മുഖ്യമന്ത്രി പിണറായി, തെരുവ് ഗുണ്ടയുടെ ഭാഷയിൽ ഗവർണറെ ഭീഷണിപ്പെടുത്തുന്നു. പാർട്ടി അണികളെ തെരുവിൽ ഇറക്കിവിട്ട് ഗവർണറെ അധിക്ഷേപിക്കുന്നു. അദ്ദേഹം വീരകഥകൾ ഉരുവിട്ടു താൻ ധീരനാണെന്നു സ്ഥാപിക്കുന്നു. ഗവർണറെ തെരുവിൽ നേരിടുമെന്ന് അദ്ദേഹം പറയാതെ പറയുന്നു. ഇങ്ങനെയൊക്കെ വീരസ്യം പറയുമ്പോൾ താൻ മുഖ്യമന്ത്രിയാണ് എന്ന കാര്യം അദ്ദേഹം മറക്കുന്നു. മുഖ്യമന്ത്രിയും അനുചരന്മാരും ഗവർണറെ തെരുവിൽ നേരിട്ടാൽ എന്തായിരിക്കും ഫലം എന്ന് ഊഹിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു പുന്നപ്രയും വയലാറും മുതൽ കയ്യൂരും കരിവള്ളൂരും വരെ നടന്ന ആയുധ സമരങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടു ഗവർണറെ ഭയപ്പെടുത്തുന്നു. വാടിക്കൽ രാമകൃഷ്ണനെ സഖാക്കൾ കഴുത്തുവെട്ടി കൊല്ലുന്ന കാലത്തു നിന്നും ഒരടിപോലും മുന്നോട്ടു പോകാത്ത കമ്മ്യൂണിസ്റ്റു മനസ്സ് തന്നെയാണ് പിണറായിയെ ഇപ്പോഴും ഭരിക്കുന്നത്. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഗവർണർക്ക് എതിരെ സായുധസമരം നടത്തുമെന്നാണോ ശ്രീമതി ബിന്ദു ഭീഷണിപ്പെടുത്തുന്നത്. ശ്രീമതി മനസ്സിലാക്കേണ്ട കാര്യം ഭീഷണിക്കു വഴങ്ങാൻ തയ്യാറാകാത്തവനെ ആയുധം കാണിച്ചു ഭയപ്പെടുത്താനാകില്ല എന്നതാണ് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭീഷണിക്കു വഴങ്ങുന്ന ആളാണ് എന്ന് തോന്നുന്നില്ല .
ഭയമാണ് കമ്മ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും മൂലധനം. കാരണം, ആയുധം കൊണ്ട് എതിരാളിയെ കൊന്നു വിജയം നേടാനാകും എന്നാണ് ഏതു കമ്മ്യൂണിസ്റ്റുകാരനും കരുതുന്നത്. ആയുധം കൊണ്ട് ആത്മരക്ഷ നേടാം എന്ന് കരുതുന്നവർ ഭീരുക്കളാണ്. സ്വയം ഭീരുക്കളായവർ മറ്റുള്ളവരെ ഭയപ്പെടുത്താനാകും എപ്പോഴും ശ്രമിക്കുക. അതുകൊണ്ട്, ഏതു കമ്മ്യൂണിസ്റ്റുകാരൻെറയും സ്വാഭാവിക ഭാഷ ഭീഷണിയും പുലഭ്യവുമാണ്. അനിഷ്ടമുള്ളവനെ പുലഭ്യം പറയാത്ത, ഭീഷണി പ്പെടുത്താത്ത ഒരു കമ്മ്യൂണിസ്റ്റു നേതാവിനേയും നമുക്ക് കാണാൻ കഴിയില്ല. ലെനിൻ തന്റെ എതിരാളികളെ മുഴുവൻ ഭീഷണിപ്പെടുത്തി, പുലഭ്യം പറഞ്ഞു. സ്റ്റാലിൻ അത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തു പ്രാവർത്തികമാക്കി. മാവോയും ഹോചിമിനും കാസ്ട്രോയും ചെഷസ്കിയും അവസാനം ഷി ജിൻപിങ് വരെ അത് തന്നെ തുടർന്നു. ചൈനയിലെ പഴയ ചെയർമാനെ എങ്ങിനെയാണ് പൂച്ചക്കുഞ്ഞിനെ തൂക്കി എറിയുന്ന പോലെ പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം നീക്കിയത് എന്ന് നാം കണ്ടതാണ്. ഇന്ന് ഇന്ത്യയിലെ ലെനിനും സ്റ്റാലിനും മാവോയും എല്ലാം പിണറായിയാണ്. പിണറായിക്കപ്പുറം ഒരുത്തനും കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇല്ല. സഖാക്കൾ സൂക്ഷിക്കുക! തനിക്കും തന്റെ കുടുംബത്തിനും എതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കാൻ പിണറായിയുടെ ക്രിമിനൽ മനസ് ശ്രമിക്കും. അതിനുള്ള പുറപ്പാടാണ് ഗവർണർക്കു എതിരെയുള്ള യുദ്ധപ്രഖ്യാപനം.
ഡോ. ബിന്ദു ഗവർണറെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞത് ഒരുപാട് ലക്ഷ്മണ രേഖകൾ ലംഘിച്ചാണ് ഇപ്പോഴത്തെ പദവിയിൽ താൻ എത്തിയത് എന്നാണ്. എസ് എഫ് ഐയിൽ പദവികൾ ലഭിക്കാനും മേയർ പദവി കരസ്ഥമാക്കാനും ചില പാർട്ടിക്കാരെ കുതികാൽ വെട്ടി വീഴ്ത്തിയതല്ലാതെ ഏതെങ്കിലും ഒരു ലക്ഷ്മണ രേഖ ലംഘിച്ചതായി അറിയില്ല. ഇപ്പോഴത്തെ മന്ത്രിപദവിയും ഇതുപോലെ നേടിയതാണ്. എന്നിട്ടാണ് ഈ വീരവാദം പറയുന്നത്. കള്ളുകുടിച്ചു ലക്കുകെട്ട ഒരു പോലീസുകാരൻ പേടിച്ചു പുഴയിൽ ചാടിയപ്പോൾ അയാളെ സംഘം ചേർന്ന് കല്ലെറിഞ്ഞു കൊന്നു. ഈ നാണംകെട്ട പണിയാണ് ഈ കയ്യൂർ സമരം. ഒരു പൊലിസുകാരനെ ഒരു സംഘം ആളുകൾ ഒന്നിച്ചു ചേർന്നു കല്ലെറിഞ്ഞു കൊല്ലുന്നതിൽ എന്ത് മഹത്വമാണ് ഉള്ളത്? തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരന്റെ നേരെ വാരികുന്തവുമായി നിരപരാധികളായ മനുഷ്യരെ ഇറക്കിവിട്ടു കൊല്ലിച്ചതാണ് വയലാർ – പുന്നപ്ര സമരം. അതും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം. യഥാർത്ഥത്തിൽ പുന്നപ്ര വയലാർ സമരം രാജ്യദ്രോഹമാണ്.
ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല. പിണറായി വിജയന്റെ രണ്ടു മക്കളും ഇന്നുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. സമരംചെയ്തതും മരിച്ചതുമെല്ലാം നേതാക്കളുടെ മക്കളല്ല സാധാരണക്കാരുടെ മക്കളാണ്. എന്നിട്ടാണ് നേതാവിന്റെ ഭാര്യയായ മന്ത്രി ലക്ഷ്മണരേഖാ ലംഘനത്തെ കുറിച്ച് വീമ്പു പറയുന്നത്. നേതാക്കളുടെ മക്കൾ ബിസിനസുകാരാണ്. അവരുടെ മൂലധനം ഭയമല്ല പണമാണ്. കമ്മ്യൂണിസവും സോഷ്യലിസവും എത്രക്ക് ലാഭമുണ്ടാക്കാവുന്ന കച്ചവടച്ചരക്കാണ് എന്ന് പിണറായിക്കറിയാം. ജയരാജനും ശ്രീമതി ടീച്ചർക്കും ഷൈലജ ടീച്ചർക്കും അറിയാം. അതൊന്നും അറിയാത്ത കോരന്റെ മക്കൾ ഇവരുടെ വാക്കുകൾ കേട്ടു വിദ്യാഭ്യാസം മുടക്കി ഗവർണർക്കു എതിരെ സമരം ചെയ്തു തല്ലു കൊള്ളാൻ ഇറങ്ങും. തല്ലുകൊള്ളികൾ എന്നും തല്ലു കൊള്ളികളായി ഒടുങ്ങും. നേതാക്കന്മാർ സ്വപ്നമാരുടെ പിറകെ പാഞ്ഞു നടക്കും. വീട്ടിൽ കേറ്റാൻ കൊള്ളാത്ത നേതാക്കൾക്ക് വേണ്ടി അണികൾ വീണ്ടും തല്ലുകൊള്ളും. പിണറായി വീണ്ടും ഇരട്ട ചങ്കനാകും. വീണ്ടും ‘ഏക്ഷൻ’ കാണിക്കും. അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞിരിക്കും.
Pranabkumar Anathapuri
പ്രതികരിക്കാൻ ഇവിടെ എഴുതുക: