ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) രംഗത്തെ ഉത്തരവാദിത്തപരവും മനുഷ്യകേന്ദ്രീകൃതവുമായ വികസനത്തിനും ഉപയോഗത്തിനും പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) അദ്ധ്യക്ഷപദവിയും ഇന്ത്യയിലേക്ക്.
നവംബര്‍ 21ന് ടോക്കിയോയില്‍ നടക്കുന്ന ജിപിഎഐ സമ്മേളനത്തില്‍ നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഫ്രാന്‍സില്‍ നിന്ന് അധികാരക്കൈമാറ്റത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.
അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന് , ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, മെക്സിക്കോ, ന്യൂസിലന്‍ഡ്, കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജിപിഎഐയുടെ സ്ഥാപക അംഗ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. അംഗരാജ്യങ്ങളില്‍ നിന്ന് കൗണ്‍സില്‍ ചെയര്‍ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിലേറെ വോട്ടുകള്‍ നേടിയാണ് ഇന്ത്യ മുന്നിലെത്തിയത്. പിന്നാലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ കാനഡയും അമേരിക്കയും കൂട്ടായ്മയുടെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണ് ഈ സ്ഥാനലബ്ധി.
വിവിധ രാജ്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഉണ്ടാകുന്ന ചലനങ്ങള്‍ ആഴത്തില്‍ പഠിച്ച് അവസരങ്ങളും വെല്ലുവിളികളും വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര വേദിയാണ് ജിപിഎഐ. ഈ രംഗത്ത് വിപുലമായ ഗവേഷണപഠനങ്ങള്‍ പ്രോത്സാഹിപ്പിച്ച് സൈദ്ധാന്തികതയും പ്രായോഗികതയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ശ്രമമാണ് ജിപിഎഐ സഖ്യം നിര്‍വ്വഹിക്കുന്നത് . 2035 ആകുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് നിര്‍മ്മിത ബുദ്ധി മേഖലയില്‍ നിന്ന് മാത്രം 967 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. 2025ല്‍ ഇന്ത്യയുടെ 5 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആഭ്യന്തര വിപണി വളര്‍ച്ചയില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടാക്കും.
ഈ മേഖലയിലെ വ്യത്യസ്ത പങ്കാളികളുമായും അന്തര്‍ദ്ദേശീയ സംഘടനകളുമായും സഹകരിച്ചും വ്യവസായം, ജനസമൂഹങ്ങള്‍ , ഗവണ്മെന്റുകള്, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കിയും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്ത വികസനത്തിനും വളര്‍ച്ചക്കും വഴികാട്ടിയാവുക എന്നതാണ് ജിപിഎഐയുടെ മുഖ്യ ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: