ബംഗളൂരു: അന്തരിച്ച പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസായി. കര്‍ണാടകയിലെ എല്ലാ തിയെറ്ററുകളും മറ്റു ചിത്രങ്ങള്‍ പിന്‍വലിച്ച് പുനീത് ചിത്രം ജെയിംസ് ആണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എക്കാലത്തെയും വലിയ റിലീസായി ചിത്രം മാറി. പുനീതിന്റെ ജന്മവാര്ഷിക ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്.
അതേസമയം, കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകള്‍ ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ബന്ദ്. അതേസമയം, ബന്ദിന്റെ പേരില്‍ ഏതെങ്കിലും തിയെറ്ററില്‍ പ്രവേശിച്ച് പുനീത് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ തല്ലിയോടിക്കുമെന്ന് ആരാധാകര്‍ അറിയിച്ചിട്ടുണ്ട്. വിവിധ ഫാന്‍സ് പേജുകളിലൂടെ ഇക്കാര്യം മുസ്ലിം സംഘടനകളെ അറിയിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ 01:00 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. വമ്പന്‍ പ്രതികരണത്തോടെയാണ് ചിത്രത്തിന്റെ റിലീസ് നടന്നത്. ആരാധകര്‍ അവരുടെ അപ്പുവിനെ സ്ക്രീനില്‍ കാണാന്‍ തിക്കിത്തിരക്കി. കര്‍ണാടകയില്‍ ഉടനീളം അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളും നടന്നു.
ആരാധകര്‍ മാത്രമല്ല, തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാല്‍ മുതല്‍ വരുണ്‍ തേജ് വരെ, നിരവധി സെലിബ്രിറ്റികള്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പുനീത് രാജ്കുമാറിനും ജെയിംസിനും വേണ്ടി വികാരഭരിതമായി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: