ആര്. ആര്. ജയറാം
ചിത്തഭ്രമവും കൈവിഷബാധയും മാറാന്‍, മഹാദേവന്റെ അനുഗ്രഹവര്‍ഷം ശമനൗഷധിയാകുന്നൊരു തിരുസന്നിധി. അമൂല്യമായൊരു ഔഷധക്കൂട്ടിന്റെ സിദ്ധിവിശേഷങ്ങളാല്‍ ഭക്തരുടെ ആധിയും വ്യാധിയുമകറ്റുന്ന ഈ പുണ്യസങ്കേതമാണ് ചേര്‍ത്തലയ്ക്കടുത്തുള്ള തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ മഹാദേവനാണ് ഇവിടുത്തെ പ്രധാന ദേവത. മഹാവിഷ്ണു, ഗണപതി, യക്ഷി, ബ്രഹ്മരക്ഷസ്, അറുകൊല, നാഗങ്ങള്‍ എന്നിവരാണ് ഉപദേവതകള്‍. മഴക്കാലത്ത് ക്ഷേത്രവിഗ്രഹം വെള്ളത്തിലാവും. ആ സമയത്ത് പൂജകള്‍ക്കായി മൂര്‍ത്തിയെ മണ്ഡപത്തിലേക്ക് മാറ്റും. മീനമാസത്തില്‍ ചതയം നാള് കൊടിയേറി തിരുവാതിര ആറാട്ടായാണ് തിരുവിഴയിലെ ഉത്സവം നടക്കുന്നത്.
സ്വയംഭൂവായ തിരുവിഴായിലപ്പന്‍
അറക്കല്‍ പണിക്കരെന്ന നാട്ടുപ്രമാണിയുടെ ഭൂമിയിലാണ് തിരുവിഴായിലപ്പന്‍ (മഹാദേവന്) സ്വയംഭൂവായത്. അറക്കല്‍ തറവാട്ടുഭൂമിയില്‍ വലിയൊരു കുളവും അതില്‍ ധാരാളം ആമകളുമുണ്ടായിരുന്നു. കുളത്തിനടുത്തുള്ള കാടുപിടിച്ച പറമ്പില്‍ ഉള്ളാട സമുദായക്കാരായ കുറച്ചുപേര്‍ കുടികിടപ്പുകാരായുണ്ടായിരുന്നു. കുളത്തില്‍ നിന്ന് കാരാമകളെ പിടിച്ചു ഭക്ഷണമാക്കിയിരുന്നു ഇക്കൂട്ടര്‍. ഒരിക്കല്‍ ഒരു ഉള്ളാട സ്ത്രീ ആമയെ കുത്താനെടുക്കുന്ന കാരാമക്കോല്‍ കൊണ്ട് കുളത്തില്‍ കുത്തിയപ്പോള്‍ ശക്തമായ രക്തപ്രവാഹമുണ്ടായി. അവര്‍ ഭയന്ന് ഓടി, അറക്കല്‍ പണിക്കരെ വിവരമറിയിച്ചു. പണിക്കര്‍ നാട്ടിലെ പ്രധാനികളേയും ജനങ്ങളേയും കൂട്ടി കുളത്തിനരികിലെത്തി. അവര്‍ മൂന്നുരാപ്പകലുകള് കഠിനമായി ശ്രമിച്ചെങ്കിലും കുളം പൂര്‍ണമായും വറ്റിക്കാനായില്ല. എങ്കിലും ജലത്തിന്റെ അളവു കുറഞ്ഞ് അമ്മിക്കല്ലിന്റെ രൂപമുള്ള ഒരു ശില തെളിഞ്ഞു. അതിന്റെ ഊര്ധ്വഭാഗത്തു നിന്നായിരുന്നു രക്തം പ്രവഹിച്ചത്.
നാലാം നാള് എവിടെ നിന്നോ ഒരു ദിവ്യയോഗി അവിടെയെത്തി. കുളത്തില്കണ്ടത് സ്വയംഭൂ ശിവലിംഗമാണെന്ന് അരുളി ചെയ്തു. കുളത്തിലെ വെള്ളം പൂര്‍ണമായും വറ്റിച്ച് സ്വയം ഭൂവായ ശിവലിംഗത്തിന്റെ ചുവട് കാണാന്‍കഴിയില്ലെന്നും, അവിടം മണ്ണിട്ടു നികത്തി ക്ഷേത്രം ഉണ്ടാക്കി യഥാവിധി സേവ ചെയ്താല്‍ നാടിനും നാട്ടാര്‍ക്കും കൈലാസനാഥന്റെ അനുഗ്രഹം കൈവരുമെന്നും അരുളിച്ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഒരു പിടി വിഭൂതി എടുത്ത്, ശിവലിംഗത്തിന്റെ നെറുകയില്‍ കാരാമക്കോല്‍ കൊണ്ടുണ്ടായ വടുവില്‍ പുരട്ടി. അതോടെ രക്തപ്രവാഹം നിലച്ചു. വൈകാതെ അദ്ദേഹം അന്തര്‍ധാനം ചെയ്തു. മഹാനടനായ കൈലാസപതി, യോഗി ഭാവത്തില്‍ എത്തിയതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളത്തില്‍ ശിവലിംഗം കാണാവുന്ന ഭാഗമൊഴികെ മണ്ണിട്ടു മൂടിയാണ് ക്ഷേത്രം നിര്‍മ്മിച്ചത്.
മതിഭ്രമം മാറ്റുന്ന മരുന്ന്
അതിവിശിഷ്ടമാണ് തിരുവിഴയിലെ ഔഷധസേവ. ക്ഷേത്രത്തിലെ കഴകക്കാരായ തലക്കാട്ടു കുടുംബക്കാര്‍ക്കാണ് ഔഷധവിതരണത്തില് മുഖ്യ പങ്ക്. അതേക്കുറിച്ച് പ്രചാരത്തിലുള്ള കഥയിങ്ങനെ: ബുദ്ധിഭ്രമം ബാധിച്ച ഒരാള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുക പതിവായിരുന്നു. ഇയാള്‍ ക്ഷേത്രത്തിലെത്തുന്നവരെ ഉപദ്രവിക്കുന്നതും പതിവായി. ഇത് ഏറെ ബാധിച്ചത് കഴകവൃത്തി ചെയ്തിരുന്ന തലക്കാട്ടുകുടുംബക്കാരനെയായിരുന്നു. ഉപദ്രവം അസഹനീയമായപ്പോള്‍ കഴകക്കാരന് മഹാദേവനെ അഭയം പ്രാപിച്ചു. അതിനൊരു പരിഹാരം തരണമേയെന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. അന്നു രാത്രി കഴകക്കാരന് ഭഗവാന് സ്വപ്നദര്‍ശനം നല്കി. ‘ഉണ്ണിയുടെ സങ്കടം ഞാന്‍ പരിഹരിച്ചു കൊള്ളാം. മതിഭ്രമം ബാധിച്ചയാളെ നാളെ വൈകുന്നേരം പിടിച്ചു കെട്ടി എന്റെ നടയില്‍ കൊണ്ടുവന്നിടണം. മറ്റന്നാള്‍ പ്രഭാതത്തില്‍, ക്ഷേത്രത്തിനു വടക്കുവശത്തെ പുരയിടത്തില്‍ ചെല്ലണം. അവിടെ, അത്രയധികം ഉയരത്തിലല്ലാതെ പച്ചനിറത്തില്‍ കാണുന്ന ഔഷധി ഒരു പിടി പറിച്ച് ശാന്തിക്കാരെ ഏല്‍പ്പിക്കണം. അവരെക്കൊണ്ട് അത് ഇടിച്ചു പിഴിഞ്ഞ് അരിച്ച് പാലില്‍ ചേര്‍ത്ത്, പന്തീരടി പൂജാവേളയില്‍ എന്റെ പീഠത്തില്‍ വച്ച് പൂജിച്ച് വാങ്ങണം. ബുദ്ധിഭ്രമം ബാധിച്ച ആളെക്കൊണ്ട് ഒരു ദക്ഷിണ സമര്‍പ്പിച്ച് പീഠത്തില്‍ വച്ച, പൂജിച്ച ഔഷധം സേവിപ്പിക്കണം. കുറച്ചുനേരം കഴിഞ്ഞ് ചെറുചൂടോടെ കാഞ്ഞ വെള്ളം കുടിപ്പിക്കണം. അതു കഴിഞ്ഞാല്‍ അയാള്‍ക്ക് വമനമുണ്ടാകും. ഉച്ചപൂജക്ക് ക്ഷേത്രാങ്കണത്തിലെ യക്ഷിക്ക് നേദിക്കുന്ന പാല്‍പ്പായസവും അയാള്‍ക്ക് കൊടുക്കണം. അതോടെ ചിത്തഭ്രമം മാറി അയാള്‍ സ്വസ്ഥനാകും. പിന്നീട് യാതൊരു ശല്യവും ഉണ്ടാവില്ല. അതിനാല്‍ കെട്ടഴിച്ചു വിട്ടുകൊള്ളുക’ എന്നു പറഞ്ഞതായി കഴകക്കാരന് അനുഭവപ്പെട്ടു. കഴകക്കാരന് അപ്രകാരം ചെയ്തതോടെ ചിത്തഭ്രമമുള്ളയാള്ക്ക് സ്വസ്ഥത കൈവന്നു.
മരുന്നു സേവയ്ക്കായി നാടിന്റെ പലഭാഗത്തു നിന്നും നാനാജാതി മതസ്ഥര്‍ ഇന്നും ക്ഷേത്രത്തിലെത്തുന്നു. കൈവിഷത്താലുള്ള ബുദ്ധിഭ്രമം, കുഷ്ഠം, മഹോദരം തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ ഉപാധിയായി ഈ ഔഷധസേവ പ്രകീര്‍ത്തിക്കപ്പെടുന്നു. കൈവിഷബാധയാല് ഇവിടെത്തി മരുന്നു സേവിച്ച് ഛര്‍ദിക്കുന്നത് പരിശോധിച്ചാല്‍ കൈവിഷമായി കൊടുത്ത സാധനങ്ങളുടെ അവശിഷ്ടം കാണാം. ബാധയുള്ളവര്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഔഷധസേവക്കു ശേഷം ഉച്ചപ്പൂജാസമയത്ത് ശിവങ്കലും, രാത്രി ഗുരുതി വേളയില്‍ യക്ഷി നടയിലും തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോകലാണ് പതിവ്. വൈദ്യനാഥന് കൂടിയായ തിരുവിഴായിലപ്പന്റെ ഔഷധക്കൂട്ട് പൂജാരിക്കു മാത്രമേ അറിവുള്ളൂ.
എറണാകുളം ആലപ്പുഴ ഹൈവേയില്‍ തിരുവിഴ കവലയ്ക്ക് പടിഞ്ഞാറാണ് ക്ഷേത്രമുള്ളത്. തിരുവിഴ റെയില്‍വേ സ്റ്റേഷനു കിഴക്കുവശത്തു നിന്ന് നൂറു മീറ്റര്‍ ദൂരമേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: