ആഗസ്ത് 27-28 തീയതികളില്‍ പാലക്കാടിനടുത്ത് കല്ലേക്കാട് വ്യാസ വിദ്യാപീഠം വളപ്പില്‍ നടന്ന സംഘത്തിന്റെ സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ രാവിലെ 8.30 ഓടെ അവിടെയെത്തി. സംഘത്തിന്റെ ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍. രാജുവും വിഭാഗ് പ്രചാരകനും വിഭാഗ് കാര്യവാഹും ഒപ്പമുണ്ടായിരുന്നു. ബൈഠക് ആരംഭിക്കുന്നതിനു മുന്‍പ് ക്ഷേത്രീയ സഹകാര്യവാഹും ജന്മഭൂമിയുടെ എംഡിയുമായ എം. രാധാകൃഷ്ണനുമായി സംസാരിക്കെ ഭാരതീയ വിചാരകേന്ദ്രം സന്ദര്‍ഭവശാല്‍ പരാമര്‍ശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൊബൈലില്‍ അപ്പോള്‍ വന്ന സന്ദേശങ്ങളില്‍ വിചാര കേന്ദ്രത്തിന്റെ ഏറ്റവും സജീവ പ്രവര്ത്തകന് ഡോ. ബി.എസ്. ഹരിശങ്കര്‍ അല്‍പ്പസമയം മുന്‍പ് അന്തരിച്ച വിവരം വന്നിട്ടുണ്ട് എന്നറിയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന വിവരമായിരുന്നു അത്. കേവലം ഒരു വര്‍ഷത്തിനുമീതെയേ ഞങ്ങള്‍ക്കു പരിചയമായിരുന്നുള്ളൂ. അദ്ദേഹം കേരളത്തിലെ മാപ്പിളമാരുടെ ചരിത്രത്തെക്കുറിച്ചും മറ്റും ഗഹനമായ ഗവേഷണം നടത്തിയ വ്യക്തിയാണെന്നും, മാപ്പിളലഹളയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം വരുന്നുണ്ടെന്നും അറിഞ്ഞിരുന്നു. ബിയോണ്ട് റാബേജ് എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു ഗവേഷണഗ്രന്ഥം 2021 നവംബര്‍ 30 നു കേസരിഭവന്റെ ഗൃഹപ്രവേശാവസരത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് സമര്‍പ്പിക്കപ്പെടുകയുമുണ്ടായി. പുസ്തകത്തിന്റെ വില്‍പ്പനയ്ക്കു കാലതാമസമുണ്ടാകുമെന്നും അവിടെ അറിയിക്കപ്പെട്ടു.
ഏതാനും മാസങ്ങള്‍ക്കുശേഷം പുസ്തകപ്രകാശനം വിചാരകേന്ദ്രത്തിന്റെ ആസ്ഥാനത്ത് നടന്നു. അതിന്റെ ഒരു പ്രതിക്കായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ സഞ്ജയനെ വിളിച്ചന്വേഷിച്ചിരുന്നു. ഡോ. ബി.എസ്. ഹരിശങ്കര്‍ കണ്ണൂര്‍ക്കാരനാണോ എന്നാണ് ഞാന്‍ അന്വേഷിച്ചത്. കാരണം ജന്മഭൂമി എറണാകുളത്തു 1977 നവംബര്‍ 15 ന് പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ട്രെയിനിയായി ഒരു ബി. ഹരിശങ്കര്‍ ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും താല്‍പ്പര്യവും ഗവേഷണ ബുദ്ധിയും എഴുത്തിലും വാക്കിലും നല്ല വൈഭവവും പ്രദര്‍ശിപ്പിച്ച അദ്ദേഹം പ്രൊഫസര്‍ മന്മഥന് സാറിന്റെ പ്രത്യേക സ്നേഹത്തിനു പാത്രവുമായി. കണ്ണൂരിലെ വള്ളിക്കുന്നുകാരനായിരുന്നു, ചെറുശ്ശേരിയുടെ നാട്ടുകാരന്. ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായരുടെ ശിഷ്യന്, മൂകാംബികാ ഭക്തന്. അപ്പോള്‍ സാഹിത്യാദി വിഷയങ്ങളില്‍ കൗതുകമുണ്ടാവാതെ വയ്യല്ലോ. ആ ഹരിശങ്കര്‍ മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായി പ്രവേശിച്ച് ഈയിടെ വിരമിച്ചതേയുള്ളൂ. ഇടയ്ക്കിടെ വിളിച്ചു വിശേഷങ്ങള്‍ അറിയിക്കാറുണ്ട്.
ആര്. സഞ്ജയന്റെ നിര്‍ദേശപ്രകാരം വിചാരകേന്ദ്രത്തില്നിന്ന് എനിക്ക് രണ്ട് പുസ്തകങ്ങള്‍ അയച്ചുതന്നു. അതു കിട്ടിയപ്പോള്‍ ഡോ. ഹരി ശങ്കറെ വിളിച്ചു. അവ ലഭിച്ച വിവരം നന്ദിപൂര്‍വം അറിയിച്ചു. ഞാന്‍ വിചാരകേന്ദ്രത്തില്‍ പോയത് 10-15 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുവെന്നും, സംഘ ബൈഠക്കുകള്‍ക്ക് പോയപ്പോള്‍ രണ്ടുതവണ അവിടെ രാത്രി കഴിച്ചുകൂട്ടിയെന്നും അറിയിച്ചു. വിചാരകേന്ദ്രം കോട്ടയ്ക്കകത്തായിരുന്നപ്പോള് പലപ്പോഴും രാത്രി അവിടെ സുരേന്ദ്രന്റെ അതിഥിയായി കൂടിയ വിവരവും പറഞ്ഞു. ഡോ. ഹരിശങ്കറും തന്റെ വ്യക്തിപരമായ താല്പര്യങ്ങള് അറിയിച്ചു. എന്റെ തിരുവനന്തപുരം ബന്ധങ്ങള്‍ 1951 ലാരംഭിച്ചതാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനും താല്പ്പര്യജനകമായി.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തിരുവിതാംകൂറിനെ ഏകീകരിച്ച മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ഭരണകാലത്ത് തിരുവട്ടാറ്റ് ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് സമീപമുള്ള നായര്‍ കുടുംബാംഗമായിരുന്ന നീലകണ്ഠപിള്ള അന്നത്തെ സമ്പ്രദായമനുസരിച്ച് രാജകീയസേനയുടെ ഒരു വിഭാഗത്തെ നയിച്ചുവന്നു. ഭാരതത്തില്‍ ഡച്ച് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചുവന്ന ഡിലനായി എന്ന നാവികത്തലവന്‍, തിരുവിതാംകൂറിന്റെ തെക്കന്‍ തുറമുഖമായ കൊളച്ചല്‍ പിടിക്കാന്‍ എത്തിയതും, 1741 ല്‍ നടന്ന ആ യുദ്ധത്തില്‍ ഡച്ചു സൈന്യം പരാജയപ്പെട്ടതും ഡിലനോയിയെയും സഹനാവികരെയും മാര്‍ത്താണ്ഡവര്‍മ്മ തടവുകാരാക്കിയതും ചരിത്രത്തിലെ ഉജ്വലമുഹൂര്ത്തങ്ങളാണ്. 1905ല്‍ ജപ്പാന്‍കാര്‍ റഷ്യന്‍ സാമ്രാജ്യത്തെ ബെറിങ്ങ് യുദ്ധത്തില്‍ തോല്‍പ്പിച്ചതിന് മുന്‍പ് ഏഷ്യയില്‍തന്നെ ഒരു നാട്ടുരാജ്യം പാശ്ചാത്യ നാവികസേനയെ തോല്പ്പിച്ചതാദ്യമായിരുന്നു.
നീലകണ്ഠപിള്ളയെ ഡിലനോയി അനുനയിപ്പിച്ച് സ്വാധീനച്ച് ക്രിസ്തുമതത്തിലേക്കു മാര്‍ഗം കൂട്ടിയെന്ന കഥയാണിപ്പോള്‍ പ്രചരിപ്പിച്ചുവരുന്നത്. ശൗരിയാര് പുണ്യാളനെന്ന് മലയാളക്കരയില്‍ പ്രസിദ്ധിയാര്‍ജിച്ച പറങ്കിത്തലവന്‍ ഫ്രാന്‍സിസ് സേവിയറുടെ നേതൃത്വത്തില്‍ കന്യാകുമാരിവരെയുള്ള പടിഞ്ഞാറന്‍ കടല്‍തീരം മാത്രമല്ല കിഴക്കന്‍ തീരവും മാര്‍ക്കം കൂട്ടിക്കഴിഞ്ഞിരുന്നു. തെക്കന്‍ താലൂക്കുകളിലെ കടല്‍ത്തീരം ഏതാണ്ട് പൂര്‍ണമായിത്തന്നെ ശൗരിയാര് പുണ്യാളനും സഹായികളും കീഴടക്കിയെന്നു പറയാം. അവര്‍ രാജാവിനെതിരെ ജനങ്ങളില്‍ വിദ്രോഹ വാസനകള്‍ പ്രചരിപ്പിച്ചു. സഹികെട്ട മാര്‍ത്താണ്ഡവര്‍മ്മ അന്നത്തെ മാര്‍പ്പാപ്പയ്ക്കു അതെപ്പറ്റി കത്തുകളയച്ചു. പറങ്കികളും നാടന്‍ ക്രിസ്ത്യാനികളുമായുള്ള ശണ്ഠയുടെ കഥയാണല്ലോ പാറേമ്മാക്കല്‍ തോമാകത്തനാരുടെ വര്‍ത്തമാനപ്പുസ്തകം. ഇതുപോലെ മറ്റൊരു പുസ്തകമാണ് കാത്തലിക് ക്രിസ്ത്യന്‍സ് ഓഫ് കേരളം എറണാകുളത്തെ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്ന പ്രൊഫസര്‍ എന്‍.എം. പൈലിക്ക് മാര്‍പാപ്പാ ഷെവലിയര്‍ സ്ഥാനം നല്‍കിയതിന് സ്മാരകമായി കേരള ടൈംസ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മാര്‍പാപ്പയ്ക്കയച്ച മൂന്നു കത്തുകളും അവയ്ക്കു മാര്‍പ്പാപ്പാ നല്കിയ മറുപടിയും കൊടുത്തിട്ടുണ്ട്. അതിനു പുറമേ മാര്‍ തോമാശ്ലീഹായെ മയിലാപൂരിലെ കുന്നിന്മുകളില് ധ്യാനിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണര്‍ കുന്തംകൊണ്ടു കുത്തിക്കൊന്നുവെന്ന കഥയേയും ആ പുസ്തകം നിരാകരിക്കുന്നു.
ഈ വിവരങ്ങള്‍ ഞാന്‍ ഡോ. ഹരിശങ്കറുമായി സംസാരിച്ചിരുന്നു. എറണാകുളത്തെ കേരള ടൈംസില്‍ അന്വേഷിച്ചാല്‍ പുസ്തകം കിട്ടിയേക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രാന്തകാര്യാലയത്തിലെ ജ്ഞാനേശ്വര്‍ സ്വാധ്യായ കേന്ദ്രം ഗ്രന്ഥശാലയില്‍ ഒരു കോപ്പി ഞാന്‍ തന്നെ കൊടുത്തിരുന്നു. അതു വിചാരകേന്ദ്രത്തിന് നല്കുകയാണല്ലൊ ഉണ്ടായത് എന്നറിയിച്ചപ്പോള്‍ താന്‍ ഒന്നുകൂടി അതു പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. പാലക്കാട് ബൈഠകിന് പുറപ്പെടുമ്പോള്‍ വിചാരകേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അദ്ദേഹവും കാണും എന്നു പ്രതീക്ഷിച്ചിരുന്നു. നേരിട്ട് ഓര്മകെടാത്ത പരിചയപ്പെടലും ആശയവിനിമയവും നടത്താമെന്ന പ്രതീക്ഷയിലായിരുന്നു രാധാകൃഷ്ണനോട് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചത്. സാക്ഷാത്കരിക്കപ്പെടാത്ത മോഹമായി അതവസാനിച്ചു.
ഡോ. ഹരിശങ്കറുടെ ചരമവാര്‍ത്തയോ അദ്ദേഹത്തെപ്പറ്റിയുള്ള മറ്റു വിവരങ്ങളോ അക്കാദമികമല്ലാത്തതടക്കം ജന്മഭൂമിയിലെങ്കിലും തുടര്ന്നുണ്ടാവുമെന്നു വിചാരിച്ചു. ഇപ്പോള്‍ പത്രങ്ങളില്‍ ചരമമടക്കം വാര്‍ത്തകള്‍ ജില്ല തിരിച്ചോ എഡിഷന് തിരിച്ചോ മാത്രമേ വരികയുള്ളൂവല്ലൊ. അതുകൊണ്ടാവാം ഇടുക്കി ജില്ലയിലേക്കുള്ള പതിപ്പുകളില്‍ അതുവരാത്തത്. പോരാത്തതിന് മഹാപ്രളയവും ഉരുള്‍പൊട്ടലും അതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ഓണാഘോഷ പരസ്യങ്ങളും പത്രത്താളുള് പിടിച്ചടക്കിക്കഴിഞ്ഞു. എന്തുചെയ്യാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: