ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടി അമേരിക്കയും ഇസ്രയേലും തള്ളിക്കളഞ്ഞു. ഐസിസിയുടെ തീരുമാനം അടിസ്ഥാനപരമായി തള്ളിക്കളയുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി.
ഇസ്രയേലുമൊത്ത് മുന്നോട്ടുപോകുമെന്നും യുഎസ് വ്യക്തമാക്കി. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐസിസി വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണികളില്‍ ഇസ്രയേലിനൊപ്പം എന്നും നിലകൊള്ളുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഇസ്രയേലിനെയും ഹമാസിനെയും ഒരുപോലെ തുലനം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റ് വാറണ്ട് യുഎസ് നടപ്പാക്കില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു.
ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ ജൂതവിരുദ്ധ തീരുമാനം ഒരു ആധുനിക ഡ്രെഫസ് വിചാരണയാണ്, അത് അതേ രീതിയില്‍ അവസാനിക്കും. ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. 1894നും 1906നും ഇടയില്‍ ഫ്രാന്‍സില്‍ നടന്ന ഒരു രാഷ്ട്രീയ, ജുഡീഷ്യല്‍ അഴിമതിയായ ഡ്രെഫസ് വിചാരണയാണ് നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ചത്.
ആല്‍ഫ്രഡ് ഡ്രെഫസ് എന്ന ജൂത ഫ്രഞ്ച് ആര്‍മി ഓഫീസര്‍ സൈനിക രഹസ്യങ്ങള്‍ ജര്‍മ്മന്‍കാര്‍ക്ക് വിറ്റ രാജ്യദ്രോഹം ആരോപിച്ച് കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടു. പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ഫ്രഞ്ച് സൈന്യത്തില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഈ ക്രൂരമായ കുറ്റം ആവര്‍ത്തിക്കുകയാണ്. സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമ്പോള്‍, ഇസ്രായേല്‍ ഭരണകൂടത്തിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സിവിലിയന്മാരെ ബോധപൂര്‍വം ലക്ഷ്യം വച്ചു എന്ന് തെറ്റായി കുറ്റപ്പെടുത്തുകയാണെന്നും നെതന്യാഹു പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യ പ്രോസിക്യൂട്ടര്‍ കരിം ഖാന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നടന്ന യഥാര്‍ത്ഥ യുദ്ധക്കുറ്റങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം ഐസിസി ജഡ്ജിമാരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരുടെ തലവെട്ടുകയും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും മാതാപിതാക്കളുടെ മുന്നില്‍ നൂറുകണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഗാസയിലെ ഭൂഗര്‍ഭ തടവറകളിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസ് ഭീകരര്‍ക്കെതിരെ കോടതി ഒന്നും ചെയ്തില്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഐസിസിയും അതിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവരും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: