സത്യജീവിതത്തിനായി, നിത്യജീവിതത്തിലൂടെയുള്ള പാച്ചിലാണെവിടെയും. കൊവിഡ് ബാധകാലത്തെ പ്രതിസന്ധികള്‍ക്കു ശേഷം നിലനില്‍ക്കാനുള്ള പെടാപ്പാടില്‍ കിട്ടുന്ന ഏത് പിടിവള്ളിയിലും തൂങ്ങാന്‍ ആളുകള്‍ മത്സരിക്കുകയാണ്. നെട്ടോട്ടമാണെവിടെയും. ഒതുങ്ങി ജീവിക്കാന്‍ പഠിപ്പിച്ച കൊവിഡ് കാലം, വലിയൊരു വിഭാഗത്തെ ആഡംബരത്തില്‍ നിന്ന് അകറ്റിയിട്ടുണ്ട്. ‘വടക്കുനോക്കി യന്ത്ര’മെന്ന പ്രസിദ്ധ സിനിമയിലെ സുലോചനയെപ്പോലെ, കൊക്കിലൊതുങ്ങാത്തത് കൊത്താതിരിക്കാന്‍ വിവേകമതികള്‍ ശ്രദ്ധിക്കുന്നു. ‘അവിടെയുണ്ട്, അതിനാല്‍ ഇവിടെയും വേണ’മെന്ന അയല്പക്കം നോക്കിയുള്ള ജീവിതത്തിനും അറുതിവന്നിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തല്‍. നല്ലത്, ഉപഭോഗ സംസ്കാരത്തിന് ജീവിതം അടിമകിടത്തുന്ന അബദ്ധത്തില്‍ നിന്ന് ആളുകള്‍ പിന്മാറുന്നുവല്ലോ!
മറുഭാഗവുമുണ്ട്. ‘പച്ചക്കറിക്ക് വില കൂടുന്നു’വെന്ന് പരാതിപ്പെടുമ്പോള്‍ ‘കര്‍ഷകര്‍ക്ക് നല്ല വിലയും കിട്ടുന്നുണ്ട്’ എന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യന് സാമൂഹ്യജീവിയാകുന്നത്. അതില്‍, ഇടനിലക്കാരന് ചൂഷണം ചെയ്യുന്നുവെന്നറിഞ്ഞ്, അത് തടയുന്നിടത്താണ് ഭരണസംവിധാനം മികവുറ്റതാകുന്നത്. ഇടനിലക്കാര്‍ക്കും അതൊരു ജീവിതോപാധിയായിരിക്കെ, ജീവിക്കാന്‍ അവര്‍ക്കും സംവിധാനമുണ്ടാകുമ്പോഴാണ് സാമൂഹ്യജീവിത ചക്രം ഫലവത്താകുന്നത്. ‘രക്ഷന്തിസ്മ പരസ്പരം’- തമ്മില്‍ത്തമ്മില്‍ രക്ഷിച്ച്-മുന്നേറുന്ന സംവിധാനമാണ് കുറ്റമറ്റതാകുന്നത്.
‘ന രാജ്യം ന രാജാസീത്
ന ദണ്ഡോ ന ച ദണ്ഡികാഃ
ധര്‍മ്മേണൈവ പ്രജാ സര്‍വേ
രക്ഷന്തിസ്മഃ പരസ്പരം’ എന്നാണ് ആ ശ്ലോകം. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തിലെ ഭീഷ്മ വാക്കാണ്. പണ്ഡിതമ്മന്യര്‍ പോലും മഹാഭാരതത്തിന് 5000 വര്‍ഷം പഴക്കം സമ്മതിച്ച് നല്‍കിയിട്ടുണ്ട്. അതായത്, ‘രാജ്യമില്ലാത്ത, രാജാവില്ലാത്ത, മര്‍ദ്ദിതരില്ലാത്ത, മര്ദ്ദകരില്ലാത്ത, തമ്മില്‍ത്തമ്മില്‍ രക്ഷിച്ച് സര്‍വരും ധാര്‍മികതയില്‍ ജീവിക്കുന്ന കാലം’ എന്നര്‍ഥം. അങ്ങനെയൊരുകാലത്ത്, കെ റെയില്‍ പോലുള്ള ഭരണ പിടിവാശി ഉണ്ടാവില്ല, അതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് തെരുവില്‍ കിടന്നുരുളേണ്ടിവരില്ല, അവരെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്ത് ‘അധികാരികള്‍ക്ക്’ മര്ദ്ദിക്കേണ്ടിവരില്ല, അത്തരം ചെയ്തികള്‍ക്ക്, ‘പ്രജകളുടെ ഭരണം’ എന്ന കള്ള ലേബലൊട്ടിച്ച് അതിനെ ജനാധിപത്യമെന്ന് വിളിച്ച് ഇസത്തിന്റെ പിന്‍ബലം കൊടുക്കേണ്ടിവരില്ല. ഭീഷ്മര്‍ പറഞ്ഞ ആ ഭരണ ദര്‍ശനത്തിനപ്പുറം ഒരു ഇറക്കുമതിയിസവും വരില്ല.
അവരവര്‍ക്കുള്ള പങ്ക്, അനര്ഹമല്ലാത്ത, അധാര്‍മികമല്ലാത്ത മാര്‍ഗത്തില്‍ നേടുമ്പോഴാണ് സമതാളത്തില്‍ പ്രകൃതിയും മനുഷ്യനും ഒപ്പം നിലനില്‍ക്കുന്നത്. ഒന്ന് മറ്റൊന്നിനെ കൊന്നു തിന്നുന്നത് ചില വേളകളില്‍ ധര്‍മാധിഷ്ഠിതമായ കര്‍മമാകും, അത് വിനോദശീലമാകുമ്പോള് അധാര്‍മികമാകും. ആപേക്ഷികമെന്നും അതിനെ വിളിക്കാനാവില്ല. കാരണം, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന തത്വം പോലും ചിലപ്പോള്‍ തീരെ യുക്തമല്ലാതാകും. ലക്ഷ്യം വ്യക്തിഗതവുമാകാം, പക്ഷേ, ഫലം എന്തെന്നതാണ് യഥാര്‍ത്ഥ ചോദ്യം. അതുതന്നെയാണ്, ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ എന്ന് ലളിതമായി, ഉപനിഷദ്ദര്‍ശനത്തെ ശ്രീനാരായണ ഗുരു ആത്മോപദേശമാക്കിയത്. ഭഗവദ്ഗീത ആറാം അധ്യായത്തില്‍ നാല്പതാം ശ്ലോകത്തില്‍ പറയുന്നു: ‘ന ഹി കല്യാണകൃത് കശ്ചിദ് ദുര്‍ഗതിം താത ഗച്ഛതി” (നന്മ ചെയ്യുന്നവര്‍ക്ക് ഒരിക്കലും തിന്മ സംഭവിക്കില്ല). ഈ ശ്ലോകാര്‍ത്ഥം സ്വാമി വിവേകാനന്ദന് വിശദീകരിക്കുന്നു. ‘ത്യാഗമാണ് മുഖ്യ സംഗതി. ത്യാഗം കൂടാതെ ആര്‍ക്കും തികച്ചും പ്രാണാര്‍പ്പണം ചെയ്ത് പരമാര്‍ത്ഥമായി പ്രവര്‍ത്തിക്കാനാവില്ല. ത്യാഗി സകലപേരോടും സമഭാവത്തില്‍ വീക്ഷിക്കുന്നു; സകലരേയും സേവിക്കുന്നതില്‍ ഉത്സുകനാകുന്നു. നീ വേദാന്തം പഠിച്ചിട്ടുണ്ടല്ലോ; സര്‍വരേയും സമഭാവത്തില്‍ വീക്ഷിക്കണം,’ എന്ന് ശിഷ്യനുമായുള്ള സംവാദത്തിലാണിത് പറയുന്നത്. ‘നിന്നെപ്പോലെ അയല്‍ക്കാരനേയും സ്നേഹിക്കണ’മെന്ന വാക്യത്തിന്റെ സാരവും അതുതന്നെ. പക്ഷേ, ഫലത്തില്‍ ചിന്തയെത്താതെ ലക്ഷ്യത്തില്‍ മുന്നേറുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകളാണ് ഏറെ. ‘കര്‍മം ചെയ്യുക, ഫലം ഇച്ഛിക്കരുത്’ എന്ന സൂക്തത്തെ അക്കൂട്ടര്‍ തെറ്റായി വ്യാഖ്യാനിച്ച് പിന്തുണ നേടുകയും ചെയ്യും. ഫലമില്ലാതെ ഒരു കര്മവുമില്ലെന്ന യുക്തിബോധമെന്നും ആ കടുത്ത വരട്ടുയുക്തിവാദക്കാര്ക്കുപോലും അക്കാര്യത്തില്‍ ഉണ്ടാകുകയുമില്ല.
പറഞ്ഞുതുടങ്ങിയത് കൊവിഡനന്തര സാമൂഹികാരോഗ്യം, ശാരീരികാരോഗ്യം പോലെ തന്നെ കരുതിയിരിക്കേണ്ടതാണെന്നാണ്. ഓരോ മേഖലയിലും ഫലപ്രാപ്തിയും അതിന്റെ ഗുണദോഷവും കരുതിയറിഞ്ഞുതന്നെ വേണം മുന്നേറാന്‍. പക്ഷേ, ആ കരുതല്‍ ഉണ്ടോ! കൊവിഡ് പകര്‍ച്ചക്കാലത്ത് കൈകഴുകാനും മാസ്ക് വയ്ക്കാനും കൂട്ടുകൂടാനും നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവന്നതുപോലെ സാമൂഹ്യ ജീവിതത്തില്‍ സകലതിനും നിയന്ത്രണം സാധ്യമല്ലല്ലോ. വ്യക്തികള്‍, വസ്ത്രത്തിന്റെ പേരിലും ഭക്ഷണക്കാര്യത്തിലും മാത്രമല്ല സ്വന്തം ശരീരംകൊണ്ടുപോലും ഇഷ്ടാനുസരണമുള്ള ജീവിതസ്വാതന്ത്ര്യം അവകാശപ്പെടുമ്പോള്‍, നിയമങ്ങള്‍ ഉണ്ടായാലും ലംഘിക്കാനാവുമല്ലോ അവര്‍ക്ക് പ്രേരണ. ‘മാറ്റുവിന്‍ ചട്ടങ്ങളേ’ എന്നാണല്ലോ പൊതു മുദ്രാവാക്യം. അത് ഏത് സദുദ്ദേശ്യത്തില്‍ ഉപയോഗിച്ചോ, അതിന്റെ ദുരുദ്ദേശ്യത്തില്‍ സാര്‍വത്രികമാക്കിയപ്പോള്‍ ആനന്ദിച്ചവര്പോലും ഇന്ന് ചൊറിയണക്കാട്ടില്‍ കയറിയ സ്ഥിതിയിലാണല്ലോ.
സാമൂഹികാരോഗ്യം സംരക്ഷിക്കാന്‍ ഓരോ വ്യക്തിക്കും കടമയുണ്ട്. ഒരു രാഷ്ട്രത്തിന്റെ ഭാഗമായി നിന്ന് സ്വയം വികസിച്ചും സമൂഹത്തെ വികസിപ്പിച്ചും രാഷ്ട്രത്തിന്റെ വികസനത്തില്‍ പങ്കാളിയാകുന്നതിന് അതത് രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തിനുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണ്. അത് വ്യക്തികള്‍ ലംഘിക്കുമ്പോഴാണ് നിയമപരമായ നടപടികള്‍ക്ക് ഭരണകൂടം നിര്‍ബന്ധിതമാകുന്നത്. അത്തരം ചട്ടലംഘനങ്ങള്‍ ചിലര്‍ക്ക് ഏതെങ്കിലും പ്രത്യേക പരിഗണനയില്‍ കിട്ടുമ്പോഴാണ് മറ്റു ചിലര്‍ക്ക് എതിര്‍പ്പുണ്ടാകുന്നത്. സാമൂഹിക അസ്വാരസ്യങ്ങള്‍ രൂപപ്പെടുന്നത്. കഴിഞ്ഞയാഴ്ച, ഐക്യരാഷ്ട്രസഭയില്‍, അതായത് വിവിധലോകരാജ്യങ്ങളുടെ പൊതുവേദിയായ, ഏറ്റവും മേല്‍ത്തട്ടിലുള്ള സംവിധാനത്തില്‍, ഉയര്‍ന്നുവന്ന ആവശ്യം ‘ഒരു പ്രത്യേക മതത്തില്‍ പെട്ടവരോടുള്ള വിവേചനത്തിനെതിരേ’ പ്രമേയം പാസാക്കണമെന്നതായിരുന്നു. അങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ വേദിയൊരുക്കുമ്പോള്‍, അത് മറ്റു മതങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാക്കുമ്പോഴാണല്ലോ അതില്‍ ‘രാഷ്ട്രങ്ങളുടെ ഐക്യത്തിനുള്ള സഭ’ എന്ന സങ്കല്പം സഫലമാവുന്നത്. പക്ഷേ, അതുണ്ടാകാത്തപ്പോള്‍ ലോകത്തെ ഏറെക്കുറെ സകല മതങ്ങളുടെയും വിശ്വാസികളുള്ള ഭാരതത്തിന് അക്കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലല്ലോ. ഭാരത പ്രതിനിധി വിഷയം അവതരിപ്പിക്കുക തന്നെ ചെയ്തു. കൊവിഡ് പോലെ, മതമോ ജാതിയോ വിശ്വാസമോ പരിഗണിക്കാതെ പിടിപെടുന്ന, രോഗത്തിന്റെ താണ്ഡവത്തിനുശേഷവും യുഎന്‍ പോലുള്ള വേദിയില്‍ ഇത്തരത്തില്‍ ചിന്താ സൂക്ഷ്മതയില്ലാത്ത പ്രവര്‍ത്തനം സംഭവിക്കുന്നത് ഗുരുതരമായ വിഷയം തന്നെ. അപ്പോള്‍പ്പിന്നെ വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന, ചെറു സമൂഹത്തില്‍നിന്നുണ്ടാകുന്ന വീഴ്ചകളെയോ കുറ്റങ്ങളെയോ അപലപിച്ചിട്ടെന്ത് ഫലം എന്ന തോന്നലുമുണ്ടായിപ്പോകുമല്ലോ ചിലര്‍ക്കെങ്കിലും. ആരുടെ ചെയ്തികളെയും വീക്ഷിക്കാന്‍ ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന അറിയിപ്പുബോര്ഡ് വയ്ക്കുന്ന, വയ്ക്കേണ്ടുന്ന കാലമുണ്ടാവുകയാണ്. ക്യാമറകളുടെ ധാരാളിത്തംകൊണ്ടും നിരീക്ഷണ അറിയിപ്പു ബോര്ഡുകള്കൊണ്ടും മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ കാണാനാവാത്ത നിലയുണ്ടാകുമെന്ന സ്ഥിതിവരാം. അപ്പോഴും ‘ലംഘനങ്ങള്‍’ തുടരുകയും ചെയ്യാം. പക്ഷേ, വലിയൊരു നിരീക്ഷണ ക്യാമറ എവിടെയോ ഉണ്ടെന്നും ആ നിരീക്ഷകന് അല്ലെങ്കില്‍ നിരീക്ഷകര്‍ ഓരോരുത്തരുടേതും ചെയ്തികളെല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നും തിരിച്ചറിയുന്ന കണ്ണ് ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാവുന്ന കാലമുണ്ടായാല് കൃത്രിമ ക്യാമറകള്‍ വേണ്ടാതെ വരും. ആ അകക്കണ്ണിനെക്കുറിച്ചാണ് ഹരിനാമ കീര്‍ത്തനത്തില്‍ ഗഹനമായി വിവരിക്കുന്നത്.
”അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനുകണ്ണ്, മനമാകുന്ന കണ്ണ,തിന് കണ്ണായിരുന്ന പൊരുള്‍ താനെന്ന് ഉറയ്ക്കുമളവ് ആനന്ദമെന്ത്?” എന്ന് എഴുത്തച്ഛന് ചോദിക്കുന്നത്. എല്ലാം കാണുന്ന ഒരു കണ്ണുണ്ടെന്ന് കാണുന്ന കണ്ണ് ഉണ്ടാവുക!
അതുതന്നെയാണ് മനസ്സാക്ഷി, ധര്‍മ്മബോധം. അത് ഉള്ളിലുണ്ടാവുമ്പോള്‍ കൃത്രിമ ക്യാമറകള്‍ വേണ്ടാതാകും. ചട്ടങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയ്ക്കും അധിക ജോലി ഭാരമില്ലാതിരിക്കും. അനാരോഗ്യകരമായ മത്സരമില്ലാതാകും. സ്വയംപര്യാപ്തരും സ്വയം നിയന്ത്രിതരും സ്വയം ശിക്ഷിതരുമായ ജനതയുടെ ആ സാമൂഹ്യക്രമം സംഭാവ്യമാകുമോ എന്ന സംശയത്തോടെയാവും ഈ ഭാവനയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അതിനുമേല്‍ കടുത്ത, യുക്തികള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ശരാശരി മനുഷ്യ മനസ്സുകളുടെ രീതി. എന്നാല്‍, വിരുദ്ധരുണ്ടെന്നും അവരെ വിനാശം ചെയ്താല്‍ സ്വര്‍ഗലോകം കിട്ടുമെന്നും കേട്ടാല്‍ യുക്തിചിന്തയൊന്നും ഇല്ലാതെ അതിലേക്ക് തിരിയുന്നവരും എത്രയൊക്കെ ദുഷ്ടത കാട്ടിയാലും അവസാന നിമിഷം ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരപാദം പൂകാമെന്ന് വിശ്വസിക്കുന്നവരും കര്മങ്ങളോരോന്നും അപരന്നും സുഖത്തിനാക്കുന്നതാണ് ശരിയായ മാര്‍ഗമെന്ന് തിരിച്ചറിയുന്നില്ല. അതിനാല്‍ത്തന്നെ അകക്കണ്ണുകള്‍ തുറക്കുന്നതിനു പകരം പരസ്പരം സംശയിച്ച് കൃത്രിമ ക്യാമറക്കണ്ണുകള്‍ പ്രതിഷ്ഠിക്കുന്ന തിരക്കിലാകുന്നു ഓരോരുത്തരും!
അപ്പോള്‍ റഷ്യയും ഉക്രൈനും മതിയാക്കിയാലും അശോക ചക്രവര്ത്തിമാര്ക്കുണ്ടായതുപോലെ കിരീടംവെച്ച തലകള്‍ക്ക് തത്വജ്ഞാനം പുലര്‍ന്നാലും അവര്‍ കെടുത്തിയ, കെടുത്തുന്ന പ്രജകളുടെ മനസ്സിലെ വിളക്കുകള്‍ ഇരുട്ടു പരത്തിക്കൊണ്ടിരിക്കും. ‘രക്ഷന്തിസ്മ പരസ്പരം’ എന്ന മന്ത്രസദൃശമായ തത്വങ്ങള്‍ കണ്ടെത്തുകയും അനുശീലിക്കുകയുമാണ് മാര്‍ഗം. പക്ഷേ, ആര്‍ക്കുണ്ട് അതിലേക്ക് ആകര്‍ഷണം. പ്രധാന വിഷയം വേഗംവേണോ, അതിവേഗം വേണോ, അമിത വേഗം വേണോ, അതീത വേഗം വേണോ എന്നതാണിപ്പോള്‍; ഗതി എന്തായാലും ആര്‍ക്കെന്ത് എന്ന ചിന്തയിലാണ് അധോഗതിയെന്നുമാത്രം
പിന്കുറിപ്പ്:
ബഹുകോടി ധനം ചെലവിട്ട് പ്രചാരണം നടത്തി നിര്‍മിക്കുന്ന സിനിമകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന് കിട്ടി, സംഘടിത പരിശ്രമമാവാം ഒരു കാരണം. പക്ഷേ, മോശമാണ് ഉത്പന്നമെങ്കില്‍ ഏറെക്കാലം ഒരേ സ്ഥലത്ത് വില്‍പ്പന നടക്കില്ലല്ലോ. ചിത്രത്തിന്റെ വരവുണ്ടാക്കിയ മറ്റൊരു കാര്യം ശ്രദ്ധിക്കാതെ പോകരുത്. തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് വിവാദമായി കേരളത്തില്‍. ഇപ്പോള്‍ സിനിമയ്ക്കുശേഷം ഒരു സംഘടനയുടെ പ്രാര്‍ത്ഥന പാടുന്ന സ്ഥിതി വന്നു. ഈ മാറ്റത്തിനിടയാക്കിയ മാറ്റങ്ങളും സമൂഹം ചര്‍ച്ച ചെയ്യുന്നു. കോഴിയോ ആദ്യം കോഴിമുട്ടയോ എന്ന ചോദ്യങ്ങളും ഉയരും. അതും ക്യാമറയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: