കൊച്ചി: തൃക്കാക്കരയിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് സിപിഎമ്മിന് അകത്തും പുറത്തും പൊട്ടിത്തെറി. പരസ്പരം വിമര്‍ശിച്ചും പോര്‍വിളിച്ചും നേതാക്കള്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ നിന്ന് പടനയിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ രണ്ടു ദിവസമായി മിണ്ടിയിട്ടില്ല. പിഴച്ചതെവിടെയെന്ന ചോദ്യമാണ് പാര്‍ട്ടി നേതൃത്വത്തിലും അണികളിലും ഉയരുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. ‘കള്ളക്കണക്കു തന്നു ചതിക്കരുത്’ എന്നു പിണറായി വിജയന് തെരഞ്ഞെടുപ്പിനു മുന്‍പ് ജില്ലാ കമ്മിറ്റിയോടു പറഞ്ഞിരുന്നു. ഇക്കാര്യം ഉയര്‍ത്തി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി. സംസ്ഥാന നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെയും ഈ ഉപതെരഞ്ഞെടുപ്പിലെയും വോട്ടിന്റെ ബൂത്ത് തിരിച്ചുള്ള കണക്ക് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരം മുതല്‍ നാലായിരം വരെ വോട്ടിനു ജോ ജോസഫ് ജയിക്കുമെന്നാണ് നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്.
തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമില്ലെന്ന് സെക്രട്ടറി സി.എന്‍. മോഹനന് പറയുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ പരാജയമാണെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചത്.
ഇടത് സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും ഇങ്ങനെ തന്നെ പറയുന്നു. സഭയുടെ സ്ഥാപനത്തില്‍ വച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സിപിഎം രീതിയല്ല. ജില്ലാ സെക്രട്ടറി കാഴ്ചക്കാരനായി. ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അദ്ദേഹം പറയുന്നു. കെ.വി. തോമസിന്റെ വരവ് നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാക്കിയതെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു.
സ്ഥാനാര്‍ഥി ആരെന്ന് ജില്ലാ സെക്രട്ടറിക്കോ പ്രചാരണത്തിന് നേതൃത്വം നല്കിയ ഇ.പി. ജയരാജനോ അവസാന നിമിഷം വരെ അറിയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും കൂടിയാണ് സ്ഥാനാര്‍ഥിയെ തിരുമാനിച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളിലുള്ള ഭിന്നതയുടെ പ്രതിഫലനമാണ് ‘തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാ
ളിച്ചയില്ലെ’ന്ന മന്ത്രി പി. രാജീവിന്റെ പ്രസ്താവന. 20 ശതമാനം മുസ്ലിം വോട്ടുകള്‍ ഉറപ്പിക്കാന്‍ പച്ചയായ വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രകടിപ്പിച്ചത്. ഇതോടെ ഇതര സമുദായങ്ങള്‍ സിപിഎമ്മിനെ കൈവിട്ടു. മുസ്ലിം ജനസാമാന്യം സിപിഎം നിലപാടില്‍ വിശ്വസിച്ചുമില്ല. വര്‍ഗീയ പ്രചാരണത്തിനെതിരെയും പാര്‍ട്ടയില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വോട്ടുകള്‍ വരെ മറുപക്ഷത്തേക്ക് പോയെന്നാണ് കണ്ടെത്തല്‍. കൂട്ട നടപടി ഉണ്ടാകുമെന്ന ഭയപ്പാടിലാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: