ആഭ്യന്തരക്കുഴപ്പങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കെ അധികാരത്തില്‍ തുടരാനുള്ള അവസാന ശ്രമമാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പതിനൊന്നാം മണിക്കൂറില്‍ അനുമതി നിഷേധിച്ചശേഷം ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ ഇപ്പോഴത്തെ മരണക്കളി വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഇമ്രാന് അധികാരത്തിന് പുറത്തേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമായിരുന്നു എന്നുറപ്പ്. സഖ്യകക്ഷികള്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ പിടിഐയുടെ പോലും പൂര്‍ണ പിന്തുണ ഇമ്രാനില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനൊപ്പം തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇമ്രാന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാലിത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ സ്വരമല്ലെന്നും അധികാര ദുരുപയോഗത്തിലൂടെ ഭരണ സംവിധാനത്തെ ഒപ്പം നിര്‍ത്താനുള്ള അടവാണെന്നും പ്രത്യേകം പറയേണ്ടതില്ല. ക്രിക്കറ്റിന്റെ ലോകത്തുനിന്ന് ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയ നേതാവായി മാറുകയും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലേറാന്‍ അവസരം ലഭിക്കുകയും ചെയ്ത ഒരു ഷോമാന് മാത്രമാണ് ഇമ്രാന്. ഭരണത്തിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരുന്നതിന്റെ ചിത്രമാണ് ഇമ്രാന് നല്‍കുന്നത്.
സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്ഖാന്. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ എല്ലാ പാക് ഭരണാധികാരികള്‍ക്കും അധികാരം കൈയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ഗാമികളായ നവാസ് ഷെരീഫ്, പര്‍വേസ് മുഷാറഫ്, ആസിഫ് അലി സര്‍ദാരി, ബേനസീര്‍ ഭൂട്ടോ എന്നിവരൊക്കെ ആഗ്രഹത്തിനു വിരുദ്ധമായി അധികാര നഷ്ടത്തിന്റെ കയ്പ്പുനീര് കുടിച്ചവരാണ്. മുഗള്‍ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം മ്ലേച്ഛമായ അധികാര തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളുമൊക്കെ ഇതിന്റെ അനിവാര്യഘടകങ്ങളായിരുന്നിട്ടുണ്ട്. പാകിസ്ഥാന് ഒരു മതരാഷ്ട്രമാണ്. ജനാധിപത്യം എന്ന തൊപ്പി അതിന് ചേരില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയായിരുന്നു. ഇസ്ലാമും ജനാധിപത്യവും തമ്മില്‍ ഒത്തുപോകാത്തതിന്റെ പ്രശ്നങ്ങളാണ് അടിസ്ഥാനപരമായി പാകിസ്ഥാന് അനുഭവിക്കുന്നത്. ഉറുദുവിന്റെ മഹത്വം പാടിപ്പുകഴ്ത്തുകയും മതേതരത്വത്തിന്റെ വ്യാമോഹം പേറി നടക്കുന്നവരുമായ ഭാരതത്തിലെ രാഷ്ട്രീയ ചില നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യം ഇനിയും ശരിയായി മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ നടിക്കുകയാണ്. പാകിസ്ഥാന് എന്ന രാജ്യം രൂപപ്പെട്ടതിനുശേഷം അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനെക്കുറിച്ചും ദൈവനിന്ദയാരോപിച്ച് അമുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും നികൃഷ്ടമായ മൗനം പാലിച്ച് പാകിസ്ഥാന് പ്രേമം കൊണ്ടു നടക്കുന്നവര്‍ അതിന് ജനാധിപത്യരാജ്യത്തിന്റെ പദവി ചാര്‍ത്തിക്കൊടുക്കുന്നത് പരിഹാസ്യമാണ്.
ഭരണം സമ്പൂര്‍ണ പരാജയമാവുകയും അധികാരത്തിനു പുറത്തു പോകേണ്ടി വരുമെന്ന് ഉറപ്പിക്കുകയും ചെയ്തപ്പോള്‍ ഇമ്രാന്ഖാന് തന്ത്രപൂര്‍വം പുറത്തെടുത്തിരിക്കുന്നതാണ് വിദേശ ഇടപെടല്‍ എന്ന കാര്‍ഡ്. വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കാനുള്ള ധാര്‍മികവും രാഷ്ട്രീയവുമായ അവകാശം ഇമ്രാന്‍ഖാനില്ല. കാരണം ആദ്യം അമേരിക്കയുടെയും പിന്നീട് ചൈനയുടെയും പിന്തുണയോടെയാണ് ഇമ്രാന്ഖാന് ഇത്രകാലവും അധികാരത്തില്‍ തുടര്‍ന്നത്. ഭീകരവാദികളുടെ പരിശീലനത്തിനും ആക്രമണങ്ങള്‍ക്കുമായി ചെലവഴിക്കുന്നു എന്നു വന്നപ്പോഴാണ് അമേരിക്ക നല്കിക്കൊണ്ടിരുന്ന ഭീമമായ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. പിന്നീട് ചൈനയ്ക്കൊപ്പമായി ഇമ്രാന്റെ നിലനില്‍പ്പ്. ഇരു രാജ്യങ്ങളുടെയും ഭാരത വിരോധം ഇതിന് പ്രേരണയാവുകയും ചെയ്തു. ഇതേ ഇമ്രാന് ഇപ്പോള്‍ ഭാരതത്തിന്റെ വിദേശനയത്തെ ആവര്‍ത്തിച്ചു പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുപിന്നിലെ ദുഷ്ടലാക്കും ഗതികേടും പകല്‍പോലെ വ്യക്തം. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഭാവാത്മക ശ്രമങ്ങളെ അട്ടിമറിച്ചാണ് ഇമ്രാന് അധികാരത്തില്‍ വന്നത്. അതേയാള്‍ ഇപ്പോള്‍ മോദിയുടെ കനിവു തേടുകയാണ്. പാകിസ്ഥാനിലെ പ്രതിസന്ധി എളുപ്പം പരിഹരിക്കപ്പെടില്ല. ഇടപെടില്ലെന്ന് സൈനിക നേതൃത്വം പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കേണ്ടതില്ല. പാകിസ്ഥാന്റെ ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ഭരണചരിത്രത്തില്‍ പകുതിയിലേറെയും ഭരിച്ചത് സൈന്യമാണ്. സ്ഥിതിഗതികള്‍ അവിടേക്കാണ് പുരോഗമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: