മാഞ്ചസ്റ്റര്‍: അടിച്ചും തിരിച്ചടിച്ചുമുള്ള ക്ലാസിക് പോരാട്ടത്തിലെ ഗോള്‍ മഴയ്ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമിയില്‍ ആദ്യന്തം ആവേശകരമായ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ മൂന്നിനെതിരെ നാലു ഗോളിന് സിറ്റി മറികടന്നു. അടുത്ത മാസം അഞ്ചിന് മാഡ്രിഡിലെ ബെര്‍ണാബുവില്‍ രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ സിറ്റിക്ക് നേരിയ മുന്‍തൂക്കം.
സ്വന്തം മൈതാനമായ എത്തിഹാദില്‍ കെവിന് ഡിബ്ര്യുന്‍, ഗബ്രിയേല്‍ ജെസ്യൂസ്, ഫില്‍ ഫോഡന്, ബെര്‍ണാഡൊ സില്‍വ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോള്‍, കരിം ബെന്‍സമയുടെ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയറിന്റെ സോളൊ ഗോളുമാണ് റയലിന്റെ തിരിച്ചടിക്ക് ഊര്‍ജ്ജം പകര്‍ന്നത്. രണ്ട് ഗോളോടെ ബെന്‍സമ 14 ഗോളുമായി ലീഗിലെ ടോപ് സ്കോററായി. നോക്കൗട്ട് റൗണ്ടില്‍ കൂടുതല്‍ ഗോളെന്ന ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ (10) നേട്ടത്തിനൊപ്പമെത്താന്‍ ബെന്‍സമയ്ക്ക് (ഒമ്പത്) ഒരു ഗോള്‍ കൂടി മതി.
മത്സരത്തിന്റെ തുടക്കത്തില്‍ സിറ്റിയുടെ കുതിപ്പ്. പതിനഞ്ച് മിനിറ്റിനിടെ രണ്ട് ഗോളിന് അവര്‍ മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ കെവിന് ഡിബ്ര്യുനിലൂടെ സിറ്റി മുന്നില്‍. പതിനൊന്നാം മിനിറ്റില്‍ ജെസ്യൂസ് ലീഡുയര്‍ത്തി. രണ്ട് ഗോളിന് പിന്നിലായതോടെ റയല്‍ ആക്രമണം കടുപ്പിച്ചു. 33-ാം മിനിറ്റില്‍ കരിം ബെന്‍സമയിലൂടെ റയല്‍ ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയിലും സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. 53-ാം മിനിറ്റില്‍ ഫോഡന് സ്കോര്‍ ചെയ്തു. രണ്ട് മിനിറ്റിനു ശേഷം വിനീഷ്യസിലൂടെ റയല്‍ ഒരു ഗോള്‍ കൂടി മടക്കി. 74-ാം മിനിറ്റില്‍ സില്‍വയിലൂടെ സിറ്റി ലീഡുയര്‍ത്തി. രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മാഡ്രിഡിലേക്ക് പോകാമെന്നു കരുതിയ സിറ്റിക്ക് 82-ാം മിനിറ്റില്‍ ബെന്‍സമ തിരിച്ചടി നല്കി. ബോക്സിനുള്ളില്‍ പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ ലപോര്‍ട്ടയുടെ ഹാന്‍ഡ്ബോളില്‍ റയലിന് അനുകൂലമായി പെനല്‍റ്റി. ബെന്‍സെമയുടെ പനേങ്ക കിക്ക് സിറ്റിയുടെ വലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: