ചെന്നൈ: ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ദൗത്യം (ഓപ്പറേഷന് ഗംഗ) പരാജയപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് പത്രക്കാരാണ്. ഇടതു അനുഭാവികളായ പത്രക്കാര് തലങ്ങും വിലങ്ങും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ചെന്നൈയില്‍ നിന്നുള്ള ഹിന്ദു പത്രത്തിന്റെ ഒരു ഉപസ്ഥാപനത്തില്‍ ജേണലിസ്റ്റായ പാര്‍വ്വതി ബിന്ദു ബേനുവിന്റെ ഒരു വാര്‍ത്ത ഇത്തരത്തില്‍ തെറ്റിദ്ധാരണ വളര്‍ത്താനുള്ള ബോധപൂര്‍വ്വ ശ്രമമായിരുന്നു. ഉക്രൈനിലെ പിസോചിന്‍ നഗരത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയിലാണ് ബിന്ദുവിന്റെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പുറത്തുവന്നത്.
ഖാര്‍കിവ് പ്രവിശ്യയിലെ പിസോചിന്‍ പ്രദേശത്ത് കുടുങ്ങിപ്പോയ ചില വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഡിഎംകെയുടെ രാജ്യസഭാ എംപി കനിമൊഴി ശ്രമിച്ചിരുന്നു. ഇതിനായി കനിമൊഴി ജേണലിസ്റ്റായി പാര്‍വ്വതി ബിന്ദു ബേനുവിനോട് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. കനിമൊഴി ഈ വിഷയത്തില്‍ താല്പര്യം കാട്ടിയതോടെ ബിന്ദു ഈ വാര്‍ത്തയെ സ്വന്തം ഭാവനയുടെ നിറം പിടിപ്പിച്ച് മറ്റൊന്നാക്കി മാറ്റി. പിസോചിന്‍ മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരിട്ട് സംവിധാനങ്ങളൊരുക്കുമെന്നായിരുന്നു അടുത്ത ദിവസം ബിന്ദു നല്കിയ വാര്‍ത്ത. അതും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുമെന്നായിരുന്നു ഹിന്ദു ബിസിനസ് ലൈനില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത. ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ താഴ്ത്തിക്കെട്ടുക, ഒപ്പം തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുക എന്നീ രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു.
എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിസോചിനില്‍ നിന്നും ഒഴിപ്പിക്കാന്‍ ബസ് ഏര്‍പ്പെടുത്തിയി്ട്ടുണ്ടോ എന്ന വസ്തുത പരിശോധിക്കാതെയായിരുന്നു ഈ ജേണലിസ്റ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പിസോചിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ബസ് ഏര്‍പ്പെടുത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രാലയമായിരുന്നു. അല്ലാതെ ഹിന്ദു ബിസിനസ് ലൈനിന്റെ ജേണലിസ്റ്റ് അവകാശപ്പെട്ടതുപോലെ ഡിഎംകെ സര്‍ക്കാര്‍ ആയിരുന്നില്ല.
അടുത്ത ദിവസം വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചിയുടെ അറിയിപ്പ് വന്നു. ‘ഖാര്‍കീവില്‍ ചില വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്. അതില്‍ പിസോചിന്‍ മേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് ബസുകള്‍ കാത്ത് നില്‍ക്കുകയാണ്’. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പിസോചിനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസുകളില്‍ ഒഴിപ്പിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ വന്നിരുന്നു. പിസോചിനില്‍ കുടുങ്ങിയ 298 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ടെന്നും ഇവരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏത് സമയത്തും അത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എടുക്കാന്‍ എത്തിച്ചേരുമെന്നും അറിയിച്ചു.
ബസുകള്‍ എല്ലാം ഒരുക്കിയത് വിദേശകാര്യമന്ത്രാലയമാണ്. അതും കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍. ഇതില്‍ തമിഴ്നാട് സര്‍ക്കാരിന് ഒരു പങ്കുമില്ല. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മറ്റൊരു രാജ്യത്ത് നിന്നും ഒഴിപ്പിക്കാന്‍ കര്‍ശനമായ പ്രൊട്ടോക്കോള്‍ ഉണ്ട്. അല്ലാതെ ഒരു സംസ്ഥാനത്തിന് നേരിട്ട് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ആവില്ല. വസ്തുതകള്‍ ഇതായിരിക്കേ യാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത നുണകള്‍ പ്രചരിപ്പിക്കാന്‍ ചില ജേണലിസ്റ്റുകള്‍ ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: