ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പാടില്ലെന്ന് ഉത്തരവുമായി കര്‍ണ്ണാടക ഹൈക്കോടതി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നല്കിയ ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി. ഇതുമായി ബന്ധപ്പെട്ട് നാല് മാസത്തോളമായി കര്‍ണ്ണാടകയില്‍ നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈകോടതി വിശാല ബെഞ്ചാണ് വാദം കേട്ടത്. 11 ദിവസത്തെ വാദ പ്രതിവാദങ്ങള്‍ക്കുശേഷം ഫെബ്രുവരി 25നാണ് അന്തിമ വിധി പറയാനായി കേസ് ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമല്ല, അങ്ങിനെ കണക്കാക്കാന്‍ ആകില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് അനുവദിക്കാത്തിന്റെ പേരില്‍ 250 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്കരിച്ചു. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.
ശിരോവസ്ത്രം ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രധാന വാദം. ഇസ്ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈക്കോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.
ഇന്ന് കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകടനങ്ങള്‍ക്കും ആളുകള്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: