പാലക്കാട്: കര്‍ഷകരെ കടക്കാരാക്കുന്ന കേരളാ ബാങ്കിന്റെ നടപടി പിന്‍വലിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു. നെല്‍കര്‍ഷകരില്‍ നിന്ന് ഒന്നാംവിളയുടെ നെല്ല് നാലുമാസം മുമ്പ് സപ്ലൈകോ സംഭരിച്ചെങ്കിലും നാളിതുവരെ പലിശപോലും നല്‍കിയിട്ടില്ല. ഇപ്പോള്‍ കര്‍ഷകരെ കുടുക്കുന്ന നിബന്ധനകള്‍ വെച്ച് പണം നല്കുവാന് തുടങ്ങിയിരിക്കുകയാണ്. കര്‍ഷകരുടെ സിബില്‍ സ്കോറിനെപ്പോലും ബാധിക്കുന്ന വിധം കടക്കെണിയിലാക്കി പിആര്‍എസ് വായ്പ ഉടമ്പടിയും പ്രോനോട്ടും ഒപ്പിട്ടുനല്‍കിയാല്‍ മാത്രമെ വില നല്‍കൂ എന്ന നിലപാടിലാണ് കേരളാ ബാങ്ക്.
ശാഖയില്‍നിന്ന് വായ്പയായി നിശ്ചിത തുക കൈപ്പറ്റിയിരിക്കുന്നുവെന്നും ഈ തുക 12 മാസത്തിനുള്ളില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് തിരിച്ചടക്കാത്തപക്ഷം സ്വന്തം ഉത്തരവാദിത്വത്തില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടക്കണമെന്ന നിബന്ധനയാണ് പിആര്‍എസ് വായ്പാ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ളത്. ഇതിനോടൊപ്പം 8.5 ശതമാനം നിരത്തില്‍ പലിശയോടെ കേരള ബാങ്ക് ആവശ്യപ്പെടുന്ന സമയത്ത് തിരിച്ചടക്കാന്‍ ബാധ്യസ്ഥനാണെന്ന് സമ്മതിക്കുന്ന പ്രോനോട്ടാണ് ഒപ്പിടിച്ച് വാങ്ങിക്കുന്നത്.
കര്‍ഷകരെ കടക്കെണിയിലാക്കുന്ന ഇത്തരം നിബന്ധനകള്‍ ഒഴിവാക്കണമെന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്കാന് നടപടി വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി. കേരളദാസന്‍, സെക്രട്ടറി വി. പ്രഭാകരന്, വി. പ്രവീണ്‍, കെ. പ്രമോദ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: