കഴിഞ്ഞ മണ്ഡലക്കാലത്ത് തലശ്ശേരിയിലെ അവധൂത അമ്മയെ കാണാന്‍ ഒരു യാത്ര പോയിരുന്നു. ഇത്തവണ പ്രത്യേകമായി ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. എന്നാല്‍ നമ്മള് എവിടെയെങ്കിലും എത്തേണ്ടതുണ്ടെന്ന് പ്രകൃതി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കാതെ പോകില്ലല്ലോ ? ഇത്തവണ അവിചാരിതമായി യാത്ര ചെയ്തത് വയനാട്ടിലേയ്ക്കാണ്. കല്‍പ്പറ്റയില്‍ നിന്നും പതിനഞ്ചു കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന നീരൂര്‍ ശിവക്ഷേത്രത്തിലേയ്ക്കായിരുന്നു എത്തിപ്പെട്ടത്. ജനുവരി ഒന്ന് രണ്ട് മൂന്ന് തിയതികളില്‍ അവിടെ സംഘടിപ്പിച്ചിരുന്ന വേദപാരായണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയത് ദൈവനിയോഗം. താമസത്തിനും യാത്രയ്ക്കുമെല്ലാമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നു പറഞ്ഞു കൊണ്ട് സഹോദര തുല്യനായ കൃഷ്ണകുമാര്‍ സാര്‍ സ്നേഹപൂര്‍വ്വം വിളിച്ചപ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിഞ്ഞില്ല. പഠനകാലം മുതലേ അറിയുന്ന ആളാണ്. കോളേജില്‍ സീനിയറായിരുന്നു. കല്‍പ്പറ്റയില്‍ കാപ്പിത്തോട്ടം ഉള്‍പ്പെടെ ചില സംരംഭങ്ങള്‍ അദ്ദേഹത്തിനുണ്ട്.
വളരെ ശാന്തിയും സ്വച്ഛതയും നിറഞ്ഞു നില്ക്കുന്ന പ്രദേശം. ആഡംബരങ്ങള്‍ ഏതുമില്ലാത്ത ഒരു ഗ്രാമീണ ക്ഷേത്രം. കുരുത്തോലകളും മറ്റും കൊണ്ട് പരിസരമാകെ അലങ്കരിച്ചിരിയ്ക്കുന്നു. പ്രധാന ക്ഷേത്രത്തില്‍ ശ്രീപരമേശ്വരനും, ഉപദേവതകളായി ഗണപതിയും, ഭദ്രകാളിയും. ക്ഷേത്രാങ്കണത്തിലുള്ള തുറന്ന ഹാളില്‍ ചെറിയൊരു വേദി ഒരുക്കിയിരിയ്ക്കുന്നു. കളിമണ്ണു കൊണ്ട് പടികളും, ചായം തേച്ച് ചിത്രപ്പണികളും ചെയ്ത് ഒരു പ്രാചീന യജ്ഞവേദിയുടെ പ്രതീതി സൃഷ്ടിച്ച് മനോഹരമാക്കിയിട്ടുണ്ട്. വേദിയില്‍ ആദിശങ്കരാചാര്യര്‍, ചന്ദ്രശേഖരേന്ദ്ര സരസ്വതി, ജയേന്ദ്ര സരസ്വതി, കാഞ്ചി മഠത്തിന്റെ ഇന്നത്തെ ആചാര്യന് വിജയേന്ദ്ര സരസ്വതി, കാഞ്ചി കാമാക്ഷീ ദേവി തുടങ്ങിയവരുടേയും, കാലടി കീര്‍ത്തി സ്തംഭത്തിന്റെയും ചിത്രങ്ങള്‍ അലങ്കരിച്ചു വച്ചിരിയ്ക്കുന്നു. ശ്രീ ശങ്കര സത്ക്രിയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യജ്ഞത്തിന് കാഞ്ചീപുരം ആനന്ദ ഘനപാഠികളാണ് നേതൃത്വം കൊടുക്കുന്നത്.
ആതിഥേയനായ കെ കെ സാറിന്റെ സ്നേഹിതര്‍ എന്ന നിലയ്ക്ക് നാട്ടുകാരുമായി പരിചയപ്പെട്ടു. സമീപവാസിയും എക്സ് സര്‍വീസുകാരനുമായ വിജയന് ചേട്ടനാണ് കൂടുതല്‍ വിശേഷങ്ങള്‍ പങ്കു വച്ചത്. വനവാസികളുടെ പിന്മുറക്കാര് ഉള്‍പ്പെടെയുള്ള വളരെ സാധാരണക്കാരായ ജനങ്ങള്‍ താമസിയ്ക്കുന്ന ആ പ്രദേശത്തിന്റെ ആത്മീയ കേന്ദ്രമായി നിലകൊള്ളേണ്ട ഈ ക്ഷേത്രം ഇന്നത്തെ നിലയില്‍ അവഗണിയ്ക്കപ്പെട്ട് കിടക്കുന്നതില്‍ അദ്ദേഹത്തിന് ഉത്കണ്ഠയുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം കിട്ടുന്ന വേദ ശ്രവണത്തിനുള്ള ഈ അവസരം നാട്ടുകാരുടെ വലിയൊരു ഭാഗ്യമാണെന്ന് അദ്ദേഹം വിശ്വസിയ്ക്കുന്നു. ദിവ്യമന്ത്രങ്ങളായ വേദങ്ങളുടെ ശ്രവണം പോലും നമുക്ക് ആത്മീയ ഉത്ക്കര്‍ഷം നല്‍കുമെന്നും ആ നന്മ നേടാന്‍ വേദമന്ത്രങ്ങളുടെ അര്‍ത്ഥം അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് ഇതൊക്കെ എല്ലാവരെയും ബോദ്ധ്യപ്പെടുത്താനുള്ള സംവിധാനം ക്ഷേത്രങ്ങളിലില്ല. അതുണ്ടായിരുന്നെങ്കില്‍ ആ നാട്ടുകാര്‍ ഒന്നടങ്കം ഈ പുണ്യകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ എത്തിച്ചേരുമായിരുന്നു. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്തു കൊണ്ട് ധാരാളം മതംമാറ്റങ്ങളും നടക്കുന്നുണ്ടെന്ന് വിജയന് ചേട്ടന് സൂചിപ്പിച്ചു. സമീപ വാസിയായ കാഴ്ച പ്രശ്നമുള്ള ഒരാളെ കാഴ്ച ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മതം മാറ്റിയ ഉദാഹരണം അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്തതൊന്നും അവര്‍ ചെയ്തു കൊടുത്തില്ല. ജനങ്ങളെ പ്രത്യാശ കൊടുത്ത് വഞ്ചിച്ച് കൂടെ നിര്‍ത്തുകയാണ്.
ഇങ്ങനെ സംസാരിച്ചു കൊണ്ടു നില്‍ക്കേ ഉച്ചഭക്ഷണ ശേഷം വിശ്രമിയ്ക്കാന്‍ പോയിരുന്ന വേദജ്ഞന്മാര് എത്തിച്ചേര്‍ന്നു. തൊട്ടു പിന്നാലെ യജ്ഞത്തിന്റെ യജമാന സ്ഥാനം അലങ്കരിയ്ക്കുന്ന മനോജും എത്തി. വേദപണ്ഡിതര്‍ ആരും തന്നെ തല നരച്ചവരായിരുന്നില്ല എന്നതാണ് ആശാവഹമായി അവിടെ കണ്ട ഒരു കാര്യം. നമ്മുടെ സംസ്ക്കാരത്തിന്റെ ഏറ്റവും പ്രാചീനമായ ഈ ധാരയെ കണ്ണിമുറിയാതെ നിലനിര്‍ത്തിപ്പോരാന്‍ പുതുതലമുറയില്‍ നിന്ന് ഇന്നും കുറച്ചു പേര് മുന്നോട്ടു വരുന്നു എന്നത് വലിയ പ്രത്യാശ നല്കുന്നു.
അഞ്ചു മണിയോടു കൂടി ശിവ പെരുമാളെ സാക്ഷിനിര്‍ത്തി, ശ്രീകോവിലിന് മുന്നിലുള്ള നമസ്ക്കാര മണ്ഡപത്തില്‍ വേദജപം ആരംഭിച്ചു. അത് ഏതാണ്ട് രണ്ടു മണിയ്ക്കൂറോളം നീണ്ടു നിന്നു. അതുകഴിഞ്ഞ് ഇത്തരം യജ്ഞത്തില്‍ പങ്കെടുക്കുന്നതു കൊണ്ട് ശ്രോതാക്കള്‍ക്കും ആ നാടിന് തന്നെയും ഉണ്ടാകാവുന്ന ആത്മീയ ഉത്ക്കര്‍ഷത്തെ കുറിച്ച് ആനന്ദ ഘനപാഠികള്‍ അല്‍പ്പനേരം സംസാരിച്ചു. തുടര്‍ന്ന് വൈകുണ്ഠ ഏകാദശി കൂടിയായ അന്നേ ദിവസത്തിന്റെ പ്രത്യേകത പരിഗണിച്ച് വിഷ്ണു സഹസ്രനാമ പാരായണം നടന്നു. സത്ക്രിയ ട്രസ്റ്റിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് നാരായണീയവും പാരായണം ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് പരിശീലനം ഇല്ലാതെ ഇവയൊന്നും അനുസന്ധാനം ചെയ്യാന്‍ പറ്റുകയില്ല. എങ്ങനെ ആരാധന നടത്തണം, ജപ ധ്യാനങ്ങള്‍ ചെയ്യണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പോലും ക്ഷേത്ര വിശ്വാസികളെ പരിശീലിപ്പിയ്ക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ ഇല്ലല്ലോ. ഇത്തരം അവസരങ്ങളിലാണ് ഏകപക്ഷീയമായും അന്യായമായും രാഷ്ട്രീയക്കാര്‍ ക്ഷേത്രങ്ങള്‍ കൈയ്യടക്കി വച്ചിരിയ്ക്കുന്നതിന്റെ ദുരന്തം നമുക്ക് വ്യക്തമാകുക. മലബാര്‍ ദേവസ്വം ബോര്‍ഡ് കൈയ്യടക്കി വച്ചിരിയ്ക്കുന്ന ഒന്നാണ് ഈ ശിവക്ഷേത്രവും.
സത്ക്രിയ ട്രസ്റ്റിലെ അമ്മമാരുടെ നേത്യത്വ ഗുണം വ്യക്തമാക്കുന്ന ഒരു അനുഭവമാണ് പിന്നീട് കണ്ടത്. അവര്‍ ഒത്തുചേര്‍ന്ന് കൂടുതല്‍ ജനകീയവും ലളിതവുമായ ഭജനകള്‍ പാടാന്‍ തുടങ്ങി. അത്തരം ഭജനകള്‍ ആര്‍ക്കും ഏറ്റു പാടാന്‍ കഴിയും. അല്‍പ്പം സങ്കോചത്തോടെ ആണെങ്കിലും നാട്ടുകാരായ ചില ഭക്തകളും ഏറ്റു ചൊല്ലാന്‍ ആരംഭിച്ചു. എന്നാല്‍ അതു പോരാ എന്ന് നിശ്ചയിച്ച ഒന്നു രണ്ടു വനിതകള്‍ എണീറ്റ് കൈകളുയര്‍ത്തി താളം പിടിച്ചു കൊണ്ട് നൃത്തച്ചുവടുകള്‍ വയ്ക്കാനും മറ്റു സ്ത്രീകളേയും പെണ്‍കുട്ടികളേയും പ്രോത്സാഹിപ്പിയ്ക്കാനും തുടങ്ങി. അതോടെ എല്ലാവര്ക്കും ഉത്സാഹമായി. ഭജന സംഘത്തില്‍ കൂടുതല്‍ പേര് ചേര്‍ന്നു. പത്തുമുപ്പതു പേര് അണിനിരന്ന് നമസ്ക്കാര മണ്ഡപത്തെ ചുറ്റി നടത്തിയ ആ നൃത്തവും ഭജനയും അരമണിയ്ക്കൂറോളം നീണ്ടു നിന്നു. എല്ലാ മുഖങ്ങളിലും തൃപ്തിയും ആഹ്ളാദവും അലതല്ലി.
തുടര്‍ന്ന് പ്രസാദ വിതരണമായിരുന്നു. കപ്പ, ചേന, കാച്ചില്, മത്തന്‍, കടല തുടങ്ങിയവ ചേര്ത്തുണ്ടാക്കി ചൂടോടു കൂടി വാഴയിലയില്‍ വിളമ്പിയ പുഴുക്കായിരുന്നു പ്രസാദം. കുടിയ്ക്കാന്‍ കട്ടന്‍ ചായയും കിട്ടി. തണുത്ത വയനാടന്‍ രാത്രിയില്‍ ക്ഷേത്ര മുറ്റത്തിരുന്ന് കഴിച്ച ആ പ്രസാദവും ആ പരിസരവും പണ്ട് ശബരിമലയില്‍ പോയപ്പോള്‍ സ്വയം പാകം ചെയ്ത് കഴിച്ച അത്താഴത്തെ ഓര്‍മ്മിപ്പിച്ചു. അത് കഴിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അടുത്ത ദിവസത്തേയ്ക്കുള്ള പച്ചക്കറികളും, വറവുകളും തയ്യാറാക്കുന്ന തിരക്കിലായിരുന്നു പരിസരവാസികളായ അമ്മമാര്‍.
രാത്രിയില്‍ കല്‍പ്പറ്റയ്ക്കു മടങ്ങിയ ഞങ്ങള്‍ പിറ്റേന്ന് രാവിലെ ഒമ്പതരയോടെ വീണ്ടും ക്ഷേത്രത്തിലെത്തി. സമാപന ദിവസമായ അന്നും ഭക്തരുടെ പങ്കാളിത്തം എടുത്തു പറയത്തക്കതായിരുന്നു. പതിവ് വേദ പാരായണത്തോടൊപ്പം ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ക്കുള്ള പ്രത്യേക പൂജയും, തീര്‍ത്ഥ പ്രോഷണവും, പ്രസാദവിതരണവും നടന്നു. ബ്രാഹ്മണ്യത്തിനും വേദപാരമ്പര്യത്തിനും, സംസ്കൃതത്തിനും എന്നു വേണ്ട ഹൈന്ദവമായ എല്ലാറ്റിനും എതിരെ രാഷ്ട്രീയ ശക്തികള്‍ പരസ്യമായി വെല്ലുവിളി ഉയര്‍ത്തുന്ന പ്രദേശമാണ് ഇന്നത്തെ തമിഴ്നാട്. എന്നാല്‍ അത്തരം എല്ലാത്തരം രാക്ഷസീയ പ്രവര്‍ത്തനങ്ങളെയും നേരിട്ടു കൊണ്ട് കാഞ്ചി ആസ്ഥാനമാക്കിയുള്ള കാമകോടിപീഠം വേദസംസ്കൃതിയെ ഇന്നും പരിശീലിപ്പിയ്ക്കുകയും സംരക്ഷിയ്ക്കുകയും ദക്ഷിണ ഭാരതത്തില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുന്നു. ഈയൊരൊറ്റ മഹാകാര്യത്തിന്റെ പേരില്‍ തന്നെ ഏറ്റവും കുറഞ്ഞത് കേരളവും തമിഴ്നാടും ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളോട് എന്നേയ്ക്കും കടപ്പെട്ടിരിയ്ക്കുന്നു.
ഉച്ചയോടെ യജ്ഞം അവസാനിച്ചു. പതിവു പോലെ പ്രസാദം കഴിയ്ക്കാന്‍ എല്ലാവരും ഒത്തുകൂടി. താല്‍ക്കാലിക പാചകപ്പുരയുടെ ഒരു വശത്തു തന്നെ ഇട്ടിരുന്ന ഡെസ്ക്കുകളില് ഇലയിട്ട് വിളമ്പി. എന്റെ ഒപ്പം ഭക്ഷണം കഴിയ്ക്കാന്‍ വന്നിരുന്ന ആളിനെ ഞാന്‍ നോക്കി. ആ ക്ഷേത്രത്തില്‍ അനേക വര്‍ഷം ശാന്തിയായിരുന്ന ഏവരാലും ബഹുമാനിയ്ക്കപ്പെടുന്ന വയോവൃദ്ധനായ ഈശ്വരന് നമ്പൂതിരി ! പ്രായാധിക്യത്താല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ശാന്തി ചെയ്യാന്‍ കഴിയുന്നില്ല. എങ്കിലും മിയ്ക്ക ദിവസങ്ങളിലും തന്റെ ഭഗവാനെ കാണാന്‍ ക്ഷേത്രത്തില്‍ വരും. എത്രയോ വര്‍ഷം നിവേദ്യമുണ്ടാക്കി ഭഗവാനെ ഊട്ടിയ തിരുമേനി, ജാതി മത ഭേദമെന്യേ സാധാരണ ഭക്തര്‍ ശ്രമദാനത്തിലൂടെ തയ്യാറാക്കിയ ആ പ്രസാദ ഭക്ഷണം എല്ലാവരുടേയും ഒപ്പമിരുന്ന് കഴിയ്ക്കുന്നു. . ഭക്ഷണത്തിലും വസ്ത്രത്തിലും ഉള്‍പ്പെടെ എന്തിലും ജാതിയും മതവും കൂട്ടിക്കലര്‍ത്തി കുത്തിത്തിരിപ്പുണ്ടാക്കാന്‍ നടക്കുന്ന വിഷജന്തുക്കള്‍ ഇല്ലാത്തിടങ്ങളിലെല്ലാം ജനങ്ങള്‍ ഇങ്ങനെ ഒരു കുടുംബം പോലെയാണ് ജീവിയ്ക്കുന്നത്.
പിറ്റേ ദിവസം പ്രസിദ്ധമായ ഇടയ്ക്കല്‍ ഗുഹകള്‍ കാണാന്‍ പോയി. അവിടെ നിന്നും കല്‍പ്പറ്റയിലേയ്ക്ക് മടങ്ങുമ്പോള്‍ മുട്ടില്‍ എന്ന സ്ഥലം കണ്ടു. പ്രശസ്തമായ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രി ഇവിടെയാണല്ലോ എന്നോര്‍ത്തു. മെയിന്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രമേ ദൂരമുള്ളൂ എന്നു കണ്ട് വാഹനം അങ്ങോട്ടേയ്ക്ക് തിരിച്ചു. അവിടെ ആശുപത്രിയുടെ ചുമതലക്കാരനായ ജനാര്ദ്ദനന് ചേട്ടന് ഉണ്ടായിരുന്നു. വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങും മുമ്പുതന്നെ ഞങ്ങളെ ഊണു കഴിയ്ക്കാന്‍ ക്ഷണിച്ചു. ഊണു കഴിഞ്ഞ് വന്ന ഞങ്ങള്‍ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു തന്നു. 1972 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയ്ക്ക് ഈ വര്‍ഷം അമ്പതു വയസ്സ് തികഞ്ഞിരിയ്ക്കുന്നു. അതിന്റെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ജനറല്‍ മെഡിസിന് കൂടാതെ സര്‍ജറി, ഇ എന്‍ റ്റി, ശിശുരോഗം, മനോരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും ഇവിടെ ചികിത്സയുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം കൊടുക്കാറുണ്ട്. മുട്ടില്‍ ഉള്ള പ്രധാന കേന്ദ്രത്തിന് പുറമേ വയനാട്ടില്‍ ആറ് സബ് സെന്ററുകള്‍ കൂടി പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ വിദൂര സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിയ്ക്കാറുണ്ട്. ട്രസ്റ്റിനു കീഴില്‍ 125 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. സ്വാസ്ഥ്യ മിത്ര പദ്ധതിയനുസരിച്ച് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വനവാസി യുവാക്കള്‍ക്ക് പരിശീലനം നല്കി വരുന്നു. രോഗികള്‍ക്ക് ആശ്വാസവും ശുഭാപ്തി വിശ്വാസവും പകര്‍ന്നു കൊടുത്തു കൊണ്ട് രണ്ടു നേരം പൂജയുള്ള ഒരു ധന്വന്തരീ ക്ഷേത്രവും ഇവിടെയുണ്ട്.
ആശുപത്രി നടന്നു കാണുന്നതിനിടയില്‍ ലാബിന്റെ ചുമതലയുള്ള ശാന്ത എന്ന അമ്മയെ പരിചയപ്പെട്ടു. എഴുപത്തഞ്ചില്‍ കുറയാത്ത പ്രായം തോന്നി. അവിടത്തെ വിശേഷങ്ങള്‍ സന്ദര്‍ശകരായ നമ്മളോട് പങ്കുവയ്ക്കാന്‍ വളരെ ഉത്സാഹമായിരുന്നു അമ്മയ്ക്ക്. കാല് നൂറ്റാണ്ടോളമായി സേവാവ്രതിയായി സേവനമനുഷ്ടിയ്ക്കുന്നു. മക്കളോടും കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിയ്ക്കാന്‍ ആരും ഇഷ്ടപ്പെടുന്ന പ്രായത്തിലും, സമാജസേവ ഒരു വ്രതമായി സ്വീകരിച്ചു കൊണ്ട് സഫല ജീവിതം നയിയ്ക്കുന്ന ആ അമ്മയെപ്പോലുള്ള നിസ്വാര്‍ത്ഥ സേവകര്‍ ഈ സ്ഥാപനത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്നു. ഒരു ആശ്രമമാണോ എന്ന് തോന്നിയ്ക്കുമാറുള്ള വൃത്തിയും ശാന്തിയുമാണ് അവിടെ അനുഭവപ്പെട്ടത്. പിന്നീടൊരിയ്ക്കല്‍ വരാം എന്നു പറഞ്ഞ് ജനാര്ദ്ദനന് ചേട്ടനോട് യാത്ര പറയുമ്പോള്‍ മാനവ സേവയ്ക്കായുള്ള സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ഇത്തരം ഒരു മഹത്തായ സ്ഥാപനം വളര്‍ത്തിയെടുത്ത കര്‍മ്മയോഗികളുടെ സ്മരണകളായിരുന്നു മനസ്സില്‍ നിറയെ.
ഈ യാത്രയില്‍ ഉടനീളം ഞാന്‍ കണ്ടത് വ്യക്തി തലത്തിലും സാമാജിക തലത്തിലും നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന സനാതന ധര്‍മ്മത്തിന്റെ പുനരുത്ഥാനമാണ്. തങ്ങളുടെ വ്യക്തിപരമായ പരിമിതികളെയും നേട്ടങ്ങളെയും പറ്റി ചിന്തിച്ചിരിയ്ക്കാതെ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ തങ്ങളാലാവും വിധം സമാജത്തെ പോഷിപ്പിച്ചു കൊണ്ട് ജീവിതം മുന്നോട്ടു നയിയ്ക്കുന്ന വിജയന് ചേട്ടനേയും, ഈശ്വരന് നമ്പൂതിരിയേയും, ശാന്തമ്മയേയും പോലുള്ള വ്യക്തികളെയും, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനെ പോലുള്ള പ്രസ്ഥാനങ്ങളെയും അടുത്തറിയുന്നതു തന്നെ നമുക്ക് കൂടുതല്‍ മുന്നോട്ടു പോകുന്നതിനുള്ള ഊര്‍ജ്ജം നല്‍കും.
കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: