തൃശൂര്‍: വിലക്ക് മറികടന്ന് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പന്നികളെ കടത്താന്‍ ശ്രമം. പന്നിപ്പനി ഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് പന്നികളെ എത്തിക്കാനായിരുന്നു ശ്രമം. പന്നികളുമായി എത്തിയ ലോറികള്‍ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം കര്‍ഷകര്‍ തടയുകയായിരുന്നു.
100 പന്നികളുമായി എത്തിയ രണ്ട് ലോറികളാണ് തടഞ്ഞിട്ടത്. തൃശൂരിലേക്കും വാഴക്കുളത്തേക്കും കൊണ്ടു പോകാന്‍ എത്തിച്ചതായിരുന്നു പന്നികളെ. നിരോധനം ലംഘിച്ച് എത്തിച്ച പന്നികളെ കൊന്നുകളയണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യഗസ്ഥര്‍ സ്ഥലത്തെത്തി പന്നികളെ തിരിച്ചയച്ചു.
കോട്ടയത്ത് മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരളത്തിന് പുറത്തു നിന്ന് പന്നികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: