ഗായത്രിയുടെ 24 ശക്തിധാരകള്‍
ഗായത്രിയുടെ 24 അക്ഷരങ്ങളുടെ വ്യാഖ്യാനത്തിനായി വേദങ്ങള്‍ രചിക്കപ്പെട്ടു. അതു നിമിത്തമാണ് ഗായത്രിയെ വേദമാതാവ് എന്നു വിളിക്കുന്നത്. ബ്രഹ്മാവിന് അശരീരി മുഖേന ഗായത്രീമന്ത്രത്തിന്റെ ബ്രഹ്മദീക്ഷ ലഭിച്ചു. അദ്ദേഹത്തിനു തന്റെ ഉദ്ദേശ്യസാദ്ധ്യത്തിനായി ശക്തിയും ജ്ഞാനവും ശാസ്ത്രീയശേഷിയും സാധനകളും ആവശ്യമായിവന്നു. ഈ അഭീഷ്ടലബ്ധിക്കായി അദ്ദേഹം ഗായത്രിയെ തപസ്സുചെയ്തു. തപഃശക്തികൊണ്ട് സൃഷ്ടിരചന നടത്തി. സൃഷ്ടിയുമായി ചേര്‍ന്ന് അതിന്റെ ഉപയോഗവും രഹസ്യവും മനസ്സിലാക്കി. അതുമൂലം പ്രയോജനം നേടുവാന്‍വേണ്ടി ഒരു ക്രമീകൃതപദ്ധതി രൂപീകരിക്കപ്പെട്ടു. അതിനു വേദം എന്നു പേരിട്ടു. വേദം രചിക്കുവാനുള്ള മനഃസ്ഥിതിയും പരിതഃസ്ഥിതിയും ഗായത്രീമഹാശക്തിയുടെ സഹായംമൂലമാണ് ലഭിച്ചത്. അതിനാല്‍ ആ ആദ്യശക്തിക്കു വേദമാതാവ് എന്ന നാമം നല്കപ്പെട്ടു.
വേദങ്ങള്‍ വളരെ വിസ്തൃതമാണ്. അതു സാമാന്യജനങ്ങള്‍ക്കു ബോദ്ധ്യമാകത്തക്കവിധത്തില് വീണ്ടും വീണ്ടും വിസ്തൃതമാക്കേണ്ടിവന്നു. പുരാണകഥ പ്രകാരം ബ്രഹ്മാവ് തന്റെ നാലു മുഖങ്ങളിലൂടെ ഗായത്രിയുടെ നാലു ചരണങ്ങള്‍ വ്യാഖ്യാനിച്ചു വേദങ്ങള്‍ രചിച്ചു.
‘ഓം ഭൂര്ഭുവഃ സ്വഃ’ എന്ന ശീര്ഷഭാഗത്തിന്റെ വ്യാഖ്യാനത്തിലൂടെ ഋഗ്വേദം ഉണ്ടായി.’തത് സവിതുര്‍ വരേണ്യം’ എന്ന ഭാഗത്തിലെ രഹസ്യങ്ങളുടെ വിശദീകരണമാണ് യജുര്‍വേദം. ‘ഭര്ഗോ ദേവസ്യ ധീമഹി’ എന്ന ഭാഗത്തിന്റെ തത്ത്വദര്‍ശനമാണ് സാമവേദം. ‘ധിയോ യോ നഃ പ്രചോദയാത്’’എന്ന ഭാഗത്തിലെ പ്രേരണയുടെയും ശക്തിയുടെയും രഹസ്യമാണ് അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
വിശാലമായ വൃക്ഷത്തിന്റെ സകലതത്ത്വങ്ങളും ചെറിയ ഒരു ബീജത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ, പൂര്‍ണമനുഷ്യന്റെ സമഗ്രശക്തിയും ചെറിയ ശുക്രാണുവില് ഉള്‍ക്കൊണ്ടിരിക്കുന്നതായി കാണാം. വിശാലമായ സൗരമണ്ഡലത്തിന്റെ സകലക്രിയകളും ചലനങ്ങളും ഒരു ചെറിയ ഘടകമായ പരമാണുവില്‍ അടങ്ങിയിരിക്കുന്നു. ഇതുപോലെതന്നെ ലോകത്തിലെ സകല ജ്ഞാനവിജ്ഞാനങ്ങളുടേയും തത്ത്വം വേദത്തില്‍ നിക്ഷിപ്തമാണ്. ആ വേദങ്ങളുടെ സാരതത്വം ഗായത്രീമന്ത്രത്തില്‍ സാരസത്തയായി നിലകൊള്ളുന്നു. ഇതുമൂലം ഗായത്രിയെ ജ്ഞാനവിജ്ഞാനത്തിന്റെ അധിഷ്ഠാതാവായ വേദവാങ്മയത്തിന്റെ ജന്മദാത്രി എന്നു പറയുന്നു. ശാസ്ത്രങ്ങളില്‍ അനേകമിടങ്ങളില്‍ അതിനെ വേദമാതാവെന്ന് പ്രതിപാദിച്ചിരിക്കുന്നതായി കാണാം.
ഗായത്രീമന്ത്രം ആവാഹിക്കുന്നതുമൂലം സാധകന് ബ്രഹ്മജ്ഞാനം സുഗമമായി ലഭിക്കുന്നു. ഇതു ഹൃദിസ്ഥമാക്കാന്വേണ്ടിയാണ് വേദങ്ങള്‍ രചിക്കപ്പെട്ടത്. ഗായത്രിയുടെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട് മഹര്‍ഷി യാജ്ഞവല്ക്യന് ഇപ്രകാരം എഴുതിയിരിക്കുന്നു. ‘ഗായത്രീവിദ്യയെ ആശ്രയിക്കുന്നവന് വേദജ്ഞാനത്തിന്റെ ഫലം ലഭിക്കുന്നു. യാതൊന്നിനുവേണ്ടിയാണോ വേദപാരായണം ചെയ്യുന്നത്, ആ വിദ്യാസ്ഫുരണങ്ങള് ഗായത്രീ ഉപാസനമൂലം അന്തഃകരണത്തില്‍ അനായാസം പൊടിച്ചുയരുന്നു’
വേദങ്ങള്‍ ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും ഖജനാവാണ്. ഋചകള്‍ പ്രേരണാപ്രദമായ അര്‍ത്ഥങ്ങള്‍ മാത്രമല്ല, അവയുടെ ശബ്ദസഞ്ചയങ്ങളില് രഹസ്യപൂര്ണമായ ശക്തികളുടെ അദൃശ്യമായ കലവറകളും ഉള്‍ക്കൊണ്ടിരിക്കുന്നു. വേദങ്ങളിലുടനീളം ശാസ്ത്രങ്ങള്‍ തിങ്ങിനിറഞ്ഞുകിടപ്പുണ്ട്. ശാസ്ത്രീയ നിയമാനുസൃത സ്വരത്തില്‍ ഋചകള്‍ ചൊല്ലുകയും ഉച്ചരിക്കുകയും ചെയ്താല്‍ ദിവ്യമായ പ്രേരണകള്‍ ഉളവാകത്തക്കവണ്ണം സാധകന്റെ അന്തഃകരണം ഔന്നത്യം പ്രാപിക്കുന്നതാണെന്ന് സ്വരശാസ്ത്രം ഉദ്ഘോഷിക്കുന്നുണ്ട്. ഇതിന്റെ ഫലമായി മഹത്തായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ട ശക്തിയും ശൗര്യവും പ്രദാനം ചെയ്യുന്ന ഓജസ്സും തേജസ്സും വര്ച്ചസ്സും വ്യക്തിത്വത്തില്‍ സംജാതമാകുന്നു. ചുറ്റുപാടുകളില്‍ അനുകൂലമായ സൂക്ഷ്മപ്രവാഹം ഉളവാക്കാനുള്ള രഹസ്യങ്ങള്‍ വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മന്ത്രങ്ങളുടെ പ്രചണ്ഡമായ പ്രവാഹത്തെപ്പറ്റി ശാസ്ത്രങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഈ രഹസ്യപ്രക്രിയകളെല്ലാംതന്നെ വേദമാതാവിന്റെ പരിധിയില്പ്പെടുന്നവയാണെന്നു മനസ്സിലാക്കണം.
വിദൂരവീക്ഷണമുള്ള ദിവ്യദൃഷ്ടിക്കാണ് വേദജ്ഞാനം എന്ന് പറയുന്നത്. ഇതിനെ അനുകരിക്കുന്നവരുടെ മസ്തിഷ്കം തീര്‍ച്ചയായും തേജോമയമായിരിക്കും. നാലുവേദങ്ങള്‍ കേവലം നാലു വിഭാഗങ്ങളല്ല. ആ ജ്ഞാനം വിസ്തൃതമാക്കിയതുകൊണ്ടാണ് ബ്രഹ്മാവിന് നാലു മുഖങ്ങള്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ വൈഖരി, മദ്ധ്യമ, പരാ, പശ്യന്തി എന്നീ നാലു വാണികളും ലോകത്തിനാകമാനം വഴികാട്ടാന്‍ കഴിവുറ്റതായിത്തീര്ന്നു. ഗായത്രിയെ ഗഹനമായി മനസ്സിലാക്കിയ സനകന്‍, സദാനന്ദന്, സനാതനന്, സനത്കുമാരന്‍ എന്നീ നാലു ഋഷിമാരും വേദമാതാവിന്റെ പ്രത്യക്ഷാവതാരമാണെന്നു പറയപ്പെടുന്നു. നാലു വര്‍ണങ്ങളുടേയും നാലു ആശ്രമങ്ങളുടേയും പരമ്പര വേദങ്ങളുടെ ആചാരപദ്ധതിയാണ്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്തഃകരണചതുഷ്ടയങ്ങള് യാതൊന്നു ലഭിക്കുന്നതുമൂലം കൃതകൃത്യത ആസ്വദിക്കുന്നുവോ, യാതൊരു കാമധേനുവിന്റെ നാലു സ്തനങ്ങളാകുന്ന ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയുടെ നാലു വിഭൂതികളും പാനം ചെയ്ത് ധന്യത നേടുന്നുവോ അതു വേദവിജ്ഞാനമാകുന്നു. സാധനാചതുഷ്ടയങ്ങളില് ഉളവാകുന്ന പ്രതിപത്തി വേദമാതാവിന്റെ നാലുവിധത്തിലുള്ള ദിവ്യപ്രേരണ ആണെന്നു ധരിക്കണം. വേദമാതാവിന്റെ സാധന സാധകര്‍ക്ക് നാലുവേദങ്ങളുടേയും ജ്ഞാനം പ്രദാനം ചെയ്യുകയും ശരിയായ അര്‍ത്ഥത്തില്‍ അവരെ വേദവിദ്വാന്മാരായ ബ്രഹ്മജ്ഞാനികളാക്കിത്തീര്ക്കുകയും തത്വജ്ഞാനം, സദ്ജ്ഞാനം, ആത്മജ്ഞാനം, ബ്രഹ്മജ്ഞാനം എന്നീ സമ്പത്തുകളാല്‍ സമൃദ്ധരാകുകയും ചെയ്യുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: