ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ പിന്നിലെ ചാലകശക്തി സോണിയാഗാന്ധിയാണെന്ന് ബിജെപി വക്താവ് സംപിത് പത്ര.
“നരേന്ദ്രമോദിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി തീസ്ത സെതല്‍വാദിന് സോണിയാ ഗാന്ധി എത്ര കോടി രൂപ കൊടുത്തു എന്നറിയില്ല. ഇതിന്റെ സത്യങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തീസ്ത സെതല്‍വാദിന് 30 ലക്ഷം അഹമ്മദ് പട്ടേല്‍ നല്കി എന്ന് പറയുമ്പോള്‍ അഹമ്മദ് പട്ടേല്‍ ഒരു പേര് മാത്രമല്ല. ഈ ഗൂഢാലോചനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി സോണിയ ഗാന്ധിയാണ്. “- സംപിത് പത്ര പറഞ്ഞു.
“മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയ്ക്ക് നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. പക്ഷെ അഹമ്മദ് പട്ടേല്‍ വെറും ഒരു പേര് മാത്രമാണ്. സോണിയാ ഗാന്ധിയുടെ മുഖ്യ രാഷ്ട്രീയ ഉപദേശകനാണ് അഹമ്മദ് പട്ടേല്‍. സോണിയ ഗുജറാത്തിന്റെയും നരേന്ദ്രമോദിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു. അവരാണ് ഈ മുഴുവന്‍ ഗൂഢാലോചനയുടെയും പിന്നിലെ ശില്പി,”- സംപിത് പത്ര പറഞ്ഞു.
“തീസ്തയെ നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗമാക്കിയതും അവര്‍ക്ക് പത്മശ്രീ നല്കിയതും സോണിഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ്. തീസ്തയും അവരുടെ കൂട്ടാളികളും മനുഷ്യരാശിക്ക് വേണ്ടിയല്ല പ്രവര്‍ത്തിച്ചത്, രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്.” – സംപിത് പത്ര പറയുന്നു.
“തീസ്തയ്ക്ക് ആദ്യഗഡു എന്ന നിലയ്ക്ക് 30 ലക്ഷം രൂപ സോണിയാഗാന്ധി നല്കി. ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത അഹമ്മദ് പട്ടേല്‍ ചെക്ക് നല്കി എന്നേയുള്ളൂ. അതിന് ശേഷം നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനും രാഹുല്‍ഗാന്ധിയെ സ്വീകാര്യനാക്കാനും എത്ര കോടി സോണിയ ഗാന്ധി നല്കി എന്നറിയില്ല.” – സംപിത് പത്ര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: