തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ കീഴില്‍ നടപ്പിലാക്കുന്ന അടല്‍ ടിങ്കറിങ് ലാബ് പദ്ധതിയും പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍ മേനി പറയുന്നു. ശാസ്ത്ര സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ഥികളുടെ സംഭാവന ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പതിനായിരം വിദ്യാലയങ്ങളിലാണ് അടല്‍ ടിങ്കറിങ് ലാബ് പദ്ധതി ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ നടപ്പിലാക്കി വരുന്നത്.
കുട്ടികള്‍ ചിന്തിക്കുക മാത്രമല്ല ചിന്തയില്‍ വിരിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അടല്‍ എന്ന പേര് ഒഴിവാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് വാങ്ങി ടിങ്കറിങ് ലാബ് എന്ന് മാത്രമാക്കി പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്പേയിയുടെ സ്വപ്നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ മോദിസര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, ഗണിതം എന്നീ വിഷയങ്ങള്‍ കൂടുതല്‍ പഠിക്കാനും ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടാനും കുട്ടികളെ പദ്ധതി സഹായിക്കും. കെട്ടിട സൗകര്യം നല്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുക. മുപ്പത് ലക്ഷം രൂപവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കും.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കാരണം സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് അടല്‍ ടിങ്കറിങ് ലാബ് കൈയെത്താ ദൂരത്താണ്. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനമായി 257 വിദ്യാലയങ്ങളില്‍ ലാബുകള്‍ അനുവദിച്ചതില്‍ സംസ്ഥാനത്തിന് ലഭ്യമായത് 17 സ്കൂളുകളിലാണ്. ഇതില്‍ ഒരു സര്‍ക്കാര്‍ സ്കൂളിനാണ് പദ്ധതി ലഭിച്ചത്. നിതി ആയോഗ് നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇല്ല.
കൂടാതെ അടല്‍ബിഹാരി വാജ്പേയിയുടെ പേരിലായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചില്ല. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളും അണ് എയ്ഡഡ്, എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: