ലളിതാ സഹസ്രനാമത്തില് ദേവിക്ക് നിരഞ്ജന എന്നൊരു നാമമുണ്ട്. നിരഞ്ജന എന്ന പദത്തിന് മാലിന്യമില്ലാത്തവള്‍ എന്നര്‍ത്ഥം. മലത്രയങ്ങള്‍ ബാധിക്കാത്ത പരാശക്തിയാണ് നിരഞ്ജനയായ ലളിതാ പരമേശ്വരി.
ജീവന് അണു ആയപ്പോള്‍ അളക്കപ്പെട്ടതായി തീര്‍ന്നു. അനന്തമായത് അണുവായി. ശിവന് ജീവനായി. അളക്കപ്പെട്ടപ്പോള്‍ ഒന്ന് പലതായി തോന്നി. ഇവിടെയും അവിടെയും ഞാനും അതും എന്ന അവസ്ഥ. ‘മീയതെ അനേന ഇതി മായാ’ അളക്കപ്പെട്ടപ്പോള്‍ ഒരിടത്തു നിന്നും മറ്റൊരിടത്ത് പോകണമെന്നായി. അതായത് പ്രവര്‍ത്തിക്കണം എന്ന സ്ഥിതി വന്നു. എന്നാല്‍ മാത്രമേ അവിടെ എത്തുകയുള്ളൂ എന്നു വന്നു. ഇതാണ് കര്മമലത്തിനു കാരണമായത്.
പരം ആണ് പൂര്‍ണം. ചിത്, ആനന്ദം, ഇച്ഛ, ജ്ഞാനം, ക്രിയ എന്നീ ശക്തികളാല്‍ അതിശയിക്കുന്നതും വിശ്വത്തിന് അതീതമായ പൂര്‍ണതയോടു കൂടിയതുമാണ് പരമേശ്വരന്. ശിവന്, ശക്തി, സദാശിവന്, ഈശ്വരന്, ശുദ്ധവിദ്യ, എന്നിവ ശിവന്റെ തന്നെ അവസ്ഥാ വിശേഷങ്ങളാണ്. അതത് അവസ്ഥകളില്‍ പരിമിതത്വം എന്ന വൈചിത്ര്യത്തോടു കൂടിയാണെങ്കിലും തന്റെ പരമമായ പൂര്ണത്വത്തിന് ച്യുതി സംഭവിക്കുന്നില്ല.
പരമബോധത്തിന്റെ ഘനീഭൂത രൂപമായിട്ടും സ്വേഛയാല് ജഗദ്സ്വരൂപം മാത്രമായി, വിശ്വാത്മകനായി ചുരുങ്ങി തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ മറച്ചുവെച്ചു കൊണ്ടുള്ള ലീലയില്‍ ശിവന് വ്യാപൃതനാണ്. പ്രപഞ്ചത്തിലെ വിവിധ വസ്തുക്കളില്‍ പ്രമേയ, പ്രമാതൃ രൂപത്തില്‍ വിലസുന്നത് ശിവന് തന്നെയാണ്. ജഡമായതും ജഡമല്ലാത്തതുമായ സകലവസ്തുക്കളും ശിവന് തന്നെയാണ്. ഭോക്താവും ഭോഗ്യവും അവിടുന്നു തന്നെയാണ്.
ജാഗ്രദാപി, വിഭേദേളപി
തദഭിന്നേ പ്രസര്പ്പതി
നിവര്‍ത്തതേ നിജാണൈവ
സ്വരൂപലുപലബ്ധതഃ
(സ്പന്ദശാസ്ത്രം)
പരമമായ തത്വം ശിവന് തന്നെ. ശിവന്, ശക്തി, സദാശിവന്, ഈശ്വരന്, ശുദ്ധവിദ്യ എന്നീ അഞ്ചു വിധത്തില്‍ ശിവന് പ്രകാശിക്കുന്നു. സകല പ്രമാതാക്കളുടെയും ഉള്ളില്‍ പൂര്‍ണമായ ‘ഞാന്‍’ എന്ന അഹന്താ ചമത്ക്കാരനായി, എല്ലാ തത്വങ്ങള്‍ക്കും മുകളിലായി മഹാപ്രകാശരൂപനായി ശിവന് വര്‍ത്തിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: