തൃശൂര്‍ : തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് നടത്തും. ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു. വൈകുന്നേരം മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഉച്ചയ്ക്ക് തന്നെ വെടിക്കെട്ട് നടത്തുന്നത്.
വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് ആയിരം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ സജ്ജമാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് നേരത്തെ മൂന്ന് തവണയാണ് വെടിക്കെട്ട് മാറ്റിവെച്ചത്.
ആദ്യം പാറമേക്കാവാണ് വെടിക്കെട്ട് നടത്തുക. അതിനുശേഷമാവും തിരുവമ്പാടിയുടേത്. പകല്‍ വെടിക്കെട്ടായതിനാല്‍ വര്‍ണക്കാഴ്ച ഉണ്ടാവില്ല. വലിയ അളവിലുള്ള വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണ്. കഴിഞ്ഞ രണ്ട് പകല്‍ മഴ മാറി നിന്നതോടെയാണു വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അതേസമയം മഴയുണ്ടാകുമോയെന്ന് ആശങ്കയുണ്ട്.
ആദ്യം ഒരുമണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ മഴ സാധ്യതയും കരിമരുന്നുകള്‍ കുഴികുത്തി രണ്ടാമത് ഒരുക്കേണ്ടതിനാലും ഇത് നീട്ടിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: