കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ സിനഡ് തീരുമാനം തള്ളി എറണാകുളം- അങ്കമാലി അതിരൂപത വൈദികര്‍. ബിഷപ് ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചു. ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. സിനഡ് സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നും വൈദികര്‍ പറഞ്ഞു.
കര്‍ദിനാള്‍ അനുകൂലികളും വിമതരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഓശാന ഞായര്‍ ദിവസം എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ സംയുക്തമായി ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാണ് സിനഡിന്റെ തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളില്‍ പുതിയ ആരാധനാക്രമത്തിന് അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ച്ച് ബിഷപ്പിനോട് ഇളവ് നേടാനാകും. കര്‍ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുതെന്നും അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുതെന്നും കുര്‍ബാന രീതിയിലെ മാറ്റം മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്നു സംശയമുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം ഏകീകൃത കുര്‍ബാനയെ സ്വാഗതം ചെയ്ത് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തി. ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തടസ്സങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ഇനിയും ഇളവുകള്‍ നല്‍കുന്നത് വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് ഒരു വിഭാഗം വിശ്വാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്റീരിയം കമ്മിറ്റി തുടങ്ങിയവ പിരിച്ചുവിടണം. അച്ചടക്ക ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണം. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. മത്തായി മുതിരേന്തി, റെജി ഇളമത, സേവ്യര്‍ മാടവന, ചെറിയാന് കവലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: