ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഗോള്‍വല നിറച്ച്, തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയുടെ നോക്കൗട്ടില്‍. ആതിഥേയരായ ഇന്തോനേഷ്യയെ 16-0ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാ കപ്പിന്റെ നോക്കൗട്ടില്‍ കടന്നത്. ഇന്നലെ മറ്റൊരു മത്സരത്തില്‍ ജപ്പാനോട് പാകിസ്ഥാന് തോറ്റതും (3-2) ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഇന്ത്യക്കും പാകിസ്ഥാനും നാല് പോയിന്റ് വീതമാണെങ്കിലും വന്‍ ജയത്തിന്റെ മികവിലുള്ള ഗോള്‍ശരാശരി ഇന്ത്യയെ തുണച്ചു.
ഇന്ത്യക്കായി ഡിസ്പന്‍ ടിര്‍ക്കി അഞ്ചും സുദേവ് ബെലിമഗ്ഗ മൂന്നും ഗോള്‍ നേടി. ഗോളുകള്‍ നേടി. എസ്.വി. സുനില്‍, പവന് രാജ്ബഹര്‍, കാര്‍ത്തി ശെല്‍വം എന്നിവര്‍ രണ്ട് വീതവും ഉത്തം സിങ്, നിലം സഞ്ജീപ് എന്നിവര്‍ ഓരോ ഗോളും നേടി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 3-0 ന് ലീഡ് നേടിയിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ആറായും മൂന്നാത്തേതില് പത്തായും ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ ആറ് ഗോളുകള്‍ നേടിയാണ് സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. 15 ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാലേ മുന്നേറൂ എന്ന നിലയിലായിരുന്ന ഇന്ത്യന്‍ യുവനിര സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ജയം കണ്ടത്.
നേരത്തെ, ആദ്യ കളിയില്‍ പാകിസ്ഥാനോട് സമനിലയില്‍ കുരുങ്ങിയ ഇന്ത്യ, രണ്ടാമത്തേതില്‍ ജപ്പാനോട് തോറ്റിരുന്നു. ഗ്രൂപ്പില്‍ നിന്ന് എല്ലാ മത്സരവും ജയിച്ച ജപ്പാന് ഒന്നാം സ്ഥാനക്കാരായി മുന്നേറി. രണ്ടാം ഗ്രൂപ്പില്‍ നിന്ന് ദക്ഷിണ കൊറിയയും മലേഷ്യയും സൂപ്പര്ഫോറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: