ഒറിഗോണ്‍ : ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി വെള്ളിമെഡല്‍ നേടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര. മെഡല്‍ നേടിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറിഗോണിലെ ലോക ചാമ്പ്യന്‍ ഷിപ്പില്‍ 88.13 മീറ്റര്‍ ദൂരം മറികടന്നാണ് നീരജിന്റെ വെള്ളി സ്വന്തമാക്കിയത്.
മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഫലത്തില്‍ താന്‍ സംതൃപ്തനാണ്. എന്റെ രാജ്യത്തിനായി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടവാനാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സ്വര്‍ണത്തിനായുള്ള ദാഹം തുടരും. എല്ലാ തവണയും സ്വര്‍ണം നേടാന്‍ സാധിക്കില്ലെന്ന് അറിയാം. ഇതിലും മികച്ച പ്രകടനത്തിനായി ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
ജാവലിന്‍ ത്രോയില്‍ 88.13 ദൂരം താണ്ടി വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ മെഡല്‍ നേട്ടം.യോഗ്യതാ റൗണ്ടില്‍ 82.39 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 90.54 മീറ്റര്‍ ദൂരം പീറ്റേഴ്സ് കണ്ടെത്തി. ഒറിഗോണിലെ യോഗ്യതാ റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: