തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഇത്തവണ പെരുവനം കുട്ടന് മാരാര്‍ ഉണ്ടാകില്ല. പകരം വരുന്നത് കിഴക്കൂട്ട് അനിയന് മാരാര്‍. പുതിയ പ്രമാണി വരുന്നതോടെ പെരുവനത്തിന്റെ 24 വര്‍ഷം നീണ്ട മേള പ്രമാണിത്തത്തിനാണ് വിരാമമാകുന്നത്. അനിയന് മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. എന്നാല്‍, ബോര്‍ഡുമായി പെരുവനം കുറച്ചുനാളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. ദേവസ്വം പട്ടികയില്‍ ഉള്‍പ്പെടാത്ത മകനെ കഴിഞ്ഞ ദിവസം നടന്ന രാത്രിമേളത്തില് മുന്‍നിരയില്‍ നിര്‍ത്തിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു. മകനെ പിന്നിലെ നിരയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ പെരുവനം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതാണ് പെട്ടന്ന് പെരുവനത്തെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
കലാകാരന്മാര്ക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നല്‍കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 78 വയസ്സായ കിഴക്കൂട്ട് അനിയന് മാരാര്‍ക്ക് പ്രമാണി സ്ഥാനത്ത് അവസരം നല്കാന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിയത്. ഇലഞ്ഞിത്തറ മേളത്തിന് പുറമെ കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയാണ് പെരുവനം കുട്ടന് മാരാര്‍. ഭാരത സര്‍ക്കാര്‍ 2011ല്‍ പത്മശ്രീ നല്കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
കിഴക്കൂട്ട് അനിയന് മാരാര്‍ 1961 മുതല്‍ പൂരത്തിനുണ്ട്. അതായത് ഏകദേശം നാല്‍പ്പത് വര്‍ഷമായി അദ്ദേഹം പൂരമേളത്തില്‍ പങ്കാളിയാണ്. 2005ലെ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിനും 2012ലെ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും അദ്ദേഹം പ്രമാണിയായിരുന്നു. തന്റെ പതിനേഴാം വയസിലാണ് അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന്റെ മുന്‍നിരയല്‍ കൊട്ടിത്തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: