കാസര്‍കോട്: വ്യവസായ സംരംഭം തുടങ്ങാന്‍ അനുമതി നിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ. മാത്രമല്ല അനധികൃമായി പ്രവര്‍ത്തിക്കുന്നുവെന്ന കാരണം പറഞ്ഞ് അടച്ച് പൂട്ടാന്‍ നോട്ടീസ്. പ്രൊപ്രൈറ്ററായ ടി.വി.പ്രകാശന്, ടി.വി.രമേശന്, സി.കെ.സുമഞ്ചയന് എന്നിവര്‍ ചേര്‍ന്ന് തുടങ്ങുന്ന വ്യവസായ സംരംഭമായ വുഡ്ലുക്ക് സിഎന്‍സി എന്ന സ്ഥാപനത്തിനെതിരെയാണ് സിപിഎം നേതൃത്വം നല്കുന്ന കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ തടസം നില്‍ക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭയില്‍പെട്ട പടന്നക്കാട് 2018 ഏപ്രില്‍ ആറിനാണ് വുഡ്ലുക്ക് സിഎന്‍സി കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് മെഷീനില്‍ കൊത്തുപണിയെടുക്കുന്ന സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ദേശീയപാതാ വികസനം കാരണം 2020 മാര്‍ച്ചില്‍ നീലേശ്വരത്തേക്ക് മാറ്റുകയായിരുന്നു. കൊവിഡും ലോക്ഡൗണും കാരണം 2021 ഏപ്രിലില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വൈനിങ്ങാലിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനായില്ല.
ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്പയെടുത്താണ് സ്ഥാപനം തുടങ്ങിയത്. വ്യവസായ ഓഫീസില്‍ നിന്ന് ഉദയം രജിസ്ട്രേഷനും എടുത്തിരുന്നു. മുനിസിപ്പല്‍ ലൈസന്‍സിനായി എല്ലാ രേഖകളും നല്‍കുകയും ഓണ്‍ലൈനായി അപേക്ഷിച്ച് 500 രൂപ ഫീസടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ മുനിസിപ്പാല്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും, വനം വകുപ്പിന്റെ രേഖകളുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വനം വകുപ്പ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. നാല് എച്ച്പി മാത്രമുള്ള സിഎന്‍സി മെഷീനാണ് സ്ഥാപനത്തില്‍ ഉപയോഗിക്കുന്നത്. അഞ്ച് എച്ച്പിക്ക് താഴെയുള്ള മെഷീന് വെക്കുന്ന സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നും, വ്യവസായ കേന്ദ്രം ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു.
മുനിസിപ്പല്‍ ലൈസന്‍സിനായി എല്ലാ രേഖകളും സമര്‍പ്പിക്കുകയും ഫീസടക്കുകയും ചെയ്തിട്ടും ലൈസന്‍സ് നല്‍കാതെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ 532(1),532(V) എന്നീവകുപ്പുകള്‍ പ്രകാരം അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. കൂടാതെ സെക്ഷന്‍ 545 പ്രകാരം പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യവസായ സംരംഭത്തിന് പ്രോത്സാഹനം നല്‍കുന്നതിന് പകരം ആത്മഹത്യയിലേക്ക് തങ്ങളെ നഗരസഭ അധികൃതര്‍ തള്ളിവിടുകയാണെന്നും പ്രകാശന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: