കെ. സിദ്ധാര്ത്ഥന്
വിവിധ വര്‍ണ്ണങ്ങളുള്ള ആറ് സമചതുരങ്ങള്‍ അടങ്ങുന്ന റൂബിക്സ് ക്യൂബ് എന്നും ശരാശരി മനുഷ്യര്‍ക്ക് ഒരു വിസ്മയമാണ്. അതിന്റെ ഓരോ ഭാഗത്തും പലനിറങ്ങളിലുള്ള ഒന്‍പത് ചെറു ക്യൂബുകള്‍ അടങ്ങിയിരിക്കുന്നു. ഈ ചെറു ക്യൂബുകളുടെ ക്രമം തെറ്റിച്ച ശേഷം വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് അസാധാരണമായ ബുദ്ധിശക്തിയും ഏകാഗ്രമായ മനസ്സും വേണം. ക്ഷമയോടെയുള്ള നിത്യാഭ്യാസവും കൈവേഗവുംകൊണ്ടു മാത്രമേ റൂബിക്സ് ക്യൂബ് കൃത്യത വരുത്താന്‍ സാധിക്കുകയുള്ളൂ.
ലോകത്ത് ആദ്യമായി റൂബിക്സ് ക്യൂബും അതിന്റെ അതിസങ്കീര്‍ണ്ണമായ പ്രശ്നപരിഹാരവും ആദ്യമായി കണ്ടുപിടിച്ചത് 1974 ല്‍ ഹംഗേറിയന്‍ ശില്‍പ്പിയും ആര്‍ക്കിടെക്ച്ചര്‍ പ്രൊഫസറുമായിരുന്ന എര്‍ണോ റൂബിക്സ് ആണ്. 1981 കാലഘട്ടമായപ്പോള്‍ റൂബിക്സ് ക്യൂബ് സമസ്യാ പരിഹാരം ലോകത്തിനുതന്നെ ഹരമായിത്തീര്‍ന്നു. 1980 മുതല്‍ 1983 വരെ മാത്രം 200 ദശലക്ഷം റൂബിക്സ് ക്യൂബുകള്‍ ലോക വ്യാപകമായി വിറ്റുപോയി എന്നാണ് ഒരു കണക്ക്. 1981 മാര്‍ച്ച് 24 നു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതരുടെ നേതൃത്വത്തില്‍ റൂബിക്സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് മത്സരം ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്നു. അതേ വര്‍ഷം ജൂണ്‍ 25 ന് റൂബിക്സ് ക്യൂബ് സംബന്ധിച്ച വാര്‍ത്ത പ്രശസ്തമായ സയന്റിഫിക് അമേരിക്കന്‍ മാഗസിന്റെ കവര്‍ പേജില്‍ സ്ഥാനം പിടിച്ചു.
തുടര്‍ന്ന് റൂബിക്സ് ക്യൂബ് ചൂടപ്പം പോലെ വിറ്റുപോയി. പിന്നീട് ഇതിന്റെ പ്രചാരം ശരവേഗത്തില്‍ വ്യാപിച്ചു. ഏഴ് വയസ്സുള്ളവര്‍ മുതല്‍ 70 വയസ്സുള്ളവര്‍ വരെ ഇതിന്റെ സ്വാധീനത്തില്‍ വന്നു. 2015 ആയപ്പോഴേക്കും വാള്‍മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ 111 ദശലക്ഷം ഡോളറിന്റെ ക്യൂബുകളുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നു വെന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴിതാ റൂബിക്സ് ക്യൂബിന്റെ ചരിത്രത്തിലേക്ക് ഒരു മലയാളി യുവാവ് കടന്നുവന്നിരിക്കുകയാണ്. കായംകുളം സ്വദേശിയായ ശംഭു രാജേന്ദ്രന്. തീരെ കൊച്ചുകുട്ടിയായിരിക്കുമ്പോള് മുതല്‍ ശംഭു റൂബിക്സ് ക്യൂബ് പരിശീലനം ആരംഭിച്ചിരുന്നു. ഇപ്പോള്‍ കാനഡയില്‍ ഐടി മേഖലയില്‍ സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയറായി ജോലി ചെയ്യുന്ന ശംഭു 2022 ഫെബ്രുവരി 6 ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്ന അന്താരാഷ്ട്ര റൂബിക്സ് ക്യൂബ് മത്സരത്തില്‍ ഗിന്നസ് ബുക്കില്‍ ജേതാവായി ഇടംപിടിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ജിമ്മിന്റെ നേതൃത്വത്തില്‍ നടന്ന റെക്കോര്‍ഡ് ഈവന്റ് മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ശംഭു സ്ഥാനം നേടിയിരുന്നു. 2014 ല്‍ ചെന്നൈ ഐഐടിയില്‍ നടന്ന ശാസ്ത്ര ക്യൂബ് ഓപ്പണ്‍ മത്സരത്തില്‍ 34 സെക്കന്റിലും, പിന്നീട് ട്രിച്ചി എന്‍ഐടിയില്‍ നടന്ന പ്രജ്ഞാന് ക്യൂബ് ഓപ്പണ്‍ മത്സരത്തില്‍ 31 സെക്കന്റിലും റൂബിക്സ് ക്യൂബ് സമസ്യാ പരിഹാരത്തില്‍ ശംഭു റെക്കോര്‍ഡ് നേടിയിരുന്നു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി ടെക് നേടിയ ശംഭു അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സൈബര്‍ സെക്യൂരിറ്റി കോഴ്സ് പാസായി. മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശ പ്രകാരം അവിടെയും പിന്നീട് ഇന്‍ഫോ പാര്‍ക്കിലും ജോലി ചെയ്തു. ഇതിനു ശേഷമാണ് കാനഡയിലേക്ക് പോയത്.
ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവും രാഷ്ട്രീയ രാജ്യ കര്‍മ്മ ചാരി മഹാസംഘ് അഖിലേന്ത്യ സെക്രട്ടറിയും, ശബരിമല യുവതീ പ്രവേശന കേസ് അടക്കം നിരവധി പൊതു താല്‍പ്പര്യ വ്യവഹാരങ്ങള്‍ നടത്തി ശ്രദ്ധേയനുമായ കായംകുളം സ്വദേശി വി. രാജേന്ദ്രന്റെ ഇളയ മകനാണ് ശംഭു രാജേന്ദ്രന്. മിനിയാണ് ശംഭുവിന്റെ അമ്മ. വിജയ് വിഷ്ണു സഹോദരനും. ശംഭുവിന് ആദ്യാക്ഷരം കുറിച്ചതും ചോറൂണ് നടത്തിയതും മാതാ അമൃതാനന്ദമയീ ദേവിയാണ്. അമ്മയുടെ അനുഗ്രഹമാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിനു പിന്നിലെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: