ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും ശ്രദ്ധാപൂര്‍വ്വമായ വികാസവുമുണ്ട് ആയുര്‍വേദ ചികിത്സയ്‌ക്ക്. പ്രത്യേക ചികിത്സാരീതികളും ഭക്ഷണ സമ്പ്രദായവും ഉള്‍ക്കൊള്ളുന്നതാണ് ആയുര്‍വേദ മഹിമ. സാധാരണ രോഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും തക്കതായ പ്രതിവിധിയും ഇതിലുണ്ട്. ഈ ആയുര്‍വേദ പാരമ്പര്യം രോഗങ്ങള്‍ക്കുള്ള വെറും ചികിത്സാരീതി മാത്രമല്ല ഒരു ജീവിതശൈലി കൂടിയാണിത്. അതാണ് വൈക്കം ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലും അനുവര്‍ത്തിക്കുന്നത്. ഒരു ആരോഗ്യ പ്രശ്നത്തില്‍ മാത്രം ഒതുങ്ങാതെ രോഗിയുടെ സമ്പൂര്‍ണ്ണ ആരോഗ്യത്തെ ലക്ഷ്യമിട്ടാണ് ഡോ. വിജിത് ശശിധര്‍ ചികിത്സിക്കുന്നത്. ഡോ. വിജിത്തിന്റെ ചികിത്സാ രീതികളെയും ചികിത്സാകേന്ദ്രത്തിന്റെ വിശേഷങ്ങളിലൂടെയുമുള്ള ഒരു യാത്ര.
മറ്റുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് ശ്രീകൃഷ്ണയെ വ്യത്യസ്തമാക്കുന്നത് ?
പ്രധാനമായും ഇവിടെ ചികിത്സിച്ച് അസുഖം ഭേദമായവരുടെ വാക്കുകളിലൂടെയാണ് ഈ ചികിത്സാ കേന്ദ്രത്തെക്കുറിച്ച് മറ്റുള്ളവരിലേയ്‌ക്ക് എത്തുന്നത്. പല ആയുര്‍വേദ ആശുപത്രികളും ആധുനിക വൈദ്യശാസ്ത്രവും കൈയൊഴിഞ്ഞ പല കേസുകളും ഇവിടെ ചികിത്സിച്ച് ഭേദമായിട്ടുണ്ട്. അതുതന്നെയാണ് വ്യത്യസ്തമാക്കുന്നത്. കൂടാതെ ആയുര്‍വേദത്തെ വെല്‍നസ് ട്രീറ്റ്‌മെന്റായി കാണാതെ വൈദ്യശാസ്ത്രമെന്ന നിലയില്‍തന്നെ അഭിമുഖീകരിക്കുന്നു.
ജീവിതശൈലി രോഗങ്ങളുടെ ചികിത്സ ?
ആയുര്‍വേദത്തില്‍ ഓരോ രോഗത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ചികിത്സാരീതികളുമുണ്ട്. ഓരോ രോഗിയുടേയും ശരീരവും രോഗാവസ്ഥയും മനസിലാക്കിയാണ് ചികിത്സിക്കുന്നത്. അവര്‍ എന്ത് കഴിക്കണം എന്ത് കഴിക്കരുതെന്ന് ആയുര്‍വേദം വ്യക്തമാക്കുന്നു. ജീവിതശൈലി രോഗങ്ങള്‍ക്ക് വേണ്ട ചികിത്സകള്‍ വ്യക്തമായി ആയുര്‍വേദത്തിലുണ്ട്. അതിലൂടെ അസുഖം ഭേദമായവരും ധാരാളം. ആയുര്‍വേദം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും, അതോടെ രോഗിയുടെ മൊത്തം ശാരീരികാവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ അവസ്ഥയും പഴക്കവുമനുസരിച്ച് അതിന്റെ പരിഹാരത്തിനുള്ള ചികിത്സയ്‌ക്ക് കാലപരിധിമാറാം, ഒരാഴ്ച മുതല്‍ മാസങ്ങള്‍ വരെയെടുക്കും ചിലപ്പോള്‍ ചികിത്സ.
ആയുര്‍വേദത്തിന്റെ പോരായ്മ ?
ആയുര്‍വേദത്തില്‍ അസുഖങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ കോളേജുകളില്‍ അത് പഠിപ്പിക്കുന്നില്ല. അതിനാല്‍ അലോപ്പതിയെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല. അത് വലിയൊരു പോരായ്മയാണ്. പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാം എന്നാണ് അലോപ്പതിയില്‍ ആലോചിക്കുന്നത്. അതിന്റെ പ്രാഥമിക കാരണം കണ്ടെത്തി ചികിത്സിക്കുകയല്ല ചെയ്യുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ മറ്റ് പല രോഗങ്ങള്‍ക്കും ഇടയാക്കും അതിനാല്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കാനാണ് അലോപ്പതി നിര്‍ദേശിക്കുക. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കും ഇതേ നിര്‍ദേശമാണ് നല്‍കുക. മരുന്ന് കമ്പനികളാണ് രോഗത്തെ മാരകവും അല്ലാത്തതും ആക്കുന്നത്. എന്നാല്‍ ആയുര്‍വേദത്തിലൂടെ ഇവ പരിപൂര്‍ണമായും മാറ്റാനാകും.
ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിന്റെ തുടക്കം?
2005 ജനുവരി 31നാണ് ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രം തുടങ്ങിയത്. ഗുരുവിന്റെ അടുക്കല്‍ നിന്നുള്ള പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അതെ സമ്പ്രദായത്തില്‍ ചികിത്സ ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചത്. നാല് മുറികളും മരുന്നുണ്ടാക്കുന്ന മുറിയും ഒരു ട്രീറ്റ്‌മെന്റ് റൂമുമാണ് ഉണ്ടായിരുന്നത്. പാലക്കാട് പൂന്തോട്ടം ആയുര്‍വേദ ആശ്രമത്തില്‍ ജോലി ചെയ്ത ശേഷമാണ് ശ്രീകൃഷ്ണ ആരംഭിച്ചത്. അവിടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ ഇവിടേയ്‌ക്ക് കൂടുതല്‍ പഠനത്തിനായി എത്തിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായിരുന്നു ഓരോ വളര്‍ച്ചയും.
ഗുരുവിനെക്കുറിച്ച് ?
പ്രശസ്ത വിഷ വൈദ്യ ചികിത്സകനായ ബ്രഹ്മശ്രീ വള്ളൂര്‍ ശങ്കരന്‍ നമ്പൂതിരിയാണ് ഗുരു. ബിഎഎംഎസ് പഠനശേഷം അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു. പ്രമുഖ വിഷവൈദ്യ ചികിത്സകനായ അദ്ദേഹം സര്‍പദംശമേറ്റ അഞ്ഞൂറിലധികം പേരെയും ആയിരക്കണക്കിന് മറ്റ് രോഗികളെയും സൗജന്യമായി ചികിത്സിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥയ്‌ക്ക് അതീതമായും സ്ത്രീ പുരുഷ വ്യത്യസമില്ലാതെയുമാണ് അദ്ദേഹം അഷ്ടാംഗ വൈദ്യവും കേരളീയ വിഷ വൈദ്യവും അഭ്യസിപ്പിച്ചത്.
യോഗയും ആയുര്‍വേദവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു ?
ആസനങ്ങളാണെങ്കില്‍ അത് രോഗിയുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാകും. വ്യായാമം ചെയ്യാന്‍ ആയുര്‍വേദം വിധിച്ചിട്ടുള്ള അസുഖങ്ങള്‍ ഉള്ളവരോട് ചെയ്യാന്‍ നിര്‍ദേശിക്കും. അല്ലാത്തവരെക്കൊണ്ട് ആസനങ്ങള്‍ ചെയ്യിക്കാറില്ല. ആയുര്‍വേദത്തിന്റെ കൂടെയുള്ള ഒന്നാണ് യോഗ. അതിന്റെ ഭാഗമാണ് പഥ്യം എന്നത്. പ്രമേഹത്തിന്‍ വ്യായാമം നിര്‍ദേശിക്കുന്നുണ്ട്. കഫജങ്ങളായ രോഗങ്ങള്‍ക്ക് വ്യായാമം വേണം. വാതം, പിത്തം കൊണ്ടുള്ള ആസുഖങ്ങള്‍ക്ക് വ്യായാമം ആവശ്യമില്ല. ഉദാ: ആസ്മയ്‌ക്ക് പ്രാണായാമം ചെയ്യാം.
ആയുവേദത്തില്‍ എല്ലാം സ്പഷ്ടമായി പറയുന്നുണ്ട്. ഒരു രോഗിയെ എപ്പോള്‍ ആശ്വസിപ്പിക്കണം എന്നുപോലും. ഒരു രോഗം കണ്ടെത്തി കഴിഞ്ഞാല്‍ ഓരോ ഘട്ടത്തിലും എന്ത് ചെയ്യണം, എന്ത് കഴിക്കണം, എന്ത് ചികിത്സ ചെയ്യണം എന്നൊക്കെ വ്യക്തമായി പറയുന്നു.
എന്തുകൊണ്ട് ചികിത്സ തേടി എത്തുന്നവരില്‍ അധികവും വിദേശികള്‍ ?
മലയാളികള്‍ക്ക് ഇന്നും ആയുര്‍വേദത്തിന്റെ ആഴവും പരപ്പും അവ്യക്തമാണ്. പലരും വെല്‍നസ് ട്രീറ്റ്‌മെന്റ് പോലെയാണ് ആയുര്‍വേദത്തെ കാണുന്നത്. ഞാന്‍ ചികിത്സിച്ചിട്ടുള്ള മാരക രോഗങ്ങള്‍ ബാധിച്ചവരെല്ലാം വിദേശികളാണ്. അവരൊക്കെ ഇപ്പോഴും സുഖമായി ജീവിക്കുന്നുവെന്ന് കേള്‍ക്കുന്നത് സന്തോഷം തരുന്നു. ആധുനിക വൈദ്യശാസ്ത്രം തിരസ്‌ക്കരിച്ച പല രോഗികളെയും ഏറ്റെടുത്തിട്ടുണ്ട്. പലരും ആവശ്യപ്പെടുന്നത് ചികിത്സിക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍ വരാന്‍ ഞങ്ങള്‍ റെഡി എന്നാണ്. ലുക്കീമിയ ബാധിച്ച് ആറുമാസത്തില്‍ അധികം ജീവിക്കില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു വിദേശ വനിത ഇവിടെയെത്തി, അവരുടെ മക്കള്‍ അലോപ്പതി ഡോക്ടര്‍മാരാണ്. അവരുടെ സമ്മതത്തോടെയാണ് ചികിത്സിച്ചത്. കൊവിഡ് കാലത്താണ് അവര്‍ ഇവിടെ വന്നതും ചികിത്സ കഴിഞ്ഞ് പോയതും. ഇപ്പോഴും അവര്‍ ജീവിക്കുന്നുണ്ട്.
ആയുര്‍വേദ ചികിത്സയ്‌ക്ക് പ്രായം ഒരു ഘടകമാണോ?
അസുഖം മുഴുവനായി മാറുന്നതിന് പ്രായം ഒരു ഘടകമാണ്. 65 വയസ്സില്‍ താഴെയാകണമെന്നാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. കൂടാതെ, അലര്‍ജി ഇല്ലാതെ എല്ലാ ഔഷധവും സ്വീകരിക്കാന്‍ കഴിയണം. യുവാവ് ആകണം, പിന്നെ പുരുഷനായിരിക്കണം എന്നാണ് ആയുര്‍വേദം പറയുന്നത്.
ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ ഭാവി ?
ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള ഒരു പദ്ധതിയാണ് ഇനി വരാനിരിക്കുന്നത്. ഇതിനായി ഞീഴൂരില്‍ സ്ഥലം എടുത്തുകഴിഞ്ഞു. ആയുര്‍വേദ ചികിത്സയ്‌ക്കിടെ അലോപ്പതിയുടെ സഹായം വേണ്ടിവരുമ്പോള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഉദാഹരണത്തിന് അതിശക്തമായ വേദനയോ മറ്റ് എന്തെങ്കിലും അത്യാഹിതഘട്ടമോ വന്നാല്‍ അലോപ്പതി ചെയ്യും. എന്നിരുന്നാലും ചികിത്സ ആയുര്‍വേദം തന്നെയാകും. അതാണ് ആദ്യ ഘട്ടം. അലോപ്പതി ഡോക്ടര്‍മാരും ഇവിടെ സ്വതന്ത്രമായി ചികിത്സിക്കും. കൂടാതെ അവര്‍ക്ക് തിരികെ ആയുര്‍വേദത്തില്‍ നിന്ന് ചികിത്സ എടുക്കാം എന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായി പ്രത്യേക ചികിത്സയില്ലാത്ത ചില രോഗങ്ങള്‍ക്ക് രണ്ടില്‍ നിന്നും ചികിത്സ നല്‍കുന്നതാണ്. ഇത് ക്ലിനിക്കല്‍ സ്റ്റഡി ആക്കി മാറ്റി, പ്രസിദ്ധീകരിക്കും. ഇതൊക്കെയാണ് ഭാവി പരിപാടികള്‍. ഭാര്യ ഡോ.വിദ്യ വിജിത് മറവന്‍തുരുത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോക്ടറാണ്. മകള്‍ ശിവകാമി. വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: