ന്യൂദല്‍ഹി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് 22 പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും നാല് ലക്ഷം രൂപയും പടികൂടി. കര്‍ണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങില്‍ നടത്തിയ റെയിഡിന് പിന്നാലെയാണ് ദല്‍ഹിയിലും പരിശോധന ശക്തമാക്കിയത്.
അതിവേഗ വായ്പ ആപ്പുകളിലൂടെ ഇന്ത്യയില്‍നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തിയതായും ദല്‍ഹി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് വിഭാഗം കണ്ടെത്തി. ആപ്പുകളിലൂടെ പണംതട്ടുന്ന ചൈനക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റന്റ് ലോണിന്റെ പേരില്‍ അമിത പലിശ ഈടാക്കുന്നതായും ലോണ്‍ തിരിച്ചടച്ചതിനുശേഷവും മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കാണിച്ച് നൂറുകണക്കിന് പരാതി കിട്ടിയെന്നും ഡെപ്യൂട്ടി പോലീസ് കമീഷണര്‍ കെ.പി.എസ്. മല്‍ഹോത്ര അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.നൂറിലധികം ആപ്പുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ പണം തട്ടുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാജ പേരുകളിലാണ് എല്ലാ ആപ്പുകളും ഉപഭോക്താക്കളെ സമീപിക്കുന്നത്. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ടെലഫോണ്‍ കോണ്ടാക്ട്, ചാറ്റ്, മെസേജ്, ചിത്രങ്ങള്‍ എന്നിവ ചൈനീസ് സെര്‍വറുകളിലേക്ക് അപ്േലാഡ് ചെയ്യും. ലോണ്‍ അപേക്ഷകള്‍ ഗൂഗ്ള്പേയുമായും മറ്റ് വെബ്സൈറ്റുകളുമായി ബന്ധിപ്പിക്കും. ലോണ്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ വിവരങ്ങളെല്ലാം ചൈനീസ് സെര്‍വറില്‍ എത്തും. ഈ വിവരങ്ങള്‍ മറ്റ് പല സ്വകാര്യ കമ്പനികള്‍ക്കും കൈമാറും. വിവിധ ഫോണുകളില്‍നിന്ന് മാറിമാറി വിളിച്ചാണ് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നത്. ലോണ്‍ അടവായും ഭീഷണിപ്പെടുത്തിയും ഉപഭോക്താക്കളില്‍നിന്ന് തട്ടുന്ന പണം ഹവാലയായും ക്രിപ്റ്റോ കറന്‍സിയായുമാണ് ചൈനയിലേക്ക് കടത്തുന്നത്. 5000 മുതല്‍ 10,000 രൂപ വരെ ലോണ്‍ എടുക്കുന്നവര്‍ ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: