കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ ഐക്യവേദി ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങള്‍ക്ക് മുന്പില് 29ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ ‘വാദ്യത്തോടൊപ്പം വിദ്യയും’ വേണം. ഇതിനായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിക്കുക. ഇവ നിലനിര്‍ത്താന്‍ ഉതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുക, നിലവിലുള്ള മതപാഠശാലകളെ സക്രിയമാക്കുക, സിലബസ്സ് തയ്യാറാക്കാന്‍ പണ്ഡിതരുടെയും ആചാര്യന്മാരുടെയും സമിതിയെ നിയോഗിക്കുക, യോഗ്യരായ അധ്യാപകരെ നിയമിക്കുകയും മതിയായ വേതനം നല്‍കുകയും ചെയ്യുക.
മതപാഠശാലയുടെ അടിത്തറയും വിപുലീകരണവും ലക്ഷ്യമിട്ട് സര്‍വകലാശാല ആരംഭിക്കുക, ക്ഷേത്രങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തിന്റേയും ഹിന്ദു ധര്മ്മപ്രചരണത്തിന്റേയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പതിനായിരത്തിലധികം ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നൂറ്റിഅമ്പതോളം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഹിന്ദുധര്‍മ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
തിരുവിതാംകൂറില്‍ ആരംഭിച്ച പല മതപാഠശാലകളും തുടരുന്നതിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് വരുംതലമുറകള്‍ക്ക് ധര്‍മ്മപഠനം നടത്താന്‍ സൗകര്യമൊരുക്കാന്‍ ബോര്‍ഡുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം. ക്ഷേത്രങ്ങളെയും പാരമ്പര്യത്തെയും ആചാര അനുഷ്ഠാനങ്ങളെയും സംരക്ഷിക്കണം എന്ന ആവശ്യമാണ് മഹിളാ ഐക്യവേദി ഉന്നയിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് നിഷ സോമന് ഉദ്ഘാടനം ചെയ്യും, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാദേവി മുഖ്യ പ്രഭാഷണം നടത്തും. തൃശ്ശൂരിലെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തും.
കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്പില് നടക്കുന്ന ധര്‍ണ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്യും. സക്ഷമ സംസ്ഥാന പ്രസിഡന്റ് സത്യഭാമ. എസ് മുഖ്യപ്രഭാഷണം നടത്തും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്, ജനറല്‍ സെക്രട്ടറി ഷീജ ബിജു, സെക്രട്ടറി കബിത അനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: