ഇരിട്ടി: കാട്ടാനശല്യം പ്രതിരോധിക്കാനായി ആറളം ഫാമിലെ വനാതിര്‍ത്തികളില്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച ആനമതിലില്‍ പൊതുമരാമത്തു വകുപ്പിന്റെ അട്ടിമറി. ആനശല്യം തടയാന്‍ മൂന്നംഗ മന്ത്രിതല സംഘം നിര്‍ദ്ദേശിച്ചത് പത്തര കിലോമീറ്റര്‍ ആനമതിലും മൂന്ന് കിലോമീറ്റര്‍ റെയില്‍ വേലിയുമായിരുന്നു. ഈ പദ്ധതിക്കായി 22 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ വിളിക്കുന്നത് വെറും രണ്ടര കിലോമീറ്റര്‍ മതില് നിര്‍മ്മാണത്തിന്. ആദ്യം നിര്‍മ്മാണം ഏല്‍പ്പിച്ച ഊരാളുങ്കല്‍ ചില വിവാദത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ച മതില് നിര്‍മ്മാണം വീണ്ടും വിവാദമായതോടെ ആറളത്ത് ആനപ്രതിരോധ മാര്‍ഗ്ഗത്തിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആറളം ഫാമില്‍ ഒന്‍മ്പതുപേരാണ് വന്യമൃഗങ്ങളുടെ അക്രമണത്തില്‍ മരിച്ചത്. ഏറ്റവും ഒടുവിലായി നാലുമാസം മുന്‍മ്പ് ചെത്തുതൊളിലാളി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശക്തമായ ജനരോഷം ഉയരുകയും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ വനം മന്ത്രിയും, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയും ഫാമിലെത്തി ജനപ്രതിനിധികളുമായും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയിലാണ് ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ വളയംചാല്‍ മുതല്‍ പൊട്ടിച്ച പാറവരെ പത്തര കിലോമീറ്റര്‍ കരിങ്കല്‍ മതിലും മൂന്ന് കിലോമീറ്റര്‍ റെയില്‍വേലിയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒന്നര വര്‍ഷംകൊണ്ട് മതില് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനവും ഉണ്ടായിരുന്നു. ഇതെല്ലാം ജനങ്ങളില്‍ പ്രതീക്ഷയേകിയിരിക്കുമ്പോഴാണ് ഇതിനെ എല്ലാം അട്ടിമറിച്ചുകൊണ്ട് പൊതുമരാമത്തു വകുപ്പിന്റെ തീരുമാനം.
അഞ്ചുവര്‍ഷം മുന്‍പ് ആനമതില്‍ പ്രതിരോധത്തിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും 22 കോടി രൂപ അനുവദിച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മ്മാണം കൈമാറിയെങ്കിലും ഇതില്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയും അവര്‍ പിന്മാറുകയും ചെയ്തു. തുടര്‍ന്നാണ് പൊതുമാരമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗത്തിന് നിര്‍മ്മാണം കൈമാറിയത്. മൊത്തം തുകയുടെ 50 ശതമാനം മുന്‍കൂറായി അനുവദിക്കണമെന്ന പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും മുന്‍പ് അനുവദിച്ച 22 കോടിയില്‍ 11 കോടിരൂപ പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണം ആരംഭിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍മ്പ് കൈമാറി.
എന്നാല്‍ പ്രവ്യത്തി ടെണ്ടര്‍ ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് 11 കോടിക്ക് രണ്ടര കിലോമീറ്റര്‍ മാത്രമാണ് നിര്‍മ്മിക്കുന്നതെന്ന കാര്യം ജനപ്രതിനിധികള്‍ പോലും അറിയുന്നത്. ഇതാണ് ഇപ്പോള്‍ വലിയ വിവാദത്തിനിടയാക്കിയിരിക്കുന്നത്. വനാതിര്‍ത്തിയില്‍ ഏത് ഭാഗത്ത് മതില് നിര്‍മ്മിക്കണം എന്ന കാര്യത്തില്‍ വ്യക്തവരുത്താനായി ഇന്നലെ ആറളം ഫാം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പൊതുമരാമത്ത് വകുപ്പിന് പ്രവ്യത്തിയില്‍ താല്പര്യമില്ലെന്നും മതില് പൂര്‍ത്തിയാക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത്തരത്തില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്നും ജില്ല കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്ന് വ്യക്തത വരുത്തിയിട്ട് ആരംഭിച്ചാല്‍ മതിയെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ തീരുമാനമാകാതെ യോഗം പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: