ ദുരിതങ്ങള്‍ കണ്ടു. രാജഭരണം, വെള്ളക്കാരുടെ വിളയാട്ടം, അംശം അധികാരിമാര്‍, പലതരം പോലീസുകാര്‍, നാട്ടുകൂട്ടത്തിന്റെ കോടതിയും മജിസ്ട്രേറ്റ് കോടതിയും ന്യായങ്ങള്‍ കണ്ടെത്തി വിധികള്‍ വന്നു. ഓണം, വിഷു, തിരുവാതിര, വാരം, പൂരം അങ്ങിനെ നാട്ടുത്സവങ്ങള്‍ പൊടിപൊടിച്ചു നടന്നു. അതിനെല്ലാം സാക്ഷിയായ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിക്ക് നൂറാം വയസ് പൂര്‍ത്തിയാവുകയാണ്.
പാലായില്‍ പുലിയന്നൂര്‍ മഹാദേവന്റെ പൂജാരിമാരാണ്. മഹാരാജാവിന്റെ കാലത്ത് ക്ഷേത്രം പണി തീര്‍ന്ന കാലത്തുതന്നെ ശാന്തിയുടെ ചുമതലയും മുണ്ടക്കൊടിക്കാര്‍ക്ക് നല്‍കി. കണ്ണൂര്‍ മയ്യില്‍ ദേശത്തെ മുല്ലക്കൊടി ഇല്ലത്തെ ഒരു നമ്പൂതിരിയെ തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റെ പൂജ നിര്‍വഹിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാന്‍ ക്ഷണിച്ചുവരുത്തി. അക്കൂട്ടത്തില്‍നിന്ന് ഒരാളെ പുലിയന്നൂര്‍ മേല്‍ശാന്തിയായും അവരോധിച്ചു. ആ പരമ്പര പാലായിലുണ്ട്.
ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ വിഷ്ണുനമ്പൂതിരി മാത്രമേ ആ താവഴിയിലുള്ളൂ. ദാമോദരന്‍ നമ്പൂതിരി സംഗീതജ്ഞനാണ്. കുമാരനല്ലൂര്‍ ഭഗവതിയെ തൊഴുത് രാഗമാലികയില്‍ ഒരു ശ്ലോകം ചൊല്ലി നമസ്‌കരിച്ചു. അത് കേട്ടുനിന്ന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്‌കൂളില്‍ വാധ്യാരാവാമോ എന്ന് ചോദിച്ച് കിട്ടിയ കടലാസില്‍ ജോലി സ്ഥിരപ്പെടുത്തി ഓര്‍ഡറിട്ടു. വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി. അതിനാ
ല്‍ കുട്ടികളെയും സ്‌കൂളില്‍ പഠിപ്പിച്ചു. തീണ്ടലും അയിത്തവും മറ്റും കുടികുത്തി വാഴുന്ന കാലത്താണ് നമ്പൂതിരിക്കുട്ടികള്‍ സ്‌കൂളില്‍ പോയത്. അതിന്റെ ഗുണം ഇവര്‍ക്കെല്ലാം ലഭിച്ചു. വിഷ്ണു ഏഴാം ക്ലാസു ജയിച്ചു. തുടര്‍ന്നു പഠിക്കാന്‍ മോഹമുണ്ടെങ്കില്‍ അധ്വാനിച്ച് പഠിക്കണം. അച്ഛന്‍ തീര്‍ത്തു പറഞ്ഞു. ഹിന്ദി വിദ്വാന്‍ പാസായി. അക്കാലത്ത് പഠിച്ച സ്‌കൂളില്‍ അധ്യാപകനായി. ഒരു മാനേജ്മെന്റ് സ്‌കൂളില്‍. പതിനാല് രൂപ ശമ്പളം. പകുതി സര്‍ക്കാരിന്റേയും ബാക്കി മാനേജ്മെന്റും. ശമ്പളം അങ്ങനെയാണ് നിശ്ചയിച്ചിരുന്നത്. പതിനാലു രൂപ കിട്ടി എന്ന് എഴുതി ഒപ്പിട്ടു കഴിഞ്ഞാല്‍ ആകെ അഞ്ച് രൂപ ഉള്ളംകയ്യില്‍ വച്ചുകൊടുക്കും. ഇത് ശരിയാവില്ല എന്ന് പറഞ്ഞു. കുറച്ചുകാലം പിന്നിട്ട് സ്‌കൂള്‍ വിട്ടു.
തിരുവല്ലയില്‍ ശാന്തി സ്‌കൂള്‍ ആരംഭിച്ച കാലം. പതിനേഴാം വയസില്‍ അവിടെ വിദ്യാര്‍ത്ഥിയായി. ഒന്നാം റാങ്കില്‍ പാസായി. ദേവസ്വം ബോര്‍ഡിലടക്കം ഒട്ടേറെ ക്ഷേത്രത്തില്‍ തന്ത്രിസ്ഥാനം വഴിയേ ലഭിച്ചു.
ശബരിമലയില്‍ സഹോദരീഭര്‍ത്താവ് നരമംഗലം മേല്‍ശാന്തിയായി. സഹായിയായി പോകേണ്ടിവന്നു. അത് വലിയ അനുഭവമായി. മാസപൂജക്കിടെ മേല്‍ശാന്തിക്ക് മുടക്ക് വന്നു. അങ്ങനെ ശബരിഗിരീശന് പൂജ നിര്‍വഹിക്കുവാന്‍ വിഷ്ണുനമ്പൂതിരിക്ക് സാധിച്ചു. അനവധിതവണ നെയ്യഭിഷേകം നടത്തി പൂര്‍വ്വീകപുണ്യംതന്നെയായിരുന്നു. മേല്‍ശാന്തിയാകുവാന്‍ അക്കാലത്ത് ദേവസ്വത്തിന്റെ വലിയ നിയന്ത്രണമില്ലാത്ത കാലം. പന്തളത്ത് തമ്പുരാനാണ് അധികാരം. ഒരുവര്‍ഷക്കാലമല്ല അന്നൊക്കെ മൂന്നും നാലും വര്‍ഷം മേല്‍ശാന്തിയായി തുടരും.
പനമറ്റം എന്ന സ്ഥലത്ത് വിഷ്ണുനമ്പൂതിരി മേല്‍ശാന്തിയായി. നിരവധിവര്‍ഷം തുടര്‍ന്നു. അക്കാലത്താണ് ശബരിമലയില്‍ പൂജ ചെയ്തതും. പനമറ്റത്ത് കുറച്ചു സ്ഥലവും കെട്ടിടവും പണിതു. ഇല്ലത്തെ ചുമതലയുള്ള പുലിയന്നൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകേണ്ടിവന്നു. അരനൂറ്റാണ്ടുകാലം. പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറക്കണം. എഴുപത് വയസുവരെ അതു ചെയ്തു. ഇപ്പോള്‍ മകന്‍ വിഷ്ണുവാണ് അവിടുത്തെ ശാന്തി നിര്‍വഹിക്കുന്നത്. വിവിധ ക്ഷേത്രത്തിലെ കലശാദികള്‍ക്ക് നേതൃത്വം വഹിച്ചു. ധ്വജപ്രതിഷ്ഠകള്‍ വേറെയും. ഈ രംഗത്ത് നിരവധി ശിഷ്യഗണങ്ങള്‍ മുണ്ടക്കൊടിക്കുണ്ട്.
ശ്രീവിദ്യ ഉപാസകരാണീ കുടുംബക്കാര്‍. ശിഷ്യര്‍ക്കായി ആദ്യം നല്‍കുന്ന ഉപദേശവും ഇതുതന്നെയാണ്. അനന്തപുരം ക്ഷേത്രത്തില്‍ ഇവരുടെ പൂര്‍വികര്‍ ശാന്തി കഴിച്ചിരുന്നതായി പറയപ്പെടുന്നു. (ഈയിടെ മുതലയുടെ സമാധി നടന്ന ക്ഷേത്രം). അതാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലും ഇവര്‍ എത്തിച്ചേര്‍ന്നത്.
മക്കളെ ഏറെ സ്നേഹിച്ചിരുന്ന അച്ഛന്‍ എവിടേയ്‌ക്കും ഞങ്ങളെ കൊണ്ടുപോകുമെന്ന് മകള്‍ പത്മിനി പറയും. പനമറ്റത്ത് വായനശാലയില്‍നിന്നും ധാരാളം പുസ്തകം വാങ്ങി വായിച്ചിരുന്നു. വാര്‍ഷികത്തില്‍ ഏറെതവണ നാടകത്തില്‍ അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ മനയില്‍ നിന്ന് വിവാഹം ചെയ്തു. അമ്മുക്കുട്ടി അന്തര്‍ജനമാണ് ഭാര്യ. അവര്‍ അഞ്ചുവര്‍ഷം മുമ്പ് 87-ാം വയസിലാണ് ദിവംഗതയായത്.
മൂത്ത മകന്‍ ദാമോദരന്‍. അദ്ദേഹവും തന്ത്രത്തിന്റെ ചുമതല നിര്‍വഹിക്കുന്നു. രാമന്‍, വിഷ്ണു, ലീലാമണി, പത്മിനി, ജയന്തി എന്നിവര്‍ മക്കളാണ്. കൊല്ലവര്‍ഷം 1098 ല്‍ കുംഭത്തിലെ ഉത്രട്ടാതിയില്‍ ജനിച്ചു. തൊട്ടടുത്ത വര്‍ഷമായിരുന്നു 99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്. ആറുവര്‍ഷം കഴിഞ്ഞ് അതുപോലെ ഒന്നുകൂടി വന്നു. അതില്‍ വഞ്ചി തുഴഞ്ഞ് കളിച്ച കാര്യം നമ്പൂതിരി പറഞ്ഞു. 99 ല്‍ അടുക്കളയില്‍വരെ വെള്ളം എത്തി.
ഒരു കാലഘട്ടത്തിന്റെ കഥകളും ഒട്ടേറെ ചരിത്രവും നിറഞ്ഞ മനസ്സോടെ കാത്തിരുന്ന് കണ്ട വിശാലമനസ്സുള്ള വിഷ്ണു നമ്പൂതിരി യുഗപുരുഷനാണ്. ഓര്‍മകള്‍ വിടാതെ സൂക്ഷിക്കയും ദേശനാഥന്മാരേയും അവിടുത്തെ നാട്ടുകാരേയും തിരിച്ചറിയുവാന്‍ ഇന്നും പ്രാപ്തനാണ് ഇദ്ദേഹം. പലര്‍ക്കും ഉപദേശങ്ങള്‍ നല്‍കി ദേവചൈതന്യത്തെ വര്‍ധിപ്പിക്കുവാനും, ജപത്തിന്റെ ഉറപ്പിന്മേല്‍ സാധനാശക്തി നേടിയ ആ തേജസ്വിക്ക് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: