തിരുവനന്തപുരം : സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിച്ച് കണ്ണൂരില്‍ മാമാങ്കം നടത്തുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സംസാരിച്ചിരുന്നോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാന്‍ അഴൂര്‍ പഞ്ചായത്തിലെ പെരുംകുഴി ഇടഞ്ഞിമൂലയില്‍ പ്രതിരോധ യാത്രക്കിടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പരിയാര്‍ വിഷയത്തില്‍ ഇടുക്കിയിലെ ആളുകള്‍ വളരെ വലിയ ആശങ്കയിലാണ്. പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രിതല ചര്‍ച്ച നടത്തുമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞതാണ്. നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ സ്റ്റാലിനെ കൂട്ടുപിടിച്ച പിണറായി വിജയന് അണക്കെട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ എന്തു ചെയ്തു.
ഖജനാവില്‍ നിന്നുപണമെടുത്ത് പാര്‍ട്ടി കോണ്‍ഗ്രസ്സെന്ന പേരില്‍ കണ്ണൂരില്‍ മാമാങ്കം നടത്തുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കുറച്ച് സമയമെങ്കിലും മാറ്റിവെയ്ക്കാമായിരുന്നു. കുറച്ചുപേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ല. വാളയാര്‍ കഴിഞ്ഞാല്‍ സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും കൈകോര്‍ത്ത് പിടിച്ചാണ് നടക്കുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതിനിധിയെ പിണറായി വിജയന് തെരഞ്ഞെടുക്കുന്ന ഗതികേടിലാണ് കോണ്‍ഗ്രസ് വന്നെത്തിയിരിക്കുന്നത് എന്നും വി. മുരളീധരന് പറഞ്ഞു.
കെ- റെയില്‍ വിഷയത്തിലുള്ള കേന്ദ്ര നിലപാട് പാര്‍ലമെന്റില്‍ അറിയിച്ചത് കൂടാതെ ഹൈക്കോടതയിലും വ്യക്തത നല്‍കിയിട്ടുണ്ട്. നടക്കാത്ത ഒരു പദ്ധതിയുടെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കാന്‍ പിണറായി സര്‍ക്കാര്‍ മുതിരരുത് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: