കൊല്ലം: റിസര്‍വ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും ഒന്നര മാസം നീണ്ടു നിന്ന ശ്രമഫലമായി ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഡിജിറ്റലായി മാറുന്നു. ബാങ്ക് ശാഖകളില്‍ പോകാതെതന്നെ ആധാര്‍ നമ്പറും വിരലടയാളവും ഉപയോഗിച്ചും മൊബൈല്‍ഫോണ്‍ വഴിയും നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാര്‍ഡുകള്‍, ക്യു ആര് കോഡ്, പോസ് മെഷീന്, യുപിഐ-വാലറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ചും ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ 33 ബാങ്കുകളുടെ 464 ശാഖകളുടെയും ബ്ലോക്ക് തലത്തിലുള്ള സാമ്പത്തിക സാക്ഷരതാ കൗണ്‍സലര്‍മാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ജില്ലയൊട്ടാകെ വിവിധ പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനും ഉപയോഗത്തില്‍ കൊണ്ടുവരാനായി പരിശീലിപ്പിക്കാനും സാധിച്ചു. മുഴുവന്‍സമയ ബാങ്കിങ്, തല്‍സമയ പണമിടപാടുകള്‍, ഓണ്‍ലൈനായി അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യം, ഓണ്‍ലൈനായി സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങാനും ക്ലോസ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങിലേക്കു ആകര്‍ഷിച്ചു.
ഇനിയും ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടണം. ഡിജിറ്റല്‍ ആകുന്നതു വഴി കറന്‍സിയുടെ ഉപയോഗവും കള്ളനോട്ടുകളുടെ പ്രചാരവും നല്ലൊരളവ് വരെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിക്കും. ജില്ലയിലെ 34.14 ലക്ഷം അര്‍ഹരായ സേവിങ്സ്, കറന്റ് അക്കൗണ്ട് ഇടപാടുകാരില്‍ 33 .70 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ സേവനം, ഏകദേശം 98 .71 ശതമാനം, എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ എല്ലാവരിലും എത്തിക്കുക വഴി, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം, പെന്ഷന്, ഗ്രാന്റുകള്‍, സ്കോളര്‍ഷിപ്, ദുരിതാശ്വാസം തുടങ്ങിയവ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി എത്തിക്കാനും സാധിക്കും.
ഫീസ്, വൈദ്യുതി, വാട്ടര്ചാര്ജുകള്, വിവിധ ടാക്സുകള്‍ മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അടക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: