നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഉറക്കം നടിച്ചുകിടക്കുന്നവരെയും ഉണര്‍ത്താന്‍ പോന്നതാണ്. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനങ്ങള്‍ നിര്‍ത്തല്‍ ചെയ്തില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനുപോലും ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ചെയ്തിരിക്കുന്നത്. മതപരിവര്‍ത്തനം വളരെ ഗുരുതരമായ പ്രശ്നമാണെന്നു പറഞ്ഞ പരമോന്നത നീതിപീഠം, ഇത് തടയാന്‍ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളതെന്ന് കാണിച്ച് സത്യവാങ്മൂലം നല്കാന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. സമ്മര്‍ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും, പണവും സമ്മാനങ്ങളുമൊക്കെ നല്കി പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഹര്‍ജിയിലാണ് കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കുതന്ത്രങ്ങളിലൂടെയുള്ള മതംമാറ്റങ്ങള്‍ നടക്കാത്ത ഒരൊറ്റ ജില്ലപോലും രാജ്യത്തില്ലെന്നും, ഇത് പൗരന്മാരുടെ മനസ്സിനുണ്ടാക്കുന്ന മുറിവുകള്‍ വളരെ വലുതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. രാജ്യമെമ്പാടുനിന്നും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതംമാറ്റങ്ങള്‍ ആഴ്ചതോറും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്നും, ഇതിനായി അന്ധവിശ്വാസവും മന്ത്രവാദവും അത്ഭുതവിദ്യകളുമൊക്കെ ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് കര്‍ക്കശമായ നടപടികള്‍ ഇതിനെതിരെ ഉണ്ടാവുന്നില്ലെന്ന് പരാതിപ്പെടുന്നു.
സുപ്രീംകോടതി പ്രകടിപ്പിച്ച ആശങ്ക ശരിവയ്ക്കുന്ന രീതിയിലാണ് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചത്. ഗോത്രമേഖലകളില്‍ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും, സഹായിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ തങ്ങള്‍ ഒരു കുറ്റകൃത്യത്തിന് വിധേയരാവുകയാണെന്ന് ഇരകള്‍ അറിയാത്ത സ്ഥിതിയാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറയുകയുണ്ടായി. അപ്പോഴാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഒഡിഷയിലെയും മധ്യപ്രദേശിലെയും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ നിയമനിര്‍മാണങ്ങള്‍ സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും രാജ്യം അഭിമുഖീകരിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് ഹര്‍ജിക്കാരനും സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും ഒരുപോലെ വിരല്‍ചൂണ്ടിയിരിക്കുന്നത്. മതപരിവര്‍ത്തനം ഭരണഘടന തങ്ങള്‍ക്കു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും, മതം പ്രചരിപ്പിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്ന് സംഘടിത മതശക്തികള്‍ കരുതുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഭരണഘടനാവിരുദ്ധരായും മതേതരവിരുദ്ധരായും മുദ്രകുത്തുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യമായിരുന്നിട്ടും മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് വിദേശശക്തികള്‍ പോലും ഇതിലിടപെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമം ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരെ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് ചില വിദേശശക്തികളുടെ പ്രത്യക്ഷത്തിലുള്ള പിന്തുണപോലും ലഭിക്കുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന് സര്‍ക്കാരിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഒരു സംഘടന വര്‍ഷംതോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ.
നിര്‍ബന്ധിത മതപരിവര്‍ത്തനം പൂര്‍ണമായും നിയമവിരുദ്ധമാണ്. എന്നാല്‍ ഏതു മതത്തിലും വിശ്വസിക്കാനുള്ള പൗരന്റെ അവകാശമായി ഇത് ചിത്രീകരിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി ഹിന്ദുക്കളാണ് ഇതിന്റെ ഇരകള്‍. ഹിന്ദുക്കളെ മതംമാറ്റുന്നത് സ്വന്തം അവകാശമാണന്ന് പറയുന്നവര്‍ തങ്ങളുടെ മതങ്ങളില്‍നിന്ന് ആരെങ്കിലും ഹിന്ദുമതം സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ തയ്യാറുമല്ല. സമീപകാലത്ത് ഘര്വാപ്സി വലിയ വിവാദമാക്കിയത് മറക്കാറായിട്ടില്ലല്ലോ. സംഘടിതവും ആസൂത്രിതവുമായ മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വളരെ വ്യക്തമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരിക. ഹിന്ദുധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുകയും, അതില്‍ വിശ്വസിക്കുന്ന ജനവിഭാഗങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുക. തനത് സംസ്കാരത്തോട് എതിര്‍പ്പ് വളര്‍ത്തി വിഘടനവാദത്തിന് വളംവയ്ക്കുക. ഇന്ത്യന്‍ റിപ്പബ്ലിക്കിനോട് പൗരന്മാര്ക്കുള്ള കൂറ് കുറച്ചുകൊണ്ടുവരിക. ഇതൊക്കെയാണ് മതപരിവര്‍ത്തന ശക്തികളുടെ രഹസ്യ അജണ്ട. മതംമാറിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് വാദിക്കുന്നതിനു പിന്നില്‍ കുടിലമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ മതപരമായി സ്വാധീനിച്ച് സര്‍ക്കാരുകളെ സ്വാധീനിക്കാനും, അവിഹിതമായി അധികാരം കയ്യാളാനുമുള്ള തന്ത്രപരമായ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനെല്ലാമെതിരെ കേന്ദ്ര സര്‍ക്കാരിനു തന്നെ ശക്തമായ നടപടികളെടുക്കാനുള്ള അവസരമായാണ് നിര്‍ബന്ധിത മതപരിവര്‍ത്തന പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ ബന്ധപ്പെട്ടവര്‍ കാണേണ്ടത്. ഇക്കാര്യത്തില്‍ മടിച്ചുനിന്നാല്‍ അത് മഹാവിപത്തിനെ ക്ഷണിച്ചുവരുത്തലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: