പീയൂഷ് ഗോയല്‍,
(കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി)
ഇന്ത്യ -ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും (IndAus ECTA) ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ ആവേശകരമായ മുന്നേറ്റത്തിന്റെ പുതിയൊരു അധ്യായം വിളംബരം ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കടുത്ത മത്സരാധിഷ്ഠിത ആഗോള വിപണിയില്‍ രാജ്യം പതിവായി പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയെ മഹാമാരി ഗ്രസിച്ച കാലത്ത് ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും പുതിയ വിപണികളിലേക്ക് കടന്നുകയറുകയും പുതിയ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിനാല്‍, 2021-22 ലെ 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം, ഇന്ത്യ കഴിഞ്ഞ മാസം തന്നെ കൈവരിക്കുകയും മറികടക്കുകയും ചെയ്തു. അതിന് ഒരു മാസം മുമ്പ്, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയ്ക്കും ജോലി സാധ്യതയ്ക്കും പുതുവഴികള്‍ തെളിച്ചു കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. .
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകത അഥവാ ഐക്യത്തെ പ്രതിനിധീകരിക്കുന്ന IndAus ECTA ഒരു പ്രധാന നാഴികക്കല്ലാണ്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 4550 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഒരു വികസിത സമ്പദ്വ്യവസ്ഥയി ഇന്ത്യ ഏര്‍പ്പെടുന്ന ആദ്യ വ്യാപാര കരാറാണിത്. കയറ്റുമതി സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ചെറുകിട സംരംഭങ്ങള്‍, പ്രൊഫഷണലുകള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ വ്യാപകമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായത്.
രാജ്യം ആസാദി കാ അമൃത് മഹോത്സവം ആചരിക്കുമ്പോള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലേക്കുള്ള 75 ആഴ്ചത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ച വേളയില്‍, വ്യാപാര ഇടപാടുകളും ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ പ്രശംസനീയമായ പ്രകടനവും പുതിയ ഇന്ത്യയുടെ പുതിയ ഊര്‍ജ്ജത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയത്തിനായുള്ള അദമ്യമായ ആഗ്രഹത്തിന്റെയും സാക്ഷ്യമാണ്. കൊറോണ കാലഘട്ടത്തിന് ശേഷം ലോകം അതിവേഗത്തില്‍ ഒരു നവലോകക്രമത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തികച്ചും ശരിയാണ്. ‘ഇത് ഒരു വഴിത്തിരിവാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, നാം ഈ അവസരം നഷ്ടപ്പെടുത്തരുത്. പ്രധാന ആഗോള വേദികളില്‍ ഇന്ത്യയുടെ ശബ്ദം മുഴങ്ങണം. നേതൃപരമായ പങ്ക് വഹിക്കുന്നതില്‍ ഇന്ത്യ മടിച്ചു നില്ക്കാന് പാടില്ല’ പ്രധാനമന്ത്രി പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുഴുവന്‍ കയറ്റുമതി മേഖലയും, സാധാരണ നെയ്ത്തുകാരും തൊഴിലാളികളും മുതല്‍ ഉലകം വെല്ലുന്ന സംരംഭകരും, എഞ്ചിനീയര്‍മാരും, സോഫ്റ്റ്വെയര് പ്രൊഫഷണലുകളും വരെ, ആഗോള വിപണിയില്‍ ഒരു പ്രമുഖ ശക്തിയായി ഇന്ത്യയെ ഉയര്‍ത്താനും ലോകം അംഗീകരിക്കുന്ന ഒരു മഹാശക്തിയാക്കി മാറ്റാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത് പരസ്പര പൂരകമായ സാമ്പത്തിക ബന്ധമാണ്. ഇന്ത്യ പ്രധാനമായും വിപണി സജ്ജമായ അന്തിമ ഉത്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യും. ധാതുക്കള്‍, അസംസ്കൃത വസ്തുക്കള്‍, ഭാഗികമായി പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ തുടങ്ങിയവയാകും ഇറക്കുമതി ചെയ്യുക. ഓസ്ട്രേലിയയുമായി നിലവില്‍ വ്യാപാര ഇടപാടുകളുള്ള വിപണിയിലെ പ്രധാന എതിരാളികള്‍ക്കെതിരെ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ പരിഹരിച്ച്, ഇന്ത്യയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഓസ്ട്രേലിയയില്‍ നികുതി രഹിത വിപണിപ്രവേശനം ഉണ്ടായിരിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കുള്ള നിയന്ത്രണ പ്രക്രിയകള്‍ ലഘൂകരിക്കുന്നതോടെ ഈ മേഖലയില്‍ 12 ബില്യണ്‍ ഡോളറിന്റെ ആകര്‍ഷകമായ ഓസ്ട്രേലിയന്‍ വിപണി തുറന്നു കിട്ടുകയും ഇന്ത്യന്‍ മരുന്നുകള്‍ക്ക് വിപണി പ്രവേശനം പ്രാപ്തമാവുകയും ചെയ്യും.
അതുപോലെ, ടെക്സ്റ്റൈല്‍സ് കയറ്റുമതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.1 ബില്യണ്‍ ഡോളര്‍ അതായത് മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ വര്‍ഷവും 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി 202021 ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.7 ബില്യണ്‍ ഡോളറായി ഉയരും.
ഓസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിക്ഷേപകരുടെ ഇന്ത്യയിലെ താല്പര്യങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം വര്‍ദ്ധിപ്പിക്കുന്നതിലും കരാറിന് തന്ത്രപരമായ മാനങ്ങള്‍ ഉണ്ട്. ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുമായി ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ റെസിലിയന്‍സ് ഇനിഷ്യേറ്റീവ് (SCRI) ക്രമീകരണത്തില്‍ ഇന്ത്യ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍, ധാതുക്കള്‍, ഭാഗികമായി പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ എന്നിവയുടെ വില കുറയ്ക്കുന്നതാണ് കരാര്‍. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണപ്രദമാവുകയും കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പല മേഖലകളെയും ഗവണ്മെന്റ് കരാറില്‍ നിന്ന് ഒഴിവാക്കി. പാലുത്പന്നങ്ങള്‍, ചെറുപയര്‍, വാല്‍നട്ട്, പിസ്ത, ഗോതമ്പ്, അരി, ബജ്റ, ആപ്പിള്‍, സൂര്യകാന്തി എണ്ണ, പഞ്ചസാര, പിണ്ണാക്ക്, സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ആഭരണങ്ങള്‍, ഇരുമ്പയിര്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
വിദ്യാര്‍ത്ഥികളാണ് മറ്റൊരു സുപ്രധാന ഗുണഭോക്താക്കള്‍. അവര്‍ക്ക് നാല് വര്‍ഷം വരെ പഠനാനന്തര വിസ ലഭിക്കും. ഇത് അവര്‍ക്ക് സുപ്രധാനമായ അന്തര്‍ദ്ദേശീയ തൊഴില്‍ പരിചയം ഉറപ്പാക്കും. ആഗോളതലത്തില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രധാന പാശ്ചാത്യ കമ്പനികളുടെ നെറുകയിലേക്ക് ഉയരാന്‍ കഴിവുള്ള, കഠിനാധ്വാനികളായ യുവ പ്രൊഫഷണലുകളുടെ ഒരു നിര ഓസ്ട്രേലിയയ്ക്കും പ്രയോജനം ചെയ്യും.
കൂടാതെ, അനുബന്ധ സ്ഥാപനങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടുന്നവര്‍, എക്സിക്യൂട്ടീവുകള്‍, കരാര്‍ സേവന ദാതാക്കള്‍ എന്നിവര്‍ക്ക് നാല് വര്‍ഷം വരെ താല്‍ക്കാലിക താമസം അനുവദിക്കുന്ന വിസ സമ്പ്രദായം ഇന്ത്യക്കാര്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങള്‍ക്കുള്ള പ്രവേശനം, താമസം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയ്ക്കും വ്യവസ്ഥകളുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് നാല് വര്‍ഷം വരെ തുടരാന്‍ അനുവദിക്കുന്ന വിസ വ്യവസ്ഥയില്‍ ഇന്ത്യന്‍ ഷെഫുകള്‍ക്കും യോഗ അധ്യാപകര്‍ക്കും ഓസ്ട്രേലിയയില്‍ തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇത് ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ഓസ്ട്രേലിയക്കാര്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ ലഭിക്കാന്‍ സഹായകമാവുകയും ചെയ്യും.
ക്രിക്കറ്റിനോടുള്ള സ്നേഹം ഇരു രാജ്യങ്ങളും കൂട്ടിയോജിപ്പിക്കുന്ന ഒരു പ്രധാന ഘടകകമാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്, സ്റ്റീവ് വോ, ബ്രെറ്റ് ലീ, ഷെയ്ന് വോണ്‍ എന്നിവരെ ഇന്ത്യക്കാര്‍ ആരാധിക്കുന്നു. ക്രിക്കറ്റില്‍ കടുത്ത പോരാട്ടത്തിലൂടെ ഒരു ടീം മറ്റൊന്നിനെ തോല്‍പ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുമ്പോള്‍, വ്യാപാര രംഗത്ത് ജേതാക്കളെയുള്ളൂ ഇരു രാജ്യങ്ങള്‍ക്കും ഗുണപ്രദമായ സാഹചര്യമാണ് വ്യാപാരക്കരാര്‍ സൃഷിച്ചിരിക്കുന്നതെന്ന് ചുരുക്കം.
കൂടുതല്‍ രജത രേഖകള്‍ ഇപ്പോള്‍ ചക്രവാളത്തില്‍ തെളിഞ്ഞു കാണുന്നു. യൂറോപ്യന്‍ യൂണിയന്, കാനഡ, യുകെ തുടങ്ങിയ പ്രധാന പാശ്ചാത്യ വ്യാപാര പങ്കാളികളുമായി ഇന്ത്യ വ്യാപാര ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുന്നു. വ്യാപാര ഉടമ്പടികളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ ആത്മാര്‍ത്ഥമായ ആഗ്രഹവും വ്യവസായ മേഖലയുടെ ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നതും, കൂടുതല്‍ വ്യാപാര കരാറുകള്‍ക്ക് ശക്തമായ അടിത്തറ പാകാന്‍ ഉതകുന്നവയുമാണ് യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: