തലവൂര്‍: നാലും കൂടുന്ന കവലയില്‍ തലയില്‍ എന്തോ വച്ചിട്ട് ദാ നില്ക്കുന്നു ഒരാള്‍. കീരിടമാണന്നാണ് പലരും കരുതിയത്. വന്നവരും പോയവരുമെല്ലാം എന്താണീ കാണിക്കുന്നത് എന്നറിയാന്‍ കുറേ നേരം ആകാംക്ഷയോടെ കാത്തുനിന്നു. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കീരിടമല്ല തലയില്‍ സിഗ്നല്‍ ലൈറ്റിന്റെ മാതൃകയാണ്.
പ്രകാശിപ്പിക്കുന്നതിനായി സോളാര്‍ സംവിധാനവും അരികിലുണ്ട്. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംലുംമൂട് വാര്‍ഡ് മെമ്പറും ബിജെപി നേതാവുമായ സി. രഞ്ജിത്താണിത്. അപകടങ്ങള്‍ പതിവായിട്ടും സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പിനും സ്ഥലം എംഎല്‍എ കെ.ബി. ഗണേഷ്കുമാറിനുമെതിരെ പ്രതിഷേധിച്ച് സ്വയം സിഗ്നലായി നില്‍ക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളമാണ് സ്വയം സിഗ്നലായി രഞ്ജിത്ത് വാഹനങ്ങള്‍ നിയന്ത്രിച്ചത്. തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനിലായിരുന്നു പഞ്ചായത്തംഗത്തിന്റെ വേറിട്ട പ്രതിഷേധം.
പരാതി നല്‍കിയത് നിരവധി തവണ
മെതുകുംമേല്‍ -പൊലിക്കോട് മലയോര ഹൈവ്വേയും കിഴക്കേത്തെരുവ് – പിടവൂര്‍ മിനി ഹൈവ്വേയും സംഗമിക്കുന്ന ഇവിടെ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. നിരവധി തവണ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടും യാതൊരു ഫലവുമില്ലാതെ വന്നതോടെയാണ് പൂര്‍വ്വ സൈനികന് കൂടിയായ രഞ്ജിത്തും ബിജെപി തലവൂര്‍ പഞ്ചായത്ത് സമിതി പ്രവര്‍ത്തകരും പ്രതിഷേധമായി രംഗത്തെത്തിയത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ജി.ബാഹുലേയന്, ഏരിയാ പ്രസിഡന്റ് കെ.വിജയകുമാര്‍, സെക്രട്ടറി ഗിരീഷ് ജി.എസ്, സുജേഷ്, ശശാങ്കന്,ശരത്ത്, പഞ്ചായത്തംഗങ്ങളായ നിതിന്‍ ടി.കെ, ടി.എല്‍ കീര്‍ത്തി തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: