ഹൈദരാബാദില്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ ചര്‍ച്ചകളും, പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗവും ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. അടുത്ത നാല്പത് വര്‍ഷം രാജ്യം ഭരിക്കുക ബിജെപി തന്നെയായിരിക്കുമെന്ന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തിനൊന്നടങ്കം പുതിയൊരു ആവേശം പകര്‍ന്നു നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ഭാരതത്തിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സമീപകാലത്തൊന്നും മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് കഴിയുമെന്നു തോന്നുന്നില്ല. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത് ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളാണ്. ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ തന്നെ പത്തൊന്‍പത് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നാല് പതിറ്റാണ്ടുകാലം ബിജെപി അധികാരത്തില്‍ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന്റെ ചരിത്രപരമായ പ്രസക്തി മനസ്സിലാക്കേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാന്‍ കഴിയുന്ന മറ്റൊരു പാര്‍ട്ടിയും നേതാവും ഇല്ല.
നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച ‘മിഷന് ദക്ഷിണേന്ത്യ-2024’ എന്ന പ്രവര്‍ത്തന പദ്ധതി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്ര മോദിയും തന്നെയാണ് അധികാരത്തില്‍ വരികയെന്ന് ഉറപ്പാണ്. ഈ സാഹചര്യം ഒഴിവാകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഇത് സമ്മതിക്കും. ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വിജയവും, മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതും ഇതിന്റെ വ്യക്തമായ സൂചനകളാണ്. ഇതോടൊപ്പം മറ്റൊരു ലക്ഷ്യവും ബിജെപിക്കുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് അത്. ദേശീയ നിര്‍വാഹക സമിതി തെലങ്കാനയില്‍ ചേരാന്‍ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇപ്പോള്‍ കര്‍ണാടകയിലും പുതുച്ചേരിയിലും മാത്രമാണ് ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലുള്ളത്. തെലങ്കാനയിലും തമിഴ്നാട്ടിലും ആദ്യം മുഖ്യപ്രതിപക്ഷമായും തുടര്‍ന്ന് ഭരണപക്ഷമായും മാറുകയെന്ന തന്ത്രത്തിനാണ് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. കുടുംബവാഴ്ച നിലനില്‍ക്കുന്ന തെലങ്കാനയില്‍ ഇപ്പോള്‍ തന്നെ ബിജെപി അനുകൂല തരംഗം പ്രകടമാണ്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്ട്രീയ പ്രതിയോഗികളെ ഞെട്ടിക്കുകയുണ്ടായി. ഇതിന്റെ അസ്വസ്ഥതയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. തമിഴ്നാട്ടില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍തന്നെ ബിജെപിക്കാണ്. കേരളത്തില്‍ ഭരണത്തില്‍ എത്തുകയെന്നതും മിഷന് ദക്ഷിണേന്ത്യയുടെ ഭാഗമാണ്.
ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ബിജെപിക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. കാലങ്ങള്‍ അധികാരത്തില്‍ തുടര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം ബിജെപി പ്രവര്‍ത്തകര്‍ കണ്ടുപഠിക്കണമെന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ സ്നേഹ യാത്രകള്‍ സംഘടിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മോദി മുന്നോട്ടുവച്ചത്. കേരളത്തിലും തെലങ്കാനയിലും പശ്ചിമബംഗാളിലുമൊക്കെ ഭരിക്കുന്നവരുടെ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏതെങ്കിലും ഒരു ജനവിഭാഗത്തെ പ്രീണിപ്പിക്കുന്നതല്ല, എല്ലാവര്ക്കും സംതൃപ്തി നല്കുന്ന ഭരണമാണ് ബിജെപിയുടേതെന്നും, പ്രതിപക്ഷ പാര്‍ട്ടികളുടെ കുടുംബാധിപത്യ രാഷ്ട്രീയവും ജാതിമത പ്രീണനവും ഇനിയുള്ള കാലം അതിജീവിക്കില്ലെന്നും, വിദ്വേഷമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച പരമാവധിയായെന്ന് സമാശ്വസിക്കുന്ന ചിലരുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി നേടുന്ന വിജയങ്ങള്‍ ഇക്കൂട്ടരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ബിജെപിയുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും സത്യം തിരിച്ചറിഞ്ഞ് പാര്‍ട്ടിയോട് ഐക്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലുമൊക്കെ കാണുന്നത്. ഇത്തരം സമകാലീന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ഹൈദരാബാദ് എന്ന ഭാഗ്യനഗറില്‍ സമാപിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: