നിര്‍മിച്ച റോഡുകള്‍ ആറുമാസത്തിനകം തകര്‍ന്നാല്‍ കരാറുകാരനും എഞ്ചിനീയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും, ഒരു വര്‍ഷത്തിനുള്ളിലാണ് തകരുന്നതെങ്കില്‍ ആഭ്യന്തരതല അന്വേഷണം നടത്തി കുറ്റമുണ്ടെന്നു കണ്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ജനങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യും. നിര്‍മാണത്തിലെ പിഴവുകൊണ്ട് റോഡുകള്‍ തകര്‍ന്നാല്‍ മഴയെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്ന അധികൃതര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ച് നടത്തിയത്. കെ-റോഡുകള്‍ എന്നു വിളിച്ചാലെങ്കിലും റോഡുകള്‍ നന്നാക്കുമോ എന്ന കോടതിയുടെ പരിഹാസം കൊള്ളേണ്ടിടത്ത് കൊള്ളുക തന്നെ ചെയ്യും. പൊതുജനത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു പകരം ഭരണാധികാരികള്‍ കമ്മീഷനും മറ്റും ലക്ഷ്യമാക്കി സില്‍വര്‍ലൈന്‍ പോലുള്ള വന്‍കിട ആഡംബര പദ്ധതികള്‍ക്കു പിന്നാലെ പോകുന്നതിനെയാണ് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കോടതി വിമര്‍ശനവിധേയമാക്കിയത്. മഴക്കാലമായാല്‍ റോഡുകള്‍ കുളമാകുന്നത് സ്വാഭാവികമാണെന്നും, അതില്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് കാലങ്ങളായി അധികൃതര്‍ വച്ചുപുലര്‍ത്തുന്നത്. മഴയല്ല, നിര്‍മാണ തകരാറാണ് റോഡുകളിലെ കുഴികള്‍ക്ക് കാരണമെന്ന വസ്തുതയാണ് സ്വന്തം യാത്രാനുഭവം ഉദാഹരിച്ചുകൊണ്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും പൊതുമരാമത്തു വകുപ്പ് കണ്ണുതുറക്കണം.
മഴക്കാലമായാല്‍ കേരളത്തിലെ റോഡുഗതാഗതം ദുരിതപൂര്‍ണമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. ടാറിങ് ഇളകി കുഴികളുണ്ടാവുക മാത്രമല്ല, കിലോമീറ്ററുകളോളം റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് പതിവു കാഴ്ചയാണ്. ഇതുമൂലം മാസങ്ങള്‍ ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിവരുന്നു. റോഡുകള്‍ തകരുന്നത് ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ആര്‍ക്കും ഒരിടത്തും സമയത്ത് എത്തിച്ചേരാനാവില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനാവാതെ വരുന്നു. ഗതാഗതസ്തംഭനം സ്ഥിരംകാഴ്ചയാവുന്നു. വാഹനങ്ങള്‍ക്ക് വളരെക്കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ ഇന്ധനച്ചെലവ് വര്‍ധിക്കുന്നത് മറ്റൊരു പ്രശ്നമാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണുള്ള വാഹനാപകടങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തൃശൂരിലെ തളിക്കുളത്ത് ഒരു കുടുംബത്തിന് ആശ്രയമായിരുന്ന യുവാവിന് ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണ് ദാരുണാന്ത്യം സംഭവിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. റോഡിലെ തകരാറുകൊണ്ടുണ്ടാകുന്ന വാഹനാപകടങ്ങളില്‍ നിരവധി പേരുടെ ജീവനുകളാണ് പൊലിയുന്നത്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാട് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാനുള്ള വ്യവസ്ഥ വേണം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കോടതി നിരന്തരം ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ മാറുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം ബന്ധപ്പെട്ടവര്‍ ശരിയായി ഉള്‍ക്കൊള്ളണം.
മികച്ച റോഡുകള്‍ ജനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണിത്. ഈ അവകാശം ഉറപ്പാക്കാനാവാത്തവര്‍ ഭരണാധികാരികളായിരിക്കാന്‍ യോഗ്യരുമല്ല. കേരളത്തിലെ റോഡുകള്‍ എന്തുകൊണ്ട് തകരുന്നു എന്നതിന് ഒരു ഉത്തരമേയുള്ളൂ, നിര്‍മാണത്തിലെ അപാകത. ഇതിനിടയാക്കുന്നത് അഴിമതിയാണ്. അനുവദിക്കുന്ന ഫണ്ടിലെ നല്ലൊരു ശതമാനം ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി വീതംവച്ചശേഷം അവശേഷിക്കുന്ന തുകകൊണ്ടാണ് നിര്‍മാണ സാമഗ്രികള്‍ മതിയായ തോതില്‍ ഉപയോഗിക്കാതെ റോഡുകള്‍ നിര്‍മിക്കുന്നത്. ഇത്തരം റോഡുകള്‍ നിശ്ചിതകാലം തകരാതെ നിലനില്ക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കരാറുകാര്‍ക്കില്ല. കാരണം റോഡുകള്‍ പൊളിഞ്ഞാലല്ലേ പുതിയ നിര്‍മാണ കരാര്‍ ലഭിക്കുകയുള്ളൂ. സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളിലിടം പിടിച്ച് കേമനാണെന്നു വരുത്താന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ വകുപ്പ് മന്ത്രിക്ക് ഇതിനു കഴിയില്ലെന്ന് വ്യക്തമായിരിക്കുന്നു. റോഡിലെ കുഴിയടയ്ക്കാന്‍ റണ്ണിങ് കോണ്‍ട്രാക്ട് നല്‍കുമെന്നാണത്രേ പൊതുമരാമത്ത് വകുപ്പിന്റെ ഒടുവിലത്തെ തീരുമാനം. അഴിമതിക്ക് പുതിയൊരു വഴി കൂടി തുറന്നിരിക്കുന്നു! അപ്പോഴും കുറ്റമറ്റ റോഡ് നിര്‍മാണത്തെക്കുറിച്ച് ചിന്തിക്കാത്തത് കഷ്ടം എന്നേ പറയാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: