ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനും കോച്ചുകളും ലൈംഗികചൂഷണം നടത്തുന്നെന്ന് ആരോപിച്ച് ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരപ്പന്തലിലേക്ക് ബിജെപി നേതാവ് കൂടിയായ ബബിത ഫൊഗാട്ട് എത്തി. ഗുസ്തി താരമായ ബബിത ഫൊഗാട്ട് സമരത്തില്‍ പങ്കെടുക്കുന്ന സഹോദരി വിനേഷ് ഫൊഗാട്ടിനെ കണ്ടു. ഒപ്പം സാക്ഷി മാലിക്കിനെയും ബജ്റംഗ് പൂനിയയെയും കണ്ടു.
സര്‍ക്കാരിന്റെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും തീര്‍ച്ചയായും താന്‍ സമരക്കാര്‍ക്കൊപ്പമാണെന്നും ബബിത ഫൊഗാട്ട് പറഞ്ഞു. സമരത്തെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ സമരമാക്കാന്‍ എത്തിയ സിപിഎം നേതാവായ ബൃന്ദ കാരാട്ടിനെ സമരത്തില്‍ പങ്കെടുക്കുന്ന ഗുസ്തിതാരങ്ങള്‍ ജന്തര്‍മന്തറിലെ സ്റ്റേജില്‍ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടതോടെ സമരം ഒത്തുതീരാനുള്ള സാധ്യത കൂടുന്നു.
സമരക്കാരുമായി വിശദമായി സംസാരിച്ചശേഷം കേന്ദ്രസര്‍ക്കാരുമായി താന്‍ സംസാരിക്കുമെന്നും ഉടനെ മടങ്ങിവരാമെന്നും പറഞ്ഞാണ് ബബിത ഫൊഗാട്ട് മടങ്ങിയത്.
റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ചാണ് ഗുസ്തിതാരങ്ങള്‍ സമരം തുടങ്ങിയത്. സമരത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ സമരപന്തലില്‍ നിശ്ശബ്ദ കുത്തിയിരിപ്പ് സമരം നടത്താനെത്തിയിരുന്നു.
റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനായ ബ്രിജ് ഭൂഷണ് ശര്‍മ്മയ്ക്കെതിരെയാണ് താരങ്ങള്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. നിരവധി വനിതാ ഗുസ്തി താരങ്ങളെ ദേശീയ ക്യാമ്പുകള്‍ നടക്കുമ്പോള്‍ കോച്ചുകളും റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനായ ബ്രിജ് ഭൂഷണ് ശര്‍മ്മയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഗുസ്തിതാരം വിനേഷ് ഫോഗാട്ട് ആരോപിച്ചത്. എന്നാല്‍ താന്‍ ആരെയും പീഢിപ്പിച്ചില്ലെന്നും ഒരു പിടി ബിസിനസ് ഗ്രൂപ്പുകള്‍ സര്‍ക്കാരിനെ താറടിക്കാനാണ് സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന നിലപാടിലാണ് ബ്രിജ് ഭൂഷണ് ശര്‍മ്മ.
അതേ സമയം ബ്രിജ് ഭൂഷണ് ശര്‍മ്മ ഒരു വനിതാ ഗുസ്തിതാരത്തെയും ലൈംഗികമായി ചൂഷണം ചെയ്തതായി താന്‍ കണ്ടിട്ടില്ലെന്ന് ഒരു ഗുസ്തിതാരമെന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിനിടയില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ദിവ്യ കോക്റാന്‍ എന്ന മറ്റൊരു ഗുസ്തിതാരവും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ഗുസ്തിതാരങ്ങള്ക്കിടയിലും ചേരിതിരിവ് വ്യാപകമാവുകയാണ്. പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമെന്നത് തന്നെയാണ് പ്രതീക്ഷ.
ഇപ്പോഴത്തെ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയെ പുനസംഘടിപ്പിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.അതിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്പ്പുണ്ടാക്കുമെന്നാണ് ബബിത ഫൊഗാട്ട് നല്കുന്ന വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: