മയാമി: ലോകം ഉറ്റുനോക്കുന്ന തീപാറുന്ന ചെസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒടുവില്‍ അമേരിക്കയില്‍ നടക്കുന്ന എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സില്‍ കിരീടത്തിനായി 17കാരനായ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും ഞായറാഴ്ച അര്‍ധരാത്രി ഏറ്റുമുട്ടും.
ഏഴ് റൗണ്ടുള്ള മത്സരത്തില്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ മാഗ്നസ് കാള്സണ് 15 പോയിന്റോടെ ഒന്നാം സ്ഥാനത്തും പ്രഗ്നാനന്ദ 13 പോയിന്റോടെ രണ്ടാം സ്ഥാനത്തും നിലകൊള്ളുകയാണ്. ഈ പോരാട്ടത്തില്‍ സമനില പിടിച്ചാല്‍ പോലും മാഗ്നസ് കാള്സണ് കിരീടം നേടാം. പ്രഗ്നാനന്ദയ്ക്ക് കിരീടം നേടണമെങ്കില്‍ മാഗ്നസ് കാള്‍സനെ തോല്പിച്ചേ പറ്റൂ.
ആകെ രണ്ട് തവണയാണ് പ്രഗ്നാനന്ദയും മാഗ്നസ് കാള്‍സണും തമ്മില്‍ പോരാടിയിട്ടുള്ളത്. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലും ചെസ്സബിള്‍ മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റിലും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം പ്രഗ്നാനന്ദയ്ക്കായിരുന്നു.
ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോട് കുതിരയുടെ നീക്കത്തില്‍ അബദ്ധം കാണിച്ച പ്രഗ്നാനന്ദയുടെ നിരാശ:
ആദ്യ നാല് റൗണ്ടുകളില്‍ ജയം നേടിയ പ്രഗ്നാനന്ദ പക്ഷെ അഞ്ചും ആറും റൗണ്ടില്‍ തോല്‍വി അറിഞ്ഞു. അഞ്ചാം റൗണ്ടില്‍ വിയറ്റ്നാമിന്റെ ലിയം ലെയോടും ആറാം റൗണ്ടില്‍ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോടും പ്രഗ്നാനന്ദ അടിയറവ് പറഞ്ഞിരുന്നു. ലോകത്തിലെ മികച്ച എട്ട് ഗ്രാന്റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന അമേരിക്കല്‍ ചാമ്പ്യന്‍സ് ചെസ് ടൂറിലെ ആറാമത്തെ ടൂര്‍ണ്ണമെന്റാണിത്. അഞ്ച് തവണ ലോകചാമ്പ്യനായ 31 കാരന് മാഗ്നസ് കാള്‍സനും ഇന്ത്യയുടെ പ്രഗ്നാനന്ദയും തമ്മില്‍ ഞായറാഴ്ച അര്‍ധരാത്രി നടക്കുന്ന ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ചെസ് ലോകം. ഈ ടൂര്‍ണ്ണമെന്റില്‍ പ്രഗ്നാനന്ദയെ തോല്പിച്ച വിയറ്റ്നാമിന്റെ ലിയം ലെയെ തോല്പിച്ചതിന്റെ മുന്‍തൂക്കം മാഗ്നസ് കാള്സനുണ്ട്. പക്ഷെ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റോഫ് ഡ്യൂഡയോട് മാഗ്നസ് കാള്സണ് തോറ്റു. ഈ ടൂര്‍ണ്ണമെന്റിലെ കാള്‍സന്റെ ഏക തോല്‍വി. ഇതുവരെ നേരിട്ടുള്ള പോരാട്ടത്തില്‍ രണ്ട് തവണയും കാള്‍സനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസം പ്രഗ്നാനന്ദയ്ക്കുണ്ട്.
ആദ്യത്തെ നാല് റൗണ്ടുകളില്‍ ലോകറാങ്കില്‍ ആറാം സ്ഥാനത്തുള്ള അമേരിക്കന്‍ ഗ്രാന്റ് മാസ്റ്ററായ ലെവോണ്‍ ആറോണിയനെയും ഇറാന്റെ ഗ്രാന്റ്മാസ്റ്റര്‍ അലിറെസ് ഫിറൂജയെയും ലോക പത്താം നമ്പര്‍ താരമായ നെതര്‍ലാന്റ്സിന്റെ ഗ്രാന്റ് മാസ്റ്റര്‍ അനീഷ് ഗിരിയെയും യുവ ഗ്രാന്റ് മാസ്റ്റര്‍ ഹാന്‍സ് നീമാനെയും പ്രഗ്നാനന്ദ തോല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: