ചണ്ഡീഗഢ്: രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്ര കൃഷിമന്ത്രിയും മൂന്ന് തവണ ഹരിയാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന ഭജന്‍ലാലിന്റെ മകന് കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്. മൂന്ന് തവണ ആദംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ കുല്‍ദീപ് ബിഷ്ണോയി ബുധനാഴ്ച എംഎല്‍എ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച ഇദ്ദേഹം ബിജെപിയില്‍ ചേരും. ആദംപൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായിരുന്നു കുല്‍ദീപ് ബിഷ്ണോയി. ഹരിയാനയില്‍ മാത്രമല്ല രാജസ്ഥാനിലും ശക്തമായ സ്വാധീനമുള്ള നേതാവാണ് കുല്‍ദീപ് ബിഷ്ണോയി. ഇദ്ദേഹത്തിന്റെ മാറ്റം കോണ്‍ഗ്രസിനെ ഏറെ ക്ഷീണിപ്പിക്കും.
“കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതിന് പല കാരണങ്ങളുമുണ്ട്. ഇനി ഒരിയ്ക്കലും കോണ്‍ഗ്രസിലേക്ക് പോകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയും രാജ്യവികസനത്തിനുള്ള ചിന്താരീതിയും ഏറെ ഇഷ്ടമാണ്. എന്റെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും എന്നോട് പറഞ്ഞു – എന്തുകൊണ്ട് താങ്കള്‍ മോദിയുടെ കൈകള്‍ക്ക് ബലമേകുന്നില്ല. താങ്കള്‍ക്ക് ഹരിയാനയിലും രാജസ്ഥാനിലും നല്ലൊരു വോട്ട് ബാങ്കുണ്ട്. ഞാന്‍ എന്റെ ജീവനക്കാരോടും നേതാക്കളോടും പറഞ്ഞു ഞാന്‍ ബിജെപിയില്‍ ചേരുകയാണ്. “- കുല്‍ദീപ് ബിഷ്ണോയി പറഞ്ഞു.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്ണോയി. നാല് തവണ ഇദ്ദേഹം ആദംപൂരില്‍ എംഎല്‍എയായിരുന്നു. മോദിയാണ് തനിക്ക് പ്രചോദനമെന്നും താന്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്നും കുല്‍ദീപ് ബിഷ്ണോയി പറഞ്ഞു. അധികം വൈകാതെ ഹരിയാന കോണ്‍ഗ്രസ് മുക്തമാകുമെന്ന് കുല്‍ദീപ് ബിഷ്ണോയി വെല്ലുവിളിച്ചു. “കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹരിയാനയില്‍ ഭാവിയില്ല”- അദ്ദേഹം പറഞ്ഞു.
“അധികം വൈകാതെ ഹരിയാനയും രാജസ്ഥാനിലും ബിജെപി വന്‍മുന്നേറ്റം നടത്തുമെന്നും കുല്‍ദീപ് ബിഷ്ണോയി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ധൈര്യമുണ്ടെങ്കില്‍ ആദംപൂരില്‍ നിന്നും മത്സരിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ ബിഷ്ണോയി വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: