അങ്കാര: തുര്‍ക്കിഷ് നഗരമായ ഇസ്താംബൂള്‍ സന്ദര്‍ശിക്കരുതെന്ന് പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്താംബൂളില്‍ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് നേരെ ഇറാനിയന്‍ ഭീകരാക്രമണമത്തിന് സാധ്യതയുണ്ടെന്ന് പൗരന്മാര് ഉടന്‍ നഗരം വിടണമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് ട്വീറ്റ് ചെയ്തു.
ജാഗ്രത നിര്‍ദ്ദേശ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ലെവലായ നാലാണ് ഇസ്രായേല്‍ പുറപ്പെടുവിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മറ്റിടങ്ങളില്‍ ലെവല്‍ 3 ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്താംബൂളിലാണെങ്കില് ഇസ്രായേലിലേക്ക് എത്രയും പെട്ടന്ന് തിരിച്ച് വരിക. ഇസ്താംബൂളിലേക്ക് ഒരു യാത്ര പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുക. ഒരു വെക്കേഷനും നിങ്ങളുടെ ജീവനേക്കാള്‍ വിലപ്പെട്ടതല്ല,’ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു. ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തുര്‍ക്കിയില്‍ തട്ടിക്കൊണ്ട് പോവാന്‍ കഴിഞ്ഞ മാസം ശ്രമം നടന്നതായി ഞായറാഴ്ച റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഈ ഗൂഢാലോചന ഇസ്രായേല്‍-തുര്‍ക്കി സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നഗരത്തില്‍ അങ്ങിങ്ങായി ഇറാനിയന്‍ ആക്രമണ സംഘത്തിന്റെ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ മൊസാദും തുര്‍ക്കിഷ് സുരക്ഷാ ഏജന്‍സികളും ഇത് സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നുമുണ്ട്.
‘ഇസ്രായേല്‍ പൗരന്മാരുടെ ജീവന് സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക്’ ലാപിഡ് തുര്‍ക്കി അധികാരികള്‍ക്ക് നന്ദി പറഞ്ഞു, ‘തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്, എന്നാല്‍ എടുക്കാന്‍ പാടില്ലാത്ത അപകടസാധ്യതകളുണ്ടെന്ന് അവരും മനസ്സിലാക്കുന്നു. ഈ മുന്നറിയിപ്പ് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും, അതുവഴി ഇസ്രായേലുകാര്‍ക്ക് തുര്‍ക്കിയിലേക്ക് മടങ്ങാനും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആസ്വദിക്കാനും കഴിയുമെന്നും ലാപിഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: