കൊച്ചി : തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതുമ്പോള്‍ മൂന്ന് മുന്നണികളും ഇന്ന് പ്രതീക്ഷയിലാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് തുടക്കത്തില്‍ തന്നെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 12.13 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ ആറിന് മോക് പോളിങ് നടത്തി. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തുകയും ചിലയിടത്ത് തകരാര്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയിലുള്ളത്. 3633 പേര്‍ക്കിത് കന്നി വോട്ടാണ്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.
മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 119-ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍പിഎസാണ് വനിതകള്‍ക്ക് മാത്രമായി വിട്ടു നല്കിയ ബൂത്തി. പോളിങ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നല്കിയിട്ടുള്ളതും ഒരു വനിതയ്ക്കുതന്നെയാണ്. ആലുവ യു.സി. കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോള്‍ വര്‍ഗീസ്, മരട് നഗരസഭാ ജൂനിയര്‍ സൂപ്രണ്ട് പി.പി. ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി. റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്.
വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ്. അമ്പിളിക്കാണ് സുരക്ഷാ ചുമതല. മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവന്‍ വനിതകളാണെന്ന് അഞ്ചുപേരും അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: