ഇരിട്ടി: സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണവുമായെത്തിയ ജോയ് തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു. ഒരു ഗാനത്തെ എങ്ങനെ മ്യുസിക്കല്‍ ഷോര്‍ട്ട് മൂവിയായി പരിവര്‍ത്തനം ചെയ്യിക്കാം എന്നതിന്റെ ഇന്ത്യയിലെ തന്നെ ആദ്യപരീക്ഷണമാണ് ഇതെന്ന് ജോയി പറയുന്നു. കഴിഞ്ഞമാസം 26 ന് തന്റെ ജോയ്സ് എന്ജോയ്സ് (joynsjoys) എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകസമക്ഷമെത്തിച്ചപ്പോള് ഈ മ്യുസിക്കല്‍ ഷോര്‍ട്ട് മൂവി ഒരാഴ്ചക്കുള്ളില്‍ കണ്ടത് പതിനായിരത്തിലേറെപ്പേരാണ്.
‘ദേവതാരം പൂക്കുമീ ചാരുതാഴ് വാരങ്ങളില്‍’ എന്ന് തുടങ്ങുന്ന ക്ലാസിക്കല്‍ ടച്ചുള്ള ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും ഇരിട്ടി സ്വദേശിയും ഗാനരചയിതാവും കവിയും നാടകപ്രവര്‍ത്തകനുമായ ജോയ് തോമസ് തന്നെയാണ്. ആറ് മിനിട്ടോളമുള്ള ഗാനം 18 മിനിട്ടിലേറെ നീളുന്ന ഗാനവും സംഗീതവും സംഭാഷണങ്ങളും ചേര്‍ത്ത് മനോഹരമായ ഒരു ഹ്രസ്വചിത്രമായി വികസിപ്പിക്കുകയാണ് ജോയ് തോമസ് ചെയ്തിരിക്കുന്നത്.
ഒന്നര പതിറ്റാണ്ടിന് മുന്‍പ് തന്റെ കുടുംബാംഗങ്ങളേയും താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തേയും വിട്ടുപോയ നര്‍ത്തകി തന്റെ വിദ്യര്‍ത്ഥികള്‍ക്കൊപ്പം ജനിച്ച നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചുവരുന്നതാണ് ഇതിലെ പ്രമേയം. പഴയ തറവാടും ഗ്രാമവും കൗതുകത്തോടെയാണ് വിദ്യര്‍ത്ഥികള്‍ കാണുന്നത്. കീഴപ്പള്ളിയിലെ വലിയവീടെന്ന പഴയ തറവാടിന്റെ പശ്ചാത്തലത്തില്‍ ഏറെ മനോഹരമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന കാഴ്ചകളാണ് ജോയ് തോമസ് ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.
പൊയ്ക്കാലില്‍ ആയിരത്തിലേറെ സ്റ്റേജുകളില്‍ തന്റെ അഭിനയപാടവം തെളിയിച്ച രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങളായി ഇതില്‍ വേഷമിടുന്നു. കൂടാതെ ശിവാനി സന്തോഷ്, നന്ദന ജ്യോതിസ്, ആരതി രാജീവന്, സ്മിംഗ്ലിത രജിത്, നക്ഷത്ര ബിജു, ആഞ്ചല്‍, രശ്മി സജിത്ത്, ഉപേന്ദ്രന് നവരസ തുടങ്ങിയവരും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയ മികവുകാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു.
ചലച്ചിത്ര പിന്നണിഗാന രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്കുന്ന കൈലേഷ് കരുണാകരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ. അജിത്കുമാര്‍ പുന്നാടാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ ഷിജു കോഴിക്കോടും ആര്‍ട്ട് ശശി ചായവും മേക്കപ്പ് ഷനീജ് ശില്‍പ്പവും നിര്‍വ്വഹിച്ചപ്പോള്‍ ഓര്ക്കസ്ട്രേഷന് ചെയ്തിരിക്കുന്നത് ആര്‍ആര്‍ ഓര്‍ക്കസ്ട്രേഷനിലെ ഇഖ്ബാല്‍ കണ്ണൂരാണ്. എന്തുകൊണ്ടും ഒരു പുതിയ കാവ്യാനുഭവമാണ് സൂര്യഗായത്രി ക്രിയേഷിന്റെ ബാനറില്‍ ജോയ്തോമസ് സൃഷ്ടിച്ചെടുത്ത ഈ നൂതന മ്യൂസിക്കല്‍ മൂവിയെന്ന് തന്നെ പറയാം.
സതീശന് ഇരിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: