തെക്കന്‍ കാശിയെന്നറിയപ്പെടുന്ന പുണ്യനഗരമാണ് കാഞ്ചീപുരം. തമിഴ്നാടിന്റെ വടക്കുള്ള ക്ഷേത്രനഗരി. സപ്തമോക്ഷപുരികളിലൊന്നായ കാഞ്ചി ദക്ഷിണഭാരതത്തിലെ പൗരാണിക വിദ്യാഭ്യാസകേന്ദ്രവുമാണ്. രാമാനുജാചാര്യന് തത്വജ്ഞാനം ലഭിച്ചത് ഇവിടെ നിന്നത്രേ. കാശിയേയും കാഞ്ചിയേയും ബ്രഹ്മാണ്ഡപുരാണത്തില്‍ ശിവഭഗവാന്റെ നേത്രങ്ങളായാണ് വര്‍ണിച്ചിരിക്കുന്നത്.
വൈഷ്ണവ, ശൈവ, ബുദ്ധ, ജൈനന്മാരുടെ പ്രധാന തീര്ഥസ്ഥാനമായിരുന്ന കാഞ്ചിയെ ശിവകാഞ്ചി, വിഷ്ണുകാഞ്ചി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. കാഞ്ചീപുരത്തിന്റെ ഓരോ കോണിലും കാണാനാകും ക്ഷേത്രങ്ങള്‍.
ഇവിടെയുള്ള കാമാക്ഷി, ഏകാംബര്നാഥ്, കുമാരകൊട്ടം, കൈലാസനാഥര്, വൈകുണ്ഠ പെരുമാള്‍, വരദരാജ പെരുമാള്‍ ക്ഷേത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. 108 ശിവസ്ഥാനങ്ങളും കാഞ്ചിയിലുണ്ട്.
തമിഴ്നാട്ടിലെ അമ്മന്‍ (ദേവി) ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് കാമാക്ഷി ക്ഷേത്രം. 51 ശക്തിപീഠങ്ങളില്‍ ഒന്നത്രേ കാഞ്ചി കാമാക്ഷി ക്ഷേത്രം. ദക്ഷയാഗത്തില്‍ പങ്കെടുക്കാനെത്തി ആത്മാഹുതി ചെയ്ത, ശിവപത്നിയുടെ സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ വീണയിടങ്ങളാണ് ശക്തിപീഠങ്ങളെന്ന് അറിയപ്പെടുന്നത്. ദേവിയുടെ നാഭി ഭൂമിയില്‍ പതിച്ചയിടത്താണ് കാമാക്ഷി ക്ഷേത്രമിരിക്കുന്നതെന്നാണ് വിശ്വാസം.
ദക്ഷിണേന്ത്യയിലെ പ്രമുഖ സുബ്രഹ്മണ്യ (മുരുഗന്)ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ കുമാരകൊട്ടം. യോഗിവര്യനായ കാച്ചിയപ്പ ശിവചാരിയാര്‍ സ്കന്ദപുരാണത്തിന്റെ തമിഴ് പരിഭാഷയായ കണ്ടപുരാണം രചിച്ചത് ഇൗ ക്ഷേത്രത്തില്‍ വച്ചായിരുന്നു. ഓരോ ദിവസവും പരിഭാഷപ്പെടുത്തുന്ന ഭാഗങ്ങള്‍ തിരുത്തുന്നതിനായി ശിവചാരിയാര്‍ ക്ഷേത്ര നടയ്ക്കല്‍ വയ്ക്കും. ഭഗവാന് മുരുഗന് അടുത്ത ദിവസത്തേക്ക് അവയിലെ തെറ്റുകള്‍ തിരുത്തി വയ്ക്കുക പതിവായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. കാമാക്ഷിക്ഷേത്രത്തിന് നിന്ന് ഏറെ ദൂരമില്ല കുമാരകൊട്ടത്തിലേക്ക്.
ശിവഭഗവാന്റെ പഞ്ചഭൂതസ്ഥലങ്ങളില്‍ ഒന്നാണ് കാഞ്ചീപുരത്ത ഏകാംബരേശ്വര ക്ഷേത്രം. പഞ്ചഭൂതങ്ങളിലെ പൃഥ്വീതത്ത്വത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. നാലുഗോപുരങ്ങളോടെ 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ശില്പചാതുരിയും ഗാംഭീര്യവും വിസ്മയിപ്പിക്കുന്നതാണ്. ക്ഷേത്രമുറ്റത്തെ സ്ഥലവൃക്ഷമായി അറിയപ്പെടുന്ന മാവിന് 3500 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്നു.
ഈ മൂന്നു ക്ഷേത്രങ്ങളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് വിഖ്യാതമായ വരദരാജപെരുമാള്‍ ക്ഷേത്രമുള്ളത്. വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുള്ളതിനാല്‍ ഇവിടം വിഷ്ണു കാഞ്ചി എന്നറിയപ്പെടുന്നു. 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് വരദരാജപെരുമാള്‍ ക്ഷേത്രം. അത്തി മരത്തില്‍ രൂപപ്പെടുത്തിയ വിഷ്ണുഭഗവാന്റെ വിഗ്രഹമാണ് ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത്. ഭഗവാന് ഇവിടെ ഇവിടെ അത്തിവരദര്‍ എന്നറിയപ്പെടുന്നു. ക്ഷേത്രക്കുളത്തിലെ പ്രത്യേക അറകളിലൊന്നിലാണ് ഈ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്. 40 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വിഗ്രഹം പുറത്തെടുക്കാറുള്ളൂ. തുടര്‍ന്ന് 48 ദിവസം ഭക്തര്‍ക്ക് വിഗ്രഹം ദര്‍ശിക്കാനാവും. ക്ഷേത്രത്തിലെ കോവിലുകളിലൊന്നിന്റെ മേല്‍ക്കൂരയില്‍ രണ്ടു പല്ലികളുടെ രൂപം കാണം. അവയില്‍ വലുത് സ്വര്‍ണത്തിലും ചെറുത് വെള്ളിയിലുമാണുള്ളത്. തന്റെ രണ്ടു ശിഷ്യന്മാരെ പല്ലികളായി മാറട്ടെയെന്ന് ഗൗതമമുനി ശപിച്ചതായാണ് ഇതിനു പിന്നിലെ ഐതിഹ്യം. ഈ പല്ലികളെ ദര്‍ശിച്ചാല്‍ പാപങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.
കാഞ്ചീപുരത്ത് ശിവക്ഷേത്രങ്ങളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശമാണ് ശിവകാഞ്ചി. കല്ലിലെ ശില്പവേലകളാല് മനോഹരമാണ് അവിടെയുള്ള കൈലാസനാഥര് ക്ഷേത്രം. വിവിധ രൂപഭാവങ്ങളില്‍ ശിവഭഗവാന് കുടിയിരിക്കുന്ന 58 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് കൈലാസനാഥര് ക്ഷേത്രം. പണ്ടു കാലത്ത് ശത്രുക്കളുടെ ഭീഷണിയുണ്ടാകുമ്പോള്‍ രാജാക്കന്മാര്ക്ക് രക്ഷപ്പെടാനായി പണിത വലിയൊരു തുരങ്കം ക്ഷേത്രവളപ്പിനകത്ത് കാണാം. പല്ലവരാജക്കന്മാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: