കോഴിക്കോട്: കേളപ്പജി-ഉപ്പ്സത്യഗ്രഹ സ്മൃതിയാത്രയ്ക്കുവേണ്ടിയുള്ള കേരളഗാന്ധിയുടെ അര്‍ധകായപ്രതിമ ഫൈബര്‍ ഗ്ലാസില്‍ ഒരുക്കിയത് കണ്ണൂര്‍ ചെറുതാഴം സ്വദേശിയായ ശില്പി പ്രശാന്ത് ചെറുതാഴം. നിരവധി ദാരുശില്പങ്ങളിലൂടെ കരവിരുത് തെളിയിച്ചിട്ടുള്ള പ്രശാന്ത് ആദ്യമായാണ് ഫൈബര്‍ഗ്ലാസില്‍ ശില്പം തീര്‍ക്കുന്നത്. കേളപ്പജിയുടെ പ്രചുരപ്രചാരത്തിലുള്ള ചിത്രം മാതൃകയാക്കിയാണ് പ്രശാന്ത് ശില്പം ചെയ്തത്. തീക്ഷ്ണവും അതേസമയം കരുണാര്‍ദ്രവുമായ കണ്ണുകളും കട്ടിക്കണ്ണടയുമുള്ള അദ്ദേഹത്തിന്റെ ചിത്രം അതേപടി ശില്പത്തിലേക്ക് പകര്‍ത്തുന്നത് ശ്രമകരമായിരുന്നു എന്ന് പ്രശാന്ത് പറയുന്നു.
അഞ്ചടി ഉയരമുള്ള അര്‍ധകായപ്രതിമയാണ് പൂര്‍ത്തിയാക്കിയത്. കേളപ്പജിയുടെ പ്രതിമ പൂര്‍ത്തിയായതിനുശേഷം പ്രശാന്ത് മാമാനത്ത് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹങ്ങളുടെ നിര്‍മാണത്തില്‍ മുഴുകി. കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പഴശ്ശി സ്മൃതിമണ്ഡപത്തിലേക്ക് പ്രശാന്ത് നിര്‍മിച്ച വീരപഴശ്ശി കേരളവര്‍മ്മയുടെ ദാരുശില്പം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചരിത്രരേഖകളില്‍ നിന്ന് മനസ്സിലാക്കിയ പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥ രൂപത്തെ പ്രതിഫലിപ്പിക്കുന്ന എട്ടടി ഉയരമുള്ള ഈ പ്രതിമ ഒറ്റത്തടിയിലാണ് തീര്‍ത്തത്. 2015ല്‍ പഴശ്ശിരാജാവിന്റെ 210-ാം വീരാഹുതി ദിനത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
ഇരുപതാം വയസ്സില്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കൊത്തുപണിയില്‍ പങ്കാളിയായാണ് പ്രശാന്ത് ശില്പനിര്മാണത്തിന് തുടക്കം കുറിച്ചത്. അച്ഛന് പി.പി. ദാമോദരന്‍ ആചാരിയാണ് ആദ്യഗുരു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമി മഹാരാജിന്റെ ശില്പം റോസ്വുഡില് നിര്‍മിച്ച് സമ്മാനിച്ചിട്ടുണ്ട്. അമിത്ഷായ്ക്ക് കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ കതിവന്നൂര്‍ വീരന് തെയ്യത്തിന്റെ ശില്പവും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: